മനുഷ്യര്‍ തെരുവുകളില്‍ പിടഞ്ഞുവീണ് മരിച്ച ദുരന്തരാത്രി... ഭോപാല്‍ ഇരകള്‍ക്ക് ഇനിയൊന്നും കിട്ടില്ല

ന്യൂദല്‍ഹി- 1984 ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഇരകള്‍ക്ക് യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷനില്‍നിന്ന് അധിക നഷ്ടപരിഹാരം ആവശ്യപ്പെട്ടുളള കേന്ദ്രത്തിന്റെ തിരുത്തല്‍ ഹരജി സുപ്രീം കോടതി തളളി. 1989 ലെ ഒത്തുതീര്‍പ്പില്‍ അമേരിക്കന്‍ സ്ഥാപനമായ യൂണിയന്‍ കാര്‍ബൈഡ് അടച്ച 470 മില്യണ്‍ ഡോളറിനു പുറമെ മറ്റൊരു 7844 കോടി രൂപ കൂടി നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ഭോപ്പാലിലെ പ്ലാന്റിലുണ്ടായ മീഥൈല്‍ ഐസോസയനേറ്റ് വാതക ചോര്‍ച്ചയെത്തുടര്‍ന്ന് മൂവായിരത്തിലധികം ആളുകള്‍ മരണപ്പെടുകയും നിരവധിപേര്‍ക്ക് അംഗവൈകല്യം ഉണ്ടാകുകയും ചെയ്തിരുന്നു.
ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. വഞ്ചനയുടെ പേരില്‍ മാത്രമേ ഒത്തുതീര്‍പ്പ് കേസ് പരിഗണിക്കാനാകുവെന്നും എന്നാല്‍ വഞ്ചിച്ചതായി സര്‍ക്കാര്‍ വാദിച്ചിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. രണ്ട് പതിറ്റാണ്ടിന് ശേഷം ഈ വിഷയം ഉന്നയിക്കുന്നതില്‍  യുക്തിയില്ല, ഇക്കാര്യത്തില്‍ കേന്ദ്രത്തോട് അതൃപ്തിയുണ്ട്. അധിക നഷ്ടപരിഹാരം എന്ന കേന്ദ്രത്തിന്റെ അപേക്ഷക്ക് നിയമപ്രകാരം അടിസ്ഥാനമില്ലെന്നും കോടതി പറഞ്ഞു.
തീര്‍പ്പാക്കാത്ത നഷ്ടപരിഹാര ക്ലെയിമുകള്‍ ക്ലിയര്‍ ചെയ്യുന്നതിന് റിസര്‍വ് ബാങ്കിന്റെ പക്കലുളള 50 കോടി രൂപ ഉപയോഗിക്കണമെന്നും ബെഞ്ച് പറഞ്ഞു. ഒപ്പം മാരകമായ വാതക ചോര്‍ച്ചയുടെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ കേന്ദ്രത്തിനുണ്ടയ അനാസ്ഥയെയും കോടതി കുറ്റപ്പെടുത്തി.

1984 ഡിസംബര്‍ രണ്ടിനും മൂന്നിനും ഇടക്കുള്ള രാത്രിയില്‍, അമേരിക്കന്‍ സ്ഥാപനമായ യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്റെ ഇന്ത്യന്‍ ഉപസ്ഥാപനമായ യൂണിയന്‍ കാര്‍ബൈഡ് എന്ന കീടനാശിനി പ്ലാന്റില്‍ നിന്നും ടണ്‍ കണക്കിന് വിഷവാതകമായ മീഥൈല്‍ ഐസോസൈനേറ്റ് ചോരുകയായിരുന്നു.
ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ പ്ലാന്റ് നമ്പര്‍ സിയിലായിരുന്നു സംഭവം. റിപ്പോര്‍ട്ട് പ്രകാരം 42 ടണ്‍ മീഥൈല്‍ ഐസോസൈനേറ്റ് അടങ്ങിയ ടാങ്ക് നമ്പര്‍ 610ല്‍ വെള്ളം കയറിയപ്പോഴാണ് ചോര്‍ച്ചയുണ്ടായത്.
അന്തരീക്ഷത്തിലേക്ക് ഉയരുന്ന വിഷാംശമുള്ള വാതകം പുറന്തള്ളുന്ന ഒരു രാസപ്രവര്‍ത്തനം തന്നെ അവിടെ നടന്നു. വാതകമേഘത്തില്‍ വിഷവാതമായ മീഥൈല്‍ ഐസോസൈനേറ്റിന് പുറമെ കാര്‍ബണ്‍ മോണോക്‌സൈഡും, ഹൈഡ്രജന്‍ സയനൈഡും മറ്റ് വാതകങ്ങളും ഉള്‍പ്പെടും. ഇവയെല്ലാം തന്നെ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും അങ്ങേയറ്റം വിഷമുള്ളതാണ്.
രാവിലെ തണുത്ത കാറ്റ് വീശിയടിച്ചപ്പോള്‍, അത് വിഷവാതകത്തേയും വഹിച്ചു കൊണ്ട് നഗരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ എത്തിക്കുകയും ജനങ്ങളെ കൊല്ലുകയും ചെയ്തു.
ജനങ്ങള്‍ ഉണര്‍ന്നപ്പോഴോ അല്ലെങ്കില്‍ ഉറങ്ങുമ്പോഴോ മരിച്ചുവീഴുകയായിരുന്നു. മധ്യപ്രദേശ് സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഭോപ്പാലിലും പരിസര പ്രദേശത്തുമായി 3,787 പേരാണ് ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. പക്ഷേ, മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം യഥാര്‍ത്ഥ മരണസംഖ്യ 16,000നും 30,000 നും ഇടയിലാണെന്നും പരിക്കേറ്റവരുടെ എണ്ണം 500,000 അടുത്താണെന്നും കണക്കാക്കുന്നു. വിഷവാതക ചോര്‍ച്ചയില്‍ 5 ലക്ഷത്തോളം പേര്‍ മരിച്ചുവെന്നു ഫസ്റ്റ് പോസ്റ്റ് വാര്‍ത്ത നല്‍കിയിട്ടുണ്ട്.
ഭയാനകമായ മരണസംഖ്യ കൂടാതെ വാതക ചോര്‍ച്ച ഭോപ്പാലിലെ ജനസംഖ്യയില്‍ മായാത്ത മുദ്ര തന്നെ പതിപ്പിച്ചു. ചോര്‍ച്ചക്ക് ശേഷമുള്ള ഘട്ടത്തില്‍ നഗരത്തിലെ പകുതിയിലധികം ജനങ്ങള്‍ക്കും ചുമ, ചൊറിച്ചില്‍, കണ്ണുകളിലും, ചര്‍മ്മത്തിലും, ശ്വസനത്തിനും മറ്റുമായി പ്രശ്‌നങ്ങള്‍ നേരിട്ടു. പലര്‍ക്കും അന്ധതയും അള്‍സറും ബാധിച്ചു. പതിനായിരക്കണക്കിന് ആളുകളാണ് സമാന രോഗാവസ്ഥ തങ്ങള്‍ക്കുണ്ടെന്ന് പരാതിപ്പെട്ടത്.
അക്കാലത്ത് ഭോപ്പാലില്‍ അധികം ആശുപത്രികള്‍ ഉണ്ടായിരുന്നില്ല. രണ്ട് സര്‍ക്കാര്‍ ആശുപത്രികള്‍ക്കും നഗരത്തിലെ ജനസംഖ്യയുടെ പകുതിയോളം പേരെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ഇതെന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന കാര്യത്തില്‍ ഉണ്ടായ ആശയക്കുഴപ്പവും ആളുകളെ കുറേക്കൂടി ദുരിതത്തിലാക്കി. പുതിയതായി വരുന്ന ഓരോ രോഗികള്‍ക്കും ഉണ്ടായിട്ടുള്ള അസുഖത്തിന്റെ കാരണമെന്തെന്നറിയാതെ ഡോക്ടര്‍മാരും ആശുപത്രി അധികൃതരും കുഴഞ്ഞു.
വാതകം ശ്വസിച്ചവരില്‍ പലരും ശാരീരികവും മാനസികവുമായ വൈകല്യമുള്ള കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ തുടങ്ങി. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ജനിച്ച കുട്ടികള്‍ക്കെല്ലാം കൈകളും കാലുകളും വളഞ്ഞിരിക്കുകയും, അധിക അവയവങ്ങളോ, ശരീരഭാഗങ്ങളോ ഉണ്ടാകുകയോ ഇല്ലാതാവുകയോ ഉള്ള അവസ്ഥകള്‍ ഉണ്ടായി. മസ്‌കുലോസ്‌കെലെറ്റല്‍ തകരാറുകള്‍, മസ്തിഷ്‌കക്ഷതം, ഭാരക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും അവര്‍ നേരിട്ടു. ചാപിള്ളകള്‍ ജനിക്കുന്നതും നവജാത ശിശുമരണനിരക്കും യഥാക്രമം 300 ശതമാനവും 200 ശതമാനവും വര്‍ധിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് സര്‍ക്കാര്‍ അധികനഷ്ടപരിഹാരത്തിനായി പരിശ്രമിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

 

Latest News