Sorry, you need to enable JavaScript to visit this website.

മലയാളി വ്യവസായി പി.എൻ.സി മേനോൻ സമ്പാദ്യത്തിന്റെ പകുതിയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈമാറും

ദുബായ്- മലയാളി വ്യവസായി പി.എൻ.സി മേനോൻ തന്റെ സ്വത്തിന്റെ പകുതി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന സംഭാവന ചെയ്യും. 
ബാംഗ്ലൂർ ആസ്ഥാനമായുള്ള റിയൽ എസ്‌റ്റേറ്റ് കമ്പനിയായ ശോഭ ഡെവലപ്പേഴ്‌സിന്റെ സ്ഥാപകൻ പി.എൻ.സി മേനോൻ തന്റെ സ്വകാര്യ സ്വത്തിന്റെ പകുതി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യും. ഏകദേശം 600 മില്യൺ ഡോളറാണ് മേനോന്റെ ആസ്തി. കഴിഞ്ഞ മാസം, വിപ്രോ ചെയർമാൻ അസിം പ്രേംജി 12,300 കോടി രൂപയുടെ വ്യക്തിഗത ഓഹരികൾ അസിം പ്രേംജി ഫൗണ്ടേഷനിലേക്ക് മാറ്റിയിരുന്നു. ദുബായ് ആസ്ഥാനമായാണ് പി.എൻ.സി മേനോൻ പ്രവർത്തിക്കുന്നത്. ഇന്ത്യയിലും ഒമാനിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് മേനോൻ അറേബ്യൻ ബിസിനസ്സിനോട് പറഞ്ഞു. 'നിങ്ങൾ പണം സമ്പാദിച്ചുകഴിഞ്ഞാൽ, അതെല്ലാം കുടുംബത്തിനായി സൂക്ഷിക്കണമെന്ന് ഞാൻ കരുതുന്നില്ല. അതിൽ വലിയൊരു പങ്ക് സമൂഹത്തിന് നൽകണം. എന്റെ സമ്പാദ്യത്തിന്റെ പകുതി സമൂഹത്തിലേക്ക് പോകണമെന്ന് ഞാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
'എന്റെ കാഴ്ചപ്പാട് വളരെ ലളിതമാണ്. പണം സമ്പാദിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. ഒരു നിശ്ചിത സമയത്തിനുശേഷം, പണത്തിന് നിങ്ങളുടെ ജീവിതത്തിൽ ഒരു മാറ്റവും വരുത്താൻ കഴിയില്ല. അതിനെ ജീവകാരുണ്യമെന്നു പോലും വിളിക്കാനാകില്ല.  പണം സമ്പാദിക്കുന്നത് സമൂഹത്തോടുള്ള ഉത്തരവാദിത്വം നിർവഹിക്കാനും കൂടിയാണെന്നും മേനോൻ പറഞ്ഞു. 

75- കാരനായ മേനോൻ പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിലാണ് ജനിച്ചത്. അച്ഛന് ബിസിനസ് ഉണ്ടായിരുന്ന തൃശ്ശൂരിലാണ് വളർന്നത്. പത്താം വയസ്സിൽ അദ്ദേഹത്തിന് പിതാവിനെ നഷ്ടപ്പെട്ടു. പിന്നീട് ഒരു ഇന്റീരിയർ ഡെക്കറേഷൻ ബിസിനസ് ആരംഭിക്കുന്നതിനായി കോളേജ് പഠനം ഉപേക്ഷിച്ചു.  1976ൽ, ഒരു സുഹൃത്തിന്റെ നിർദ്ദേശപ്രകാരം, അദ്ദേഹം ഒമാനിലേക്ക് ജോലിക്ക് പോയി. അവിടെ ഇന്റീരിയർ ഡെക്കറേഷൻ ബിസിനസ്സ് തുടർന്നു. പിന്നീട് മിഡിൽ ഈസ്റ്റിൽ റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, മാനുഫാക്ചറിംഗ്, ട്രേഡിംഗ് എന്നിവയുൾപ്പെടെ നിരവധി ബിസിനസ്സുകളിലേക്ക് വ്യാപിച്ചു.
1995ൽ ഇന്ത്യയിൽ ശോഭ ഡെവലപ്പേഴ്‌സ് സ്ഥാപിച്ചു. കമ്പനി ഇന്നുവരെ 50 ദശലക്ഷം ചതുരശ്ര അടി പാർപ്പിടവും വാണിജ്യ കേന്ദ്രങ്ങളും ആരംഭിച്ചു. 
ഗ്രാമശോഭ, ശോഭ അക്കാദമി, ശോഭ ഹെൽത്ത് കെയർ, ശോഭ ഹെർമിറ്റേജ്, സോഷ്യൽ വെഡ്ഡിംഗ് പ്രോഗ്രാം തുടങ്ങി ഗ്രാമീണ ദരിദ്രരെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളോടെ കേരളം കേന്ദ്രീകരിച്ച് മേനോൻ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 2011ൽ കമ്പനിക്ക് കോർപ്പറേറ്റ് സിറ്റിസണിനുള്ള മദർ തെരേസ പ്രത്യേക അവാർഡ് ലഭിച്ചു.
2009ൽ, പ്രവാസി ഭാരതീയ സമ്മാന് പുരസ്‌കാരം നൽകി ആദരിക്കപ്പെട്ട മേനോൻ അതേ വർഷം തന്നെ പ്രധാനമന്ത്രിയുടെ വിദേശ ഇന്ത്യക്കാരുടെ ഉപദേശക സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അറേബ്യൻ ബിസിനസ് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പട്ടികയിൽ ഗൾഫ് കോഓപ്പറേഷൻ കൗൺസിലിന്റെ 21ാമത്തെ ഏറ്റവും ധനികനായ ഇന്ത്യക്കാരനാണ് മേനോൻ. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലഭ്യമായ കണക്കുകൾ പ്രകാരം, മേനോന്റെ ലിസ്റ്റുചെയ്ത ഇന്ത്യൻ സ്ഥാപനമായ ശോഭ ഡെവലപ്പേഴ്‌സിലെ പ്രൊമോട്ടർ സമ്പത്ത് 461 മില്യൺ ഡോളറാണ്.
 

Latest News