താഷ്‌കെന്റ് - ലോകകപ്പിൽ മറ്റെല്ലാവരും കളിക്കാരുടെയും ടീമുകളുടെയും പിറകെ പോവുമ്പോൾ ഉസ്‌ബെക്കിസ്ഥാൻകാരുടെ നോട്ടം ഒരു റഫറിയിലാണ്. നാൽപതുകാരൻ റവ്ഷാൻ ഇർമതോവാണ് അവരുടെ താരം.
ലോകകപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവുമധികം മത്സരം നിയന്ത്രിച്ചത് ഇർമതോവാണ്. റഷ്യയിൽ 20 ലക്ഷത്തോളം ഉസ്‌ബെക് പ്രവാസികളുണ്ടെന്നിരിക്കെ ഇർമതോവിന് ഇത്തവണ ഗാലറിയിലും പിന്തുണയേറും. ഉസ്‌ബെക്കിസ്ഥാൻ ഇതുവരെ ലോകകപ്പ് കളിച്ചിട്ടില്ല.
ഇത്തവണ കഷ്ടിച്ചാണ് ഉസ്‌ബെക്കിസ്ഥാന് ലോകകപ്പ് ബെർത്ത് നഷ്ടപ്പെട്ടതെന്ന് ഇർമതോവ് പറയുന്നു. ഉസ്‌ബെക്കിസ്ഥാന്റെ പുതിയ പ്രസിഡന്റ് ഫുട്‌ബോളിൽ മുന്നേറ്റം ലക്ഷ്യമായെടുത്തിരിക്കുകയാണെന്നും അടുത്ത ലോകകപ്പിൽ തങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
2010 ലാണ് ഇർമതോവ് ആദ്യമായി ലോകകപ്പിൽ വിസിൽ വിളിച്ചത്. അന്ന് പ്രായം കുറഞ്ഞ റഫറിയായിരുന്നു. ഒരു ലോകകപ്പിൽ കൂടുതൽ കളി നിയന്ത്രിച്ച റെക്കോർഡും ഇർമതോവിനാണ് (അഞ്ച്). കഴിഞ്ഞ രണ്ടു വർഷമുൾപ്പെടെ അഞ്ചു തവണ ഏഷ്യയിലെ മികച്ച റഫറിയായി തെരഞ്ഞെടുക്കപ്പെട്ടു. ക്ലബ് ലോകകപ്പ് ഫൈനൽ രണ്ടു തവണ നിയന്ത്രിച്ചു. ഉസ്‌ബെക്കിസ്ഥാനിൽ സെലിബ്രിറ്റിയാണ് ഇർമതോവ്.
2014 ലെ ലോകകപ്പിൽ ട്വിറ്ററിൽ തരംഗമായിരുന്നു അദ്ദേഹം. താഷ്‌കെന്റിലെ ഒരു യൂത്ത് ടൂർണമെന്റിനിടെ പരിക്കേറ്റ് കളിക്കളം വിട്ടതാണ് റഫറിയിംഗിലേക്ക് തിരിയാൻ ഇർമതോവിനെ പ്രേരിപ്പിച്ചത്.