Sorry, you need to enable JavaScript to visit this website.

ഇസ്രായിലിന് നയതന്ത്ര ദുരന്തം

ഫലസ്തീൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ജിബ്‌രീൽ റജൂബ് റാമല്ലയിൽ പത്രസമ്മേളനത്തിൽ.
  • അർജന്റീനാ പിന്മാറ്റം ആഘോഷിച്ച് ഫലസ്തീൻ

ജറൂസലം - ഇസ്രായിലിലെ ലോകകപ്പ് സന്നാഹ മത്സരത്തിൽ നിന്ന് അർജന്റീന പിന്മാറിയത് ജൂതരാഷ്ട്രം നേരിട്ട ഏറ്റവും കനത്ത നയതന്ത്ര ദുരന്തമായി. തീരുമാനം ഫലസ്തീനിൽ ആഹ്ലാദത്തിന്റെ വിസ്‌ഫോടനമാണ് സൃഷ്ടിച്ചത്. പിന്മാറാൻ അർജന്റീനയിൽ  സമ്മർദ്ദം ചെലുത്തിയെന്നാരോപിച്ച് ഫലസ്തീനെതിരെ ഫിഫക്ക് പരാതി കൊടുക്കാൻ ഇസ്രായിൽ തീരുമാനിച്ചിട്ടുണ്ട്. ജറൂസലമിൽ നിശ്ചയിച്ച മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. ജറൂസലമിനെ ഇസ്രായിലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചതും ഗാസയിൽ ഇസ്രായിൽ നടത്തുന്ന നരമേധവും ലോകമെങ്ങും പ്രതിഷേധം സൃഷ്ടിച്ച സാഹചര്യത്തിലാണ് അർജന്റീന അവിടെ കളിക്കാൻ തീരുമാനിച്ചത്. ശനിയാഴ്ച ഹൈഫയിലായിരുന്നു ആദ്യം കളി തീരുമാനിച്ചിരുന്നത്. പിന്നീടത് ജറൂസലമിലേക്ക് മാറ്റുകയായിരുന്നു. മത്സരത്തിൽ ലിയണൽ മെസ്സി കളിച്ചാൽ അർജന്റീന ഫെഡറേഷന് 30 ലക്ഷം ഡോളർ നൽകാൻ ഇസ്രായിൽ തയാറായിരുന്നു. ഇസ്രായിൽ ബഹിഷ്‌കരണ പ്രസ്ഥാനത്തിന് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ പ്രോത്സാഹനമായാണ് അർജന്റീനയുടെ പിന്മാറ്റത്തെ നിരീക്ഷകർ വിലയിരുത്തുന്നത്.
ഇസ്രായിലിനെ വെറുക്കുന്നവരുടെ പ്രേരണക്കു മുന്നിൽ അർജന്റീന ഫുട്‌ബോൾ അധികൃതർക്ക് പിടിച്ചുനിൽക്കാനാവാഞ്ഞത് നാണക്കേടായെന്ന് ഇസ്രായിൽ പ്രതിരോധ മന്ത്രി അവിഗ്‌ദോർ ലീബർമാൻ ആരോപിച്ചു. മത്സരം റദ്ദാക്കാതിരിക്കാൻ ചർച്ച തുടരുകയാണെന്ന് അവർ പ്രഖ്യാപിച്ചു. ഇസ്രായിലിന്റെ മനുഷ്യത്വവിരുദ്ധ നടപടികൾക്കുള്ള ലോകത്തിന്റെ ചുവപ്പ് കാർഡാണ് അർജന്റീനയുടെ പിന്മാറ്റമെന്ന് ഫലസ്തീൻ ഫുട്‌ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചു. മെസ്സിക്ക് ഫലസ്തീൻ ജനതയുടെ നന്ദിയെന്ന് അസോസിയേഷൻ പ്രസിഡന്റ് ജിബ്‌രീൽ റജൂബ് പ്രഖ്യാപിച്ചു. സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായ മെസ്സി ഇസ്രായിലിൽ കളിക്കരുതെന്നും കളിക്കുകയാണെങ്കിൽ താരത്തിന്റെ ജഴ്‌സി കത്തിക്കണമെന്നും അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. മത്സരം ഉപേക്ഷിക്കരുതെന്നാവശ്യപ്പെട്ട് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അർജന്റീന പ്രസിഡന്റ് മൗറിഷ്യൊ മാക്‌റിയെ വിളിച്ചെങ്കിലും ഫലം കണ്ടില്ല. 
ഇസ്രായിലിലേക്ക് പോവാൻ അർജന്റീന കളിക്കാർ വൈമനസ്യം കാട്ടിയതിനാലാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നതെന്ന് അർജന്റീനയുടെ വിദേശ മന്ത്രി ജോർജെ ഫൗരി അറിയിച്ചു. ടീം ഇസ്രായിലിൽ കളിക്കുന്നതിനെതിരെ കഴിഞ്ഞയാഴ്ച തന്നെ കോച്ച് ജോർജെ സാംപോളി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ശരിയായ തീരുമാനമാണ് അർജന്റീന ഫെഡറേഷൻ കൈക്കൊണ്ടതെന്ന് സ്‌ട്രൈക്കർ ഗോൺസാലൊ ഹിഗ്വയ്ൻ പ്രസ്താവിച്ചു. സാമാന്യബുദ്ധിയും ആരോഗ്യവുമാണ് പ്രധാനം. ഇസ്രായിലിൽ കളിക്കുന്നത് ശരിയായ തീരുമാനമായിരുന്നില്ല -ഹിഗ്വയ്ൻ പറഞ്ഞു. 
ജറൂസലമിൽ മത്സരം സംഘടിപ്പിക്കുകയും അത് രാഷ്ട്രീയ വിജയമായി ആഘോഷിക്കുകയും ചെയ്യാനായിരുന്നു ഇസ്രായിലിന്റെ പദ്ധതി. സർക്കാർ സെൽഫ് ഗോളടിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ജറൂസലമിൽ കളി നടത്തുന്നത് കളിയെ രാഷ്ട്രീയ ആയുധമാക്കലാണെന്ന് ചൂണ്ടിക്കാട്ടി അർജന്റീന സർക്കാരിന് എഴുതിയിരുന്നുവെന്ന് ഫലസ്തീൻ ഫുട്‌ബോൾ അസോസിയേഷൻ വെളിപ്പെടുത്തി. ഇസ്രായിലിന് ഇത് ദുഃഖ ദിനമാണെന്ന് പ്രസിഡന്റ് റൂവൻ റിവ്‌ലിൻ പറഞ്ഞു. 

 

Latest News