വാഷിംഗ്ടണ്‍- ഗുജറാത്ത് കലാപത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പങ്കിനെക്കുറിച്ച ബി.ബി.സി ഡോക്യുമെന്ററി മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ഗുജറാത്തില്‍ ജയിലിലടക്കപ്പെട്ട ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ മകള്‍ ആകാശി ഭട്ട്. അമേരിക്കയിലെ പത്രപ്രവര്‍ത്തകരുടെ സംഘടനയായ നാഷണല്‍ പ്രസ് ക്ലബ് (എന്‍.പി.സി) സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. അടുത്ത കാലത്തായി ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ എന്‍.പി.സി രൂക്ഷമായി വിമര്‍ശിച്ചു.
ഡോക്യുമെന്ററി ഇന്ത്യന്‍ പ്രേക്ഷകരിലേക്ക് എത്താതിരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പാനലിലെ മിക്ക ചര്‍ച്ചകളും. മാധ്യമങ്ങളും ജുഡീഷ്യറിയും ഉള്‍പ്പെടെ ഇന്ത്യയിലെ പല സ്ഥാപനങ്ങളും അട്ടിമറിക്കപ്പെടുന്നതായും ഭരണകൂടം അതിന്റെ വൃത്തികെട്ട അജണ്ട നടപ്പാക്കാനായി അവയെ ഉപയോഗിക്കുന്നുവെന്നും ആകാശി ഭട്ട് പറഞ്ഞു.
ഇന്ത്യയില്‍ നിരോധിച്ച ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദ മോഡി ക്വസ്റ്റ്യന്‍ പ്രദര്‍ശിപ്പിച്ച ശേഷമായിരുന്നു ചര്‍ച്ച. മോഡി അധികാരത്തില്‍ വന്നതിനുശേഷം നിരാശ മാത്രമേയുള്ളുവെന്ന് പ്രസിഡന്റ് എലീന്‍ ഒറെയ്‌ലി പറഞ്ഞു. സ്വതന്ത്രമായ വാര്‍ത്താ മാധ്യമത്തിനുള്ള പൗരന്മാരുടെ അവകാശങ്ങളെ അദ്ദേഹത്തിന്റെ ഭരണകൂടം അടിച്ചമര്‍ത്തിയിരിക്കുന്നു.
'ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകരെ പീഡിപ്പിക്കുന്നതും മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതും സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് നാഷണല്‍ പ്രസ് ക്ലബില്‍ ഞങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നു', ഒ'റെയ്‌ലി പറഞ്ഞു.
നാസി ജര്‍മനിയിലെ അതേ തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കലാപകാരികള്‍ മുസ്‌ലിംകള്‍ക്കെതിരെ ആക്രമണം നടത്തിയതെന്ന് ബ്രിട്ടീഷ് പൗരനായ ഇമ്രാന്‍ ദാവൂദ് പറഞ്ഞു. കലാപം നടന്ന് ആറ് മാസത്തിന് ശേഷം, തന്റെ കുടുംബാംഗങ്ങളുടെ കൊലപാതകങ്ങള്‍ സ്ഥിരീകരിക്കാന്‍പോലും സാധിക്കാത്ത അവസ്ഥയായിരുന്നുവെന്ന് ഇമ്രാന്റെ അമ്മാവന്‍ യൂസഫ് ദാവൂദ് പറഞ്ഞു.






