ഹംദല്ല ഹാട്രിക്, അല്‍ഹസയില്‍  ഇത്തിഹാദിന്റെ ഗോള്‍ മഴ

അല്‍ഹസ - അബ്ദുറസാഖ് ഹംദല്ലയുടെ ഹാട്രിക്കില്‍ അല്‍ഫതഹിനെ ഒന്നിനെതിരെ അഞ്ചു ഗോളിന് തകര്‍ത്ത് അല്‍ഇത്തിഹാദ് സൗദി പ്രൊഫഷനല്‍ ലീഗ് ഫുട്‌ബോളില്‍ ലീഡ് വര്‍ധിപ്പിച്ചു. രണ്ടാം സ്ഥാനക്കാരായ അന്നസ്‌റും അബഹയും തമ്മിലുള്ള മത്സരം നടക്കാനിരിക്കെ ഇത്തിഹാദിന് നാല് പോയന്റ് ലീഡായി. സൗദി കിംഗ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അബഹയെ കഴിഞ്ഞയാഴ്ച അന്നസ്ര്‍ അനായാസം തോല്‍പിച്ചിരുന്നു. 
അല്‍ഫതഹ് ആധിപത്യം പുലര്‍ത്തിയ ആദ്യ പകുതിയില്‍ സ്‌കോര്‍ 1-1 ആയിരുന്നു. ഏഴാം മിനിറ്റില്‍ തന്നെ അബ്ദുറസാഖ് ഹംദല്ലയിലൂടെ ഇത്തിഹാദ് മുന്നിലെത്തി. ഇടേവള കഴിഞ്ഞയുടനെ ലഭിച്ച പെനാല്‍ട്ടിയാണ് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഇത്തിഹാദിന് അവസരമൊരുക്കിയത്. ഹംദല്ല തന്നെ സ്‌കോര്‍ ചെയ്തു. അമ്പത്തൊമ്പതാം മിനിറ്റില്‍ അഹമദ് ഷറഹലി മൂന്നാമത്തെ ഗോളടിച്ചു. തൊണ്ണൂറാം  മിനിറ്റില്‍ ഇഗോര്‍ കോറനാഡോയും ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റില്‍ ഹംദല്ലയും അല്‍ഫതഹ് വല കുലുക്കി. 
ഇത്തിഹാദിന് 21 കളികളില്‍ 15 ജയവുമായി 50 പോയന്റായി. അന്നസ്‌റിനെക്കാള്‍ (20 കളികളില്‍ 46) നാല് പോയന്റ് കൂടുതല്‍. അല്‍ഫതഹ് ആറാം സ്ഥാനത്താണ് (21 കളിയില്‍ 32 പോയന്റ്). 

Latest News