Sorry, you need to enable JavaScript to visit this website.

ആശിഖ്: എ.ടി.കെയുടെ കൊള്ളിമീൻ

മലപ്പുറത്തിന്റെ തെരുവിൽ നിന്ന് ഐ.എസ്.എല്ലിലേക്ക് പന്ത് തട്ടി ഇന്ത്യൻ ടീമിന്റെ ഇടതു വിംഗിൽ സ്ഥാനം നേടിയ കളിക്കാരനാണ് ആശിഖ് കുരുണിയൻ. എ.ടി.കെ മോഹൻബഗാനിലെ സാർഥകമായ ഒരു ഐ.എസ്.എൽ സീസണിനാണ് ആശിഖ് വിരാമമിടുന്നത്. പന്ത് കിട്ടിയാൽ മിന്നൽ വേഗത്തിൽ പറക്കുന്ന ആശിഖ് അവസരം കിട്ടിയപ്പോഴൊക്കെ തന്റെ സാധ്യതകൾ തുറന്നിട്ടിട്ടുണ്ട്. എഫ്.സി പുനെയിലും ബംഗളൂരു എഫ്.സിയിലും അവസാനം എ.ടി.കെ മോഹൻബഗാനിലും സ്ഥിരം സ്ഥാനം നേടിയെടുക്കാൻ ആശിഖിന് സാധിച്ചത് അതുകൊണ്ടാണ്. 
പുനെ സിറ്റി എഫ്.സി അക്കാദമിയിലൂടെയാണ് ആശിഖ് വളർന്നത്. ഇരുപതാം വയസ്സിൽ പ്രൊഫഷനലായി അരങ്ങേറിയ ശേഷം തിരിഞ്ഞുനോക്കിയിട്ടില്ല. സ്‌പെയിനിലെ വിയ്യാറയൽ സി-യുടെ ഭാഗമായി പരിശീലനം നടത്താൻ സാധിച്ചത് ആശിഖിന്റെ പ്രതിഭയെ തേച്ചുമിനുക്കി. 2019 ൽ ബംഗളൂരു എഫ്.സിയിലൂടെയാണ് ഐ.എസ്.എല്ലിൽ അരങ്ങേറുന്നത്. നാലു സീസൺ അവർക്കൊപ്പം ചെലവിട്ടു. ഈ സീസണിനു മുമ്പാണ് എ.ടി.കെയിലെത്തിയത്. 2018 ൽ ഇന്ത്യൻ ടീമിൽ അരങ്ങേറി. ഫുട്‌ബോളാണ് തന്റെ ജീവിതമെന്ന് ആശിഖ് പലവുരു പറഞ്ഞിട്ടുണ്ട്. രണ്ട് വിംഗുകളിലും ഫുൾബാക്കായും ആശിഖിന് കളിക്കാൻ സാധിക്കും. എങ്കിലും ഇടതു വിംഗിനോടാണ് താൽപര്യം. ഇന്ത്യയിൽ സൂപ്പർ താരമാവാനുള്ള എല്ലാ ചേരുവയും ആശിഖിനുണ്ടെന്ന് പ്രമുഖ കമന്റേറ്റർ ജോൺ ഹെം പറയുന്നു. ഐ.എസ്.എല്ലിൽ നൂറ് തികയ്ക്കാനൊരുങ്ങുകയാണ് ആശിഖ്. ഇതിനകം എൺപതിലേറെ മത്സരങ്ങളിൽ ജഴ്‌സിയിട്ടു. വിവിധ കോച്ചുമാർക്കു കീഴിൽ, വ്യത്യസ്ത ശൈലികളിൽ കളിക്കാൻ സാധിച്ചത് ആശിഖിന് ഒരുപാട് പരിചയ സമ്പത്ത് പ്രദാനം ചെയ്തു. ഒരേ മത്സരത്തിൽ ലെഫ്റ്റ് വിംഗിലും ലെഫ്റ്റ്ബാക്കായും റൈറ്റ് വിംഗിലും സെന്റർ ബാക്കായും കളിക്കാനാവുമെന്നതാണ് ആശിഖിന്റെ ഗുണമെന്ന് ഐ.എസ്.എൽ നിരീക്ഷകൻ പോൾ മെയ്‌സ്ഫീൽഡ് പറയുന്നു. കമന്റേറ്റർ ആനന്ദ് ത്യാഗിയും വിംഗറെന്ന നിലയിലുള്ള ആശിഖിന്റെ നിലവാരത്തെ പ്രശംസിക്കുന്നു. 
ഇന്ത്യൻ ഫുട്‌ബോളിൽ ആശിഖിനോളം വേഗത്തിൽ ഓടാൻ കഴിയുന്നവർ വിരളമാണ്. കഠിനാധ്വാനത്തിൽ മറ്റാരേക്കാളും പിന്നിലല്ല ആശിഖ്. പന്തയക്കുതിരയെപ്പോലെ 90 മിനിറ്റും അധ്വാനിക്കും. വിജയ തൃഷ്ണയാണ് ആശിഖിന്റെ ഏറ്റവും വലിയ കരുത്തെന്ന് സഹതാരം ലിസ്റ്റൺ കൊളാസൊ കരുതുന്നു. ആശിഖിന്റെ ക്രോസുകളും ബോക്‌സിലേക്ക് കയറാനുള്ള കഴിവുമാണ് മറ്റൊരു സഹതാരം കിയാൻ നസീരിയെ ആകർഷിച്ചത്. 
എ.ടി.കെ കോച്ച് യുവാൻ ഫെറാണ്ടോക്ക് ആശിഖിൽ പൂർണ വിശ്വാസമാണ്. ആദ്യ സീസണിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട കളിക്കാരനാണ് ആശിഖ്. അവസാന വിസിൽ വരെ എതിരാളികളെ മുൾമുനയിൽ നിർത്താൻ സാധിക്കുമെന്നതാണ് ആശിഖിന്റെ കരുത്ത്. ഫുട്‌ബോൾ ബുദ്ധിയാണ് ആശിഖിനെ വേറിട്ടു നിർത്തുന്നതെന്ന് കോച്ച് പറയുന്നു. പൊസിഷനെക്കുറിച്ച് നല്ല ബോധ്യമുണ്ട്. എപ്പോൾ കളി നിയന്ത്രിച്ചു നിർത്തണമെന്നും എപ്പോൾ ആക്രമിക്കണമെന്നും അറിയാം -ഫെറാണ്ടൊ പറഞ്ഞു.

Latest News