Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരള ബ്ലാസ്റ്റേഴ്സിന്റെ ബഹിഷ്‌കരണം; കോച്ച് ഇവാൻ വുകുമനോവിച്ചിന് എ.ഐ.എഫ്.എഫ് നോട്ടീസ്

ന്യൂദൽഹി - ഐ.എസ്.എൽ 2023 സീസണിൽ ബെംഗളൂരു എഫ്.സിയുമായുള്ള നിർണായക മത്സരത്തിലെ വിവാദ ഗോളിനെ തുടർന്ന് റഫറിയിംഗിൽ പ്രതിഷേധിച്ച് ടീമിനെ പിൻവലിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകുമനോവിച്ചിന് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) നോട്ടീസ് നൽകിയതായി റിപ്പോർട്ട്. കളിക്കളത്തിൽ റഫറിയുടെ തീരുമാനം അന്തിമമാണെന്നിരിക്കെ, കേരള കോച്ച് മത്സരത്തെ അപകീർത്തിപ്പെടുത്തിയെന്നാണ് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ കണ്ടെത്തൽ. തുടർന്നാണ് വാക്കൗട്ട് ചെയ്തതിന് പരിശീലകന് നോട്ടീസ് അയച്ചതെന്നാണ് വിവരം.
എ.ഐ.എഫ്.എഫിന്റെ 2021-ലെ ഡിസ്സിപ്ലിനറി കോഡിലെ സെക്ഷൻ രണ്ട് പ്രകാരമുള്ള നടപടികളാണ് ഇവാനെതിരെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. അച്ചടക്കം സംബന്ധിച്ച നിയമങ്ങളിൽ മത്സരത്തെ അപകീർത്തിപ്പെടുത്തുക എന്ന സെക്ഷനിലെ എല്ലാ ഉപവകുപ്പുകളും കോച്ചനെതിരെ ചുമത്തിയതായാണ് സൂചന. കളിയെ അപമാനിക്കുക, ഏതെങ്കിലും വ്യക്തിയെ അപമാനിക്കുക, ഫെയർ പ്ലെ നിയമങ്ങൾ ലംഘിക്കുക. സ്‌പോർട്ടിങ്ങിനെതിരെയുള്ള പെരുമാറ്റത്തിൽ ഏർപ്പെടുക എന്നിവയാണ് ഉപവകുപ്പുകൾ. ഇതുമായി ബന്ധപ്പെട്ട ശിക്ഷ എ.ഐ.എഫ്.എഫിന്റെ അച്ചടക്ക സമിതിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരിക്കും സ്വീകരിക്കുക. കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ വിശദീകരണം ലഭിച്ച ശേഷമാകും തുടർ നടപടികൾ.
 ഐ.എസ്.എല്ലിലെ തെറ്റായ റഫറിയിംഗിനെതിരെ നിരവധി പരാതികൾ ഉയർന്നെങ്കിലും എല്ലാം റഫറിയുടെ തീരുമാനം അന്തിമമെന്ന നിലയ്ക്ക് തെറ്റ് തിരുത്തൽ നടപടികൾ ഒന്നുപോലും സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ബെംഗളൂരുമായുള്ള ബ്ലാസ്‌റ്റേഴ്‌സ് കളിയിൽ അനുവദിച്ച വിവാദ ഫ്രീ കിക്ക് ഗോൾ അംഗീകരിക്കാനാവില്ലെന്നും റഫറി ക്രിസ്റ്റൽ ജോണിനെതിരെ നടപടി സ്വീകരിക്കണമെന്നും മത്സരം വീണ്ടും നടത്തണമെന്നുമുള്ള കേരളത്തിന്റെ ആവശ്യവും എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി തള്ളിയിരുന്നു. 
 നീതി ലഭിക്കണമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം നിരാകരിച്ച സ്ഥിതിക്ക് ഫെഡറേഷൻ സ്വീകരിക്കുന്ന അച്ചട നടപടി എന്താകുമെന്ന് കാത്തിരിക്കുകയാണ് ഫുട്ബാൾ ആരാധകർ. ബ്ലാസ്റ്റേഴ്‌സ് നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒത്തിരി പേർ രംഗത്തുവന്നെങ്കിലും മോശം റഫറിയിംഗ് തിരുത്താനുള്ള നടപടികളൊന്നും ഫെഡറേഷൻ സ്വീകരിക്കാത്തത് വ്യാപകമായ ജനരോഷം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. എന്തായാലും ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമനോവിച്ചിന്റെ മറുപടിക്കു ശേഷമാവും ഫെഡറേഷൻ അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

Latest News