Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വ്യോമയാന മേഖലയില്‍ സ്വദേശിവല്‍ക്കരണത്തിന് തുടക്കം

റിയാദ് - ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് വ്യോമയാന മേഖലയില്‍ ഏതാനും തൊഴിലുകള്‍ സൗദിവല്‍ക്കരിക്കാനുള്ള തീരുമാനത്തിന്റെ ആദ്യ ഘട്ടം  പ്രാബല്യത്തില്‍വന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഏതാനും തൊഴിലുകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കാന്‍ നേരത്തെ അനുവദിച്ച സാവകാശം അവസാനിച്ചതോടെയാണിത്. സ്വദേശികള്‍ക്ക് ആകര്‍ഷകവും ഉല്‍പാദനക്ഷമവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് വ്യോമയാന മേഖലയില്‍ ഏതാനും തൊഴിലുകളില്‍ സൗദിവല്‍ക്കരിക്കരണം നിര്‍ബന്ധമാക്കിയത്.
എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, എയര്‍ നാവിഗേറ്റര്‍, ഗ്രൗണ്ട് മൂവ്‌മെന്റ് കോ-ഓര്‍ഡിനേറ്റര്‍, കോ-പൈലറ്റ് എന്നീ തൊഴിലുകള്‍ സൗദികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഫിക്‌സഡ് വിംഗ് പൈലറ്റ് തൊഴിലുകളില്‍ 60 ശതമാനവും സ്റ്റ്യുവാര്‍ഡ് തൊഴിലുകളില്‍ 50 ശതമാനവും സൗദിവല്‍ക്കരണം ഈ ഘട്ടത്തില്‍ നടപ്പാക്കല്‍ നിര്‍ബന്ധമാണ്. വ്യോമയാന മേഖലയില്‍ സൗദിവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ട തൊഴിലുകളില്‍ അഞ്ചും അതില്‍ കൂടുതലും ജീവനക്കാരുള്ള മുഴുവന്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്കും പുതിയ തീരുമാനം ബാധകമാണ്.
സൗദി ജീവനക്കാരുടെ വേതന വിഹിതം വഹിക്കല്‍, പരിശീലനം നല്‍കല്‍ എന്നിവ അടക്കം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ഒരുകൂട്ടം പ്രോത്സാഹനങ്ങളും പിന്തുണകളും നല്‍കും. ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രാലയവുമായും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനുമായും സഹകരിച്ചാണ് വ്യോമയാന മേഖലയില്‍ ഏതാനും തൊഴിലുകള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സൗദിവല്‍ക്കരിക്കുന്നത്. സ്വദേശിവല്‍ക്കരണ തീരുമാനം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News