ബ്രഹ്മപുരം കേരളത്തിന്റെ നന്ദിഗ്രാമെന്ന് മുല്ലക്കര, കാനം ഇടപെട്ട് ചര്‍ച്ച മാറ്റി

തിരുവനന്തപുരം- ബ്രഹ്മപുരം തീപ്പിടിത്തത്തില്‍ അന്വേഷണം വേണമെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍. ബ്രഹ്മപുരം കേരളത്തിന്റെ നന്ദിഗ്രാമാണെന്ന് മുല്ലക്കര പറഞ്ഞു. മറ്റുനേതാക്കളും വിഷയത്തില്‍ ഇടപെട്ടപ്പോള്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിര്‍ദേശിച്ചു.
തീപിടിത്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. പൊതുജനാരോഗ്യം ഉറപ്പാക്കാന്‍ വേണ്ട എല്ലാപിന്തുണയും നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി. യു.ഡി.എഫ് എം.പിമാരും മന്ത്രി വി. മുരളീധരനും ആരോഗ്യമന്ത്രിയെ സന്ദര്‍ശിച്ച് ബ്രഹ്മപുരം വിഷയം ചര്‍ച്ച ചെയ്തു.
കൊച്ചിയില്‍ 12 ദിവസമായി ഭീകരമായ ദുരന്തമുണ്ടായിട്ടും കേന്ദ്ര സഹായം തേടാന്‍ സംസ്ഥാനം തയ്യാറാകാത്തതെന്താണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്തു പ്രശ്‌നമുണ്ടായാലും കേന്ദ്ര ദുരന്തനിവാരണ സേന എല്ലാ കാലത്തും കേരളത്തില്‍ ഓടിയെത്താറുണ്ട്. എന്നാല്‍ ഇത്തവണ ഇതു വരെ അവരെ സംസ്ഥാന സര്‍ക്കാര്‍  വിളിച്ചില്ലെന്ന് കെ.സുരേന്ദ്രന്‍ തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍  പറഞ്ഞു. ഈ കാര്യം അമിത്ഷായോട് സംസാരിച്ചപ്പോള്‍ സംസ്ഥാനം വിളിച്ചാല്‍ ഒരു മണിക്കൂര്‍ കൊണ്ട് സേന സജ്ജമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രശ്‌നം ദേശീയ ശ്രദ്ധയിലേക്ക് വരാതിരിക്കാനാണോ സംസ്ഥാനം എന്‍ഡിആര്‍എഫിനെ വിളിക്കാത്തതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. അതോ അഴിമതികള്‍ പുറത്തുവരാതിരിക്കാനാണോയെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
കൊച്ചിയില്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടു. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ദുരന്തമാണിത്. മഴ പെയ്താല്‍ കൊച്ചി പകര്‍ച്ചവ്യാധി കൊണ്ട് മൂടും. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണ്. പിണറായി വിജയന്‍ ദുരഭിമാനം വെടിയണം. അടിയന്തരമായി എന്‍ഡിആര്‍എഫ് സഹായം തേടണം. ബ്രഹ്മപുരം വിഷയത്തില്‍ മുഖ്യമന്ത്രി ഒളിച്ചു കളിക്കുന്നത് അവസാനിപ്പിക്കണം. ഭീകരമായ കൊള്ളയാണ് നടന്നിരിക്കുന്നത്. ഇതിലെ കള്ളകളികള്‍ പുറത്തുകൊണ്ടുവരാന്‍ ബിജെപി ശ്രമിക്കും. ആയിരക്കണക്കിന് കോടി രൂപ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് സംസ്ഥാനത്തിന് കിട്ടിയിട്ടും ഒന്നും ഉപയോഗിച്ചില്ല. പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിയ ദുരന്തമാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

 

Latest News