Sorry, you need to enable JavaScript to visit this website.

ക്രിയാത്മകമാവട്ടെ, വേനലവധിക്കാലം

മുഴുസമയവും സ്മാർട്ട് ഫോണിലേക്ക് മുഖം കുനിച്ച് കണ്ണ് നട്ടിരുന്ന് ശാരീരികാധ്വാനമില്ലാത്ത ഓൺലൈൻ വിനോദങ്ങളിൽ തളച്ചിടപ്പെട്ടാൽ ആരോഗ്യവും ആയുസ്സും ഒരേപോലെ പാഴായി പോവുന്നുണ്ടെന്ന കാര്യം ഡിജിറ്റൽ നേറ്റീവ്‌സ് ആയ  കൗമാരക്കാർ തിരിച്ചറിയുന്നത് നന്ന്.

ബോർഡ് പരീക്ഷകൾ ഏറെക്കുറെ അവസാനിക്കാറായി. കൗമാരം വേനലവധിയിലേക്ക് പ്രവേശിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. കുന്നുകളും താഴ്വാരങ്ങളും പുഴകളും പുളിനങ്ങളും കളിക്കളങ്ങളും വായനശാലകളും   കൗമാരക്കാരുടെ സജീവ സാന്നിധ്യം കൊണ്ട് കൂടുതൽ  സമ്പന്നമാവുകയായി. വന്യ കൗമാരത്തിന്റെ സാഹസികോദ്യമങ്ങൾക്ക് കൂടി ഇവിടങ്ങൾ  കളിയരങ്ങാവുന്ന നാളുകളാണ്  ഇനി വരാനിരിക്കുന്നത്.
മസ്തിഷ്‌കം പൂർണ വളർച്ചയെത്താത്ത കൗമാര പ്രായത്തിൽ വിവിധ തരം ഹോർമോണുകൾ ആറാട്ട് നടത്തുന്ന ശരീരവും മനസ്സുമായി  സാഹസികതയിൽ ഹരം കണ്ടെത്തുന്നവരുടെ എണ്ണം ഈ കാലയളവിൽ  പൊതുവെ കൂടുതലായിരിക്കും.
ചെയ്യുന്ന പ്രവൃത്തികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച്  ചിന്തിക്കാൻ മസ്തിഷ്‌കം വേണ്ടത്ര പാകപ്പെട്ടിട്ടില്ലാത്ത  ഈ പ്രായക്കാരിലാണ് അതംകൊണ്ട് തന്നെ  അപകട സാധ്യത കൂടുതലായും കണ്ട് വരുന്നത്. ഇരുചക്ര വാഹനങ്ങളിൽ അശ്രദ്ധമായി അമിത വേഗത്തിൽ സഞ്ചരിക്കുന്നവർ, പുനരാലോചനയില്ലാതെ, ജലാശയങ്ങളിലും കുന്നിൻമുകളിലും സ്വയം മറന്നുല്ലസിക്കുന്നവരിലധികവും  ഈ പ്രായക്കാരാണ് എന്നത് യാദൃഛികമല്ല.  അവരിൽ പലരും   മുതിർന്നവരുടെയും മാതാപിതാക്കളുടെയും അധികൃതരുടെയും കരുതലുകൾ ലംഘിച്ച് ,കണ്ണ് വെട്ടിച്ച് ചെന്ന് ചാടുന്നത് ജീവഹാനി ഉൾപ്പടെ ഗുരുതരമായ അത്യാഹിതങ്ങളിലേക്കാവാനിടയുണ്ട് എന്ന കാര്യം നിസ്സാരമായി കാണരുത്. വേനലവധി ആരോഗ്യകരമായും സുരക്ഷിതമായും ചെലവഴിക്കണമെങ്കിൽ നല്ല ജാഗ്രത കൂടിയേ തീരൂ. ക്രിയാത്മകമായി വേനലവധി ചെലവഴിക്കാൻ മക്കൾക്ക്  അവസരങ്ങൾ ഒരുക്കുന്നവരായിരിക്കണം ഉത്തരവാദിത്തമുള്ള രക്ഷിതാക്കൾ.
സ്വന്തം ഗ്രാമത്തിന്റെയും പട്ടണങ്ങളുടെയും നീളത്തിലേക്കും വീതിയിലേക്കും സഞ്ചരിക്കുന്നതോടൊപ്പം ജീവിത വൈവിധ്യങ്ങളുടെ കലവറയെ അടുത്തറിയാനും നാട്ടുനന്മകളെയും  പാരമ്പര്യങ്ങളെയും കുറിച്ചന്വേഷിക്കാനും പ്രാദേശിക ചരിത്ര വായന നടത്താനുമെല്ലാം ഏറെ ഉപയോഗപ്പെടുത്താവുന്നതാണ് ഈ ഒഴിവുദിനങ്ങൾ.
വിവിധ കലാകായിക ക്ലബ്ബുകളിൽ അംഗത്വമെടുത്ത് നേതൃപരമായ ഗുണങ്ങൾ വളർത്തിയെടുക്കാനും സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരാവുന്നതും നല്ലതായിരിക്കും.  
മുഴുസമയവും സ്മാർട്ട് ഫോണിലേക്ക് മുഖം കുനിച്ച് കണ്ണ് നട്ടിരുന്ന് ശാരീരികാധ്വാനമില്ലാത്ത ഓൺലൈൻ വിനോദങ്ങളിൽ തളച്ചിടപ്പെട്ടാൽ ആരോഗ്യവും ആയുസ്സും ഒരേപോലെ പാഴായി പോവുന്നുണ്ടെന്ന കാര്യം ഡിജിറ്റൽ നേറ്റീവ്‌സ് ആയ  കൗമാരക്കാർ തിരിച്ചറിയുന്നത് നന്ന്.
കുടുംബത്തിലെയും പരിസര പ്രദേശങ്ങളിലെയും മുതിർന്നവരുമായി കൂടിക്കാഴ്ച നടത്തുന്നതും അവരുടെ ജീവിതാനുഭവങ്ങൾ കേട്ട് മനസ്സിലാക്കുന്നതും പിൽക്കാല ജീവിതത്തിൽ ഏറെ പ്രയോജനപ്പെട്ടേക്കാം.
പ്രകൃതി നിരീക്ഷണം,  വനവൽക്കരണം,  പക്ഷി, പൂമ്പാറ്റ നിരീക്ഷണം, ഉദ്യാന നിർമാണം, പച്ചക്കറിത്തോട്ട പരിപാലനം തുടങ്ങി നിരവധി ഉപകാരപ്രദമായ വിജ്ഞാന വിനോദ പരിപാടികൾക്ക് അനുയോജ്യമായ നാളുകളാണ് വരാനിരിക്കുന്നത്. ലഭ്യമായ ഗ്രന്ഥശാലകളിൽ മെമ്പർഷിപ്പ് എടുത്ത് നല്ല പുസ്തകങ്ങൾ കണ്ടെത്തി വായിച്ച് ആസ്വദിക്കാൻ ആയുസ്സിൽ ലഭിക്കുന്ന ഏറ്റവും അസുലഭമായ നാളുകളാണ് വേനലവധിക്കാലം.
താൽപര്യമുള്ള മേഖലകളിലെ മഹാന്മാരുടെ  ജീവചരിത്രങ്ങളും ആത്മകഥകളും വായിക്കുന്നത്  ഏറെ ഉപകാരപ്പെടും. ചിലരുടെ ആത്മകഥകൾ വായിക്കുന്നത് സ്വയം തിരിച്ചറിയാനും അവർ വ്യവഹരിച്ച ഇടങ്ങളിൽ തൊഴിൽ കണ്ടെത്താനും കർമനിരതരാവാനും പ്രചോദിപ്പിച്ചേക്കാം.
മികച്ച ഒട്ടനവധി ആത്മകഥകളും ജീവചരിത്രങ്ങളും സഞ്ചാര സാഹിത്യങ്ങളും ഇന്ന് പല വായന ശാലകളിലും ലഭ്യമാണ്. സായാഹ്നങ്ങളിൽ നടക്കുന്ന ശാസ്ത്ര സാഹിത്യ ചർച്ചകളിൽ പങ്കെടുക്കാനും വായിച്ച പുസ്തകങ്ങളെ കുറിച്ച്  ചർച്ച നടത്താനും മുന്നിട്ടിറങ്ങണം. മികച്ച സിനിമകൾ കാണാനും
പ്രദർശിപ്പിക്കാനും അവസരമൊരുക്കുന്നതും നല്ലതാണ്.
കൂടാതെ കുക്കറി, ഉൽപന്ന നിർമാണങ്ങൾ, ഫാഷൻ ഡിസൈനിംഗ്, റൊബോട്ടിക്‌സ്, വ്യക്തിത്വ പരിശീലനം, തുടങ്ങിയ മേഖലകളിൽ   ഹ്രസ്വകാല ശിൽപശാലകൾ, ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ച് കൗമാരത്തെ കൂടുതൽ ചൈതന്യവത്താക്കാവുന്നതുമാണ്.

Latest News