കാഷ്യറാക്കിയപ്പോൾ വലിവ് തുടങ്ങി; പ്രവാസി ബാർബർ 38,000 ദിര്‍ഹം നല്‍കണം

അല്‍ഐന്‍-ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്യുമ്പോള്‍ 35,000 ദിര്‍ഹം വലിച്ച ഏഷന്‍ പ്രവാസിക്ക് കോടതി പിഴ ശിക്ഷ വിധിച്ചു. ഉടമ അറിയാതെ തട്ടിയ 35,000 ദിര്‍ഹം ബാര്‍ബര്‍ഷാപ്പ് ഉടമക്ക് തിരികെ നല്‍കണമെന്നും 3000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കണമെന്നും  അല്‍ഐന്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് സിവില്‍ കോടതി ഉത്തരവിട്ടു.  
ബാര്‍ബര്‍ഷോപ്പില്‍ കാഷ്യര്‍ കൂടിയായിരുന്ന ജീവനക്കാരനെതിരെ ഉടമ  കേസ് ഫയല്‍ ചെയ്യുകയായിരുന്നുവെന്ന് ഔദ്യോഗിക കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ബാര്‍ബര്‍ തനിക്കുണ്ടാക്കിയ നഷ്ടത്തിന് നഷ്ടപരിഹാരമായി 15,000 ദിര്‍ഹം കൂടി ഉടമ ആവശ്യപ്പെട്ടിരുന്നു.
സലൂണില്‍ ബാര്‍ബറായി ജോലി ചെയ്തിരുന്ന ഏഷ്യക്കാരനെ കാഷ് കൂടി കൈകാര്യം അനുവദിച്ചതോടെയാണ് പണം വലിച്ചതെന്ന് പരാതിയില്‍ പറഞ്ഞു.  സലൂണിലെ കാഷ്യര്‍ സ്ഥാനം മുതലെടുത്താണ് 35,000 ദിര്‍ഹം തട്ടിയെടുത്തത്.
അതേസമയം, തെറ്റിദ്ധാരണകളെ തുടര്‍ന്നാണ് ബാര്‍ബര്‍ ഷോപ്പ് ഉടമ തനിക്കെതിരെ കേസ് ഫയല്‍ ചെയ്തതെന്നും ജോലിയില്‍ നിന്ന് രാജിവെച്ചതിനാലാണ് കേസില്‍ കുടുക്കിയതെന്നും ബാര്‍ബര്‍ വാദിച്ചു. രാജിവെച്ചതിനെ തുടര്‍ന്ന് സേവനകാലാവസാന ആനുകൂല്യങ്ങള്‍ ചോദിച്ചതും ഉടമയുടെ പ്രതികാരത്തിനു കാരണമായെന്ന് പ്രതി കോടതിയില്‍ ബോധിപ്പിച്ചു.  
ആഴ്ചതോറും കാഷ് വിവരങ്ങള്‍ ബോസിന് റിപ്പോര്‍ട്ട് ചെയ്യാറുണ്ടെന്നും സലൂണില്‍നിന്ന് പണമൊന്നും എടുത്തിട്ടില്ലെന്നും പ്രതി പറഞ്ഞു.
തട്ടിപ്പ് നടത്തിയതിന് ബാര്‍ബര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അല്‍ ഐന്‍ ക്രിമിനല്‍ കോടതി നേരത്തെ പ്രതിയെ ശിക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടമ സിവില്‍ കേസ് ഫയല്‍ ചെയ്തു.
ഇരുഭാഗത്തിന്റേയും വാദം കേട്ടതിനു ശേഷം  ക്രിമിനല്‍ കോടതി വിധിയുടെ കൂടി അടിസ്ഥാനത്തിലാണ് സിവില്‍ കോടതി ജഡ്ജി  38,000 ദിര്‍ഹം ഹരജിക്കാരന് നല്‍കാന്‍ പ്രതിയോട് ഉത്തരവിട്ടത്.  
പരാതിക്കാരന്റെ കോടതി ചെലവുകളും പ്രതി വഹിക്കണം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News