Sorry, you need to enable JavaScript to visit this website.

പാകിസ്ഥാനി മരുമകള്‍ ഇനി ഇന്ത്യയുടെ അഭിമാനം; മോഡിക്ക് പിറകെ മലക്കം മറിഞ്ഞ് ബി.ജെ.പി നേതാക്കള്‍

ന്യൂദല്‍ഹി- പാകിസ്ഥാന്റെ മരുമകളെന്ന് വിളിച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ ആക്ഷേപിച്ച ബി.ജെ.പി നേതാക്കള്‍ നിലപാട് മാറ്റി താരത്തെ അഭിനന്ദിച്ച് രംഗത്ത്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി സാനിയ മിര്‍സയെ പുകഴ്ത്തിയതിന് പിന്നാലെയാണ് മാറ്റം.  ഒരു കാലത്ത് പാകിസ്ഥാന്റെ മരുമകളെന്ന് വിളിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ച പാര്‍ട്ടി നേതാവ് കെ.ലക്ഷ്മണ്‍ ഇപ്പോള്‍ സാനിയയെ ഇന്ത്യയുടെ അഭിമാനമെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്. ബി.ജെ.പിയുടെ മറ്റു നേതാക്കളും അക്കാലത്ത് സാനിയക്കെതിരെ രംഗത്തുവന്നിരുന്നു.
ജനുവരിയില്‍ പ്രൊഫഷണല്‍ ടെന്നീസില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ കായികരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച രാജ്യത്തെ ഏറ്റവും മികച്ച ടെന്നീസ് താരങ്ങളില്‍ ഒരാളായി സാനിയയെ പ്രധാധമന്ത്രി മോഡി വിശേഷിപ്പിച്ചത്.
ബി.ജെ.പിയുടെ ഒബിസി മോര്‍ച്ച ദേശീയ പ്രസിഡന്റും മുന്‍ തെലങ്കാന യൂണിറ്റ് മേധാവിയുമായ ലക്ഷ്മണ്‍ 2014 ലാണ് സാനിയ മിര്‍സയെ പാകിസ്ഥാന്റെ മരുമകളെന്ന്  വിളിച്ച് ആക്ഷേപിച്ചത്.
തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദ് സ്വദേശിനിയായ സാനിയ മിര്‍സയെ 2014ല്‍ തെലങ്കാന രൂപീകരിച്ചതിനെത്തുടര്‍ന്ന് അന്നത്തെ തെലങ്കാന രാഷ്ട്ര സമിതി (ഇപ്പോള്‍ ഭാരത് രാഷ്ട്ര സമിതി) സര്‍ക്കാര്‍ ബ്രാന്‍ഡ് അംബാസഡറാക്കിയിരുന്നു. ഈ നീക്കത്തെയാണ് ലക്ഷ്മണ്‍ വിമര്‍ശിച്ചിരുന്നത്. പ്രത്യേക സംസ്ഥാനത്തിനായുള്ള പ്രക്ഷോഭത്തില്‍ സാനിയ മിര്‍സ ഒരിക്കലും പങ്കെടുത്തിട്ടില്ലെന്നും ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ നേടിയെടുക്കാന്‍ ടിആര്‍എസ് സര്‍ക്കാര്‍ അവരെ ഉപയോഗിക്കുകയാണെന്നുമായിരുന്നു ആരോപണം.
മഹാരാഷ്ട്രയില്‍ ജനിച്ച് പിന്നീട് ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ സാനിയ മിര്‍സ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെ വിവാഹം കഴിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ്  ബി.ജെ.പി നേതാവ് പാകിസ്ഥാന്റെ മരുമകളെന്ന് വിളിച്ചിരുന്നത്.
തന്റെ പ്രസ്താവനകള്‍ അന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായം.
എന്റെ പ്രസ്താവനകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു, അവര്‍ ഒരു മികച്ച കായിക താരമാണ്, ഇന്ത്യയ്ക്ക് അഭിമാനമേകി. സ്‌പോര്‍ട്‌സിനോടുള്ള സാനിയയുടെ അഭിനിവേശം രാജ്യത്തിന് നിരവധി തവണ അഭിമാനം സമ്മനിച്ചു. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ പ്രശംസ അത് ഒന്നുകൂടി ഉറപ്പിച്ചു- അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് താരം സാനിയ മിര്‍സയെ പ്രധാനമന്ത്രി പ്രശംസിച്ചത് തെലങ്കാനയിലെ വോട്ടര്‍മാരുമായുള്ള പാര്‍ട്ടിയുടെ ബന്ധം സുഗമമാക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, ടെന്നീസ് താരത്തെ പലപ്പോഴും വിമര്‍ശിച്ച ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ വോട്ട് കിട്ടുമോയെന്നാണ് നോക്കുന്നതെന്ന് മറ്റു പാര്‍ട്ടികള്‍ ആരോപിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News