ഏകാധിപതീ, നിങ്ങള്‍ മടങ്ങിവരരുത്; നെതന്യാഹുവിനെതിരെ എയര്‍പോര്‍ട്ടില്‍ പ്രതിഷേധം

തെല്‍അവീവ്- ഒളിച്ചോടുന്ന ഏകാധിപതി ഇനി നാട്ടിലേക്ക് മടങ്ങുരതെന്ന മുദ്രാവാക്യം മുഴക്കി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ എയര്‍പോര്‍ട്ടില്‍ പ്രതിഷേധം. ഇസ്രായേല്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന വിവാദ ജുഡീഷ്യല്‍ പരിഷ്‌കാരങ്ങളെ എതിര്‍ക്കുന്നവരാണ് നെതന്യാഹു ജര്‍മ്മനിയിലേക്ക് പുറപ്പെടുന്നതിനായി എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ബെന്‍ഗുറിയോണ്‍ വിമാനത്താവളത്തിലായിരുന്നു അപൂര്‍വ പ്രതിഷേധ പ്രകടനം .
ഏകാധിപതി ഒളിച്ചോടുന്നു, തിരിച്ചുവരരുത് എന്നിങ്ങനെയായിരുന്നു വിമാനത്താവളത്തിന് സമീപം പ്രകടനക്കാര്‍ ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡുകള്‍. ഇസ്രായേലി പതാകകള്‍ വഹിച്ച കാറുകളുടെ ഒരു നിര തന്നെ ടെര്‍മിനലുകള്‍ക്കിടയിലെത്തിയത് ഗതാഗത തടസ്സമുണ്ടാക്കി.  
കേവല ഭൂരിപക്ഷ വോട്ടോടെ സുപ്രീം കോടതി വിധികള്‍ റദ്ദാക്കാന്‍ നിയമനിര്‍മ്മാതാക്കളെ അനുവദിക്കുന്ന പുതിയ നിയമം ഇസ്രായേല്‍ പാര്‍ലമെന്റായ  നെസെറ്റ് അംഗീകാരം നല്‍കിയിരിക്കയാണ്.
തീവ്ര വലതുപക്ഷ യാഥാസ്തിക പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന നെതന്യാഹുവിന്റെ സര്‍ക്കാര്‍ ജനുവരിയിലാണ് ജുഡീഷ്യറിയെ അട്ടിമറിക്കാനുള്ള നീക്കം ആരംഭിച്ചതും ബില്‍ അവതരിപ്പിച്ചതും. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുമേല്‍ ജുഡീഷ്യറിക്ക് കൂടുതല്‍ അധികാരം നല്‍കുന്നത് ഒഴിവാക്കി സന്തുലിതത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് നെതന്യാഹു അവകാശപ്പെടുന്നത്.
രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടയിലാണ് ബ്രിട്ടനിലേക്ക് പോകാനെത്തിയ  നെതന്യാഹു എയര്‍പോര്‍ട്ടിലും മുദ്രാവാക്യങ്ങള്‍ നേരിട്ടത്.
ജുഡീഷ്യറിയെ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രാജ്യത്ത് 10 ആഴ്ചയായി  പ്രതിഷേധം തുടരുകയാണ്. പരിഷ്‌കരണ പാക്കേജ് ഇസ്രായേലിന്റെ ലിബറല്‍ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നതാണെന്ന്  വിമര്‍ശകര്‍ ആശങ്കപ്പെടുന്നു.
അഴിമതിയാരോപണങ്ങള്‍ നേരിടുന്ന ഇസ്രായേല്‍ പ്രധാനമന്ത്രിയെ സംരക്ഷിക്കാനാണ് നിര്‍ദിഷ്ട മാറ്റങ്ങളെന്നാണ് ആരോപണം. വിമാനത്താവളത്തില്‍ ക്രൈം മിനിസറ്റര്‍ എന്ന ബോര്‍ഡും പ്രധാനമന്ത്രിക്കെതിരെ ഉയര്‍ത്തിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News