തിരുവനന്തപുരം - ന്യൂനപക്ഷങ്ങളെ അടുപ്പിക്കാന്‍ ബി.ജെ.പി ആരംഭിക്കുന്ന പ്രത്യേക പരിപാടിക്ക് എത്രത്തോളം സാധ്യതയെന്ന് സംശയം. മുസ്‌ലിം, ക്രിസ്ത്യന്‍ കുടുംബങ്ങളുമായി വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. ഇതിനായി ഈസ്റ്ററിന് ക്രിസ്ത്യന്‍ ഭവനങ്ങളും ഈദിന് മുസ്‌ലിം ഭവനങ്ങളും സന്ദര്‍ശിക്കാനും സമ്മാനങ്ങള്‍ നല്‍കാനും പാര്‍ട്ടി പദ്ധതി തയാറാക്കുകയാണ്.
എന്നാല്‍ ഉത്തരേന്ത്യയില്‍ ക്രിസ്ത്യന്‍ പള്ളികളും സ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുകയും പുരോഹിതന്മാരും കന്യാസ്ത്രീകളും ആക്രമണത്തിനിരയാവുകയും ചെയ്യുന്നത് ക്രിസ്ത്യാനികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കുറച്ചുനാളായി ഇത്തരം സംഭവങ്ങള്‍ തുടരുമ്പോള്‍ മൗനം പാലിച്ചിരുന്ന ക്രിസ്ത്യന്‍ സമുദായം ഈയിടെ ദല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു. ക്രിസ്ത്യന്‍ വോട്ടുകള്‍ കൈക്കലാക്കിയാല്‍ കേരളം പിടിക്കാമെന്ന് ബി.ജെ.പിക്കറിയാമെങ്കിലും അങ്ങനെ സംഭവിച്ചതിന് ശേഷം തങ്ങളുടെ ഗതിയെന്തായിരിക്കുമെന്ന കാര്യത്തില്‍ സഭാ വിശ്വാസികള്‍ക്ക് സംശയമുണ്ട്. അതിനാല്‍ തന്നെ ഈ പരിപാടി എത്രത്തോളം വിജയിക്കുമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയിലും സംശയമുണ്ട്.
ക്രിസ്ത്യന്‍ സഭകള്‍ അങ്ങനെ വീണുപോകുന്നവരല്ലെന്നും നോക്കിയും കണ്ടും മാത്രമേ വോട്ട് ചെയ്യാറുള്ളു എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. രാഷ്ട്രീയ കാരണങ്ങള്‍ നോക്കി വോട്ടു ചെയ്യുന്നവരില്‍ ക്രിസ്ത്യാനികളെക്കാള്‍ മുന്നില്‍ മുസ്‌ലിംകളാണ്. എന്നാല്‍ തങ്ങളുടെ സമുദായത്തിന്റെ നേട്ടവും കോട്ടവും വിലയിരുത്തി കൃത്യമായി ആലോചിച്ചുമാത്രമെ ക്രിസ്ത്യാനികള്‍ വോട്ടുചെയ്യാറുള്ളു. പുറമേയുള്ള അവരുടെ മൃദുസമീപനം കണ്ട് ബി.ജെ.പി തെറ്റിധരിക്കേണ്ടതില്ലെന്നു ഒരു ചാനല്‍ ചര്‍ച്ചയില്‍ രാഹുല്‍ പറഞ്ഞു.
മുസ്്‌ലിംകളെ സംബന്ധിച്ചും ബി.ജെ.പിയെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. മുസ്‌ലിംകളോടുള്ള ശത്രുതാപരമായ സമീപനം ഉപേക്ഷിക്കാതെ ഗൃഹസന്ദര്‍ശനം നടത്തിയതുകൊണ്ട് എന്തുകാര്യമെന്നാണ് പലരും ചോദിക്കുന്നത്. അടിസ്ഥാനപരമായിതന്നെ മുസ്‌ലിം വിരുദ്ധ പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും അതിനാല്‍ തന്നെ ഇത്തരം സൂത്രവിദ്യകൊണ്ടൊന്നും ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനാവില്ലെന്നും അതിന് ആത്മാര്‍ഥവും വിവേചനരഹിതവുമായ സമീപനമാണ് ആവശ്യമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. വീട്ടില്‍ വന്ന് അസ്സലാമു അലൈക്കും പറയുന്നതുകൊണ്ടു മാത്രം മുസ്‌ലിം വോട്ട് കിട്ടുന്നത് മൗഢ്യമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
അടുത്ത മാസമാണ് ഈസ്റ്ററും ഈദും. ഈസ്റ്ററിന് ഒരു ലക്ഷം കൃസ്ത്യന്‍ ഭവനങ്ങളാണ് സന്ദര്‍ശിക്കുക. ഈ പരിപാടിയില്‍ പതിനായിരം ബി.ജെ.പി പ്രവര്‍ത്തകര്‍ പങ്കെടുക്കും. ഈസ്റ്റര്‍ വാരത്തിലെ എല്ലാ ദിവസങ്ങളിലും ഗൃഹസന്ദര്‍ശനം നടത്തും. ഈദിനും സമാനമായി മുസ്‌ലിം വീടുകളിലെത്തുകയും മറ്റ് മതസ്ഥരെ സ്വന്തം വീടുകളിലേക്ക് ക്ഷണിക്കുകയും ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആശയമാണത്രെ സ്‌നേഹസംവാദം എന്ന ഈ പരിപാടി. വിഷുവിന് ക്രിസ്ത്യാനികളെ സ്വന്തം വീടുകളിലേക്ക് ക്ഷണിക്കുകയും ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളിലെ ആനുകൂല്യങ്ങള്‍ ലഭിച്ചവരെ പങ്കെടുപ്പിക്കുന്ന താങ്ക് മോഡി പരിപാടിയും പാര്‍ട്ടി ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിലേക്ക് മലയാളത്തിലുള്ള 12000 വീഡിയോകള്‍ ഇതിനകം ലഭിച്ചുകഴിഞ്ഞതായാണ് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






