മക്ക - വിശുദ്ധ റമദാനില്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ വിദേശങ്ങളില്‍ നിന്നുള്ള എട്ടു ലക്ഷത്തോളം പേര്‍ നുസുക് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്തതായി ഹജ്, ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ ശംസ് വെളിപ്പെടുത്തി. സൗദി അറേബ്യക്കകത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിദേശങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കും റമദാനില്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ നുസുക് ആപ്പ് വഴി ഹജ്, ഉംറ മന്ത്രാലയം പെര്‍മിറ്റുകള്‍ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. ആപ്പിള്‍ സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേയില്‍ നിന്നോ നുസുക് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വിശുദ്ധ ഹറമിന്റെ ശേഷിക്കനുസരിച്ച് ഉംറ കര്‍മം നിര്‍വഹിക്കാന്‍ ലഭ്യമായ സമയങ്ങള്‍ പരിശോധിച്ച് തങ്ങള്‍ക്ക് അനുയോജ്യമായ സമയം തെരഞ്ഞെടുത്ത് ബുക്കിംഗ് നടത്തി പെര്‍മിറ്റ് നേടാന്‍ തീര്‍ഥാടകര്‍ക്ക് സാധിക്കും.
വിദേശങ്ങളില്‍ നിന്നുള്ളവര്‍ ഉംറ ബുക്കിംഗ് നടത്തുമ്പോള്‍ അവരുടെ പക്കല്‍ ആക്ടിവേറ്റ് ചെയ്ത വിസയുണ്ടാകല്‍ നിര്‍ബന്ധമാണ്. സൗദി അറേബ്യക്കകത്ത് കഴിയുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും തവക്കല്‍നാ ആപ്പ് വഴിയും ഉംറ പെര്‍മിറ്റുകള്‍ നേടാന്‍ സാധിക്കും. എല്ലാ സാഹചര്യങ്ങളിലും ഉംറ ബുക്കിംഗ് നടത്തുന്നവര്‍ കൊറോണ ബാധിതരോ കൊറോണ രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോ ആകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.
അതേസമയം, മക്കയില്‍ ഹജ് തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കാന്‍ ഒരുക്കിയ പാര്‍പ്പിടങ്ങള്‍ക്ക് ലൈസന്‍സുകള്‍ അനുവദിക്കാന്‍ നിശ്ചയിച്ച സമയം ദീര്‍ഘിപ്പിച്ചതായി ഹജ് ഹൗസിംഗ് കമ്മിറ്റി അറിയിച്ചു. ഈ മാസം (ശഅ്ബാന്‍) അവസാനം വരെയാണ് ലൈസന്‍സുകള്‍ അനുവദിക്കുന്നത് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. സ്വന്തം വീടുകള്‍ ഹജ് തീര്‍ഥാടകരെ പാര്‍പ്പിക്കാന്‍ വാടകക്ക് നല്‍കാന്‍ ആഗ്രഹിക്കുന്ന സൗദി പൗരന്മാര്‍ ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എത്രയും വേഗം അംഗീകൃത എന്‍ജിനീയറിംഗ് ഓഫീസുകളെ സമീപിക്കണം.
മക്ക നഗരസഭയുടെയും സിവില്‍ ഡിഫന്‍സിന്റെയും അംഗീകാരമുള്ള എന്‍ജിനീയറിംഗ് ഓഫീസുകള്‍ വഴി അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരും. കെട്ടിടങ്ങള്‍ പരിശോധിച്ച് ആവശ്യമായ വ്യവസ്ഥകള്‍ പൂര്‍ണമാണെന്ന് ഉറപ്പുവരുത്തി എന്‍ജിനീയറിംഗ് ഓഫീസുകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹജ് ഹൗസിംഗ് കമ്മിറ്റി കെട്ടിടങ്ങള്‍ക്ക് ലൈസന്‍സുകള്‍ അനുവദിക്കുകയെന്നും കമ്മിറ്റി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)