Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

ദേവകിയമ്മ -പ്രകൃതിയുടെ പ്രണയിനി

ദേവകിയമ്മ
ദേവകിയമ്മയും മകൾ തങ്കമണിയും
ദേവകിയമ്മയും മകൾ തങ്കമണിയും പേരക്കുട്ടി ശരണ്യയും  
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങുന്നു (ഫയൽ) 

പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള ദേവകിയമ്മയുടെ ആത്മബന്ധമാണ് രാജ്യത്തെ സ്ത്രീകൾക്കുള്ള പരമോന്നത സിവിലിയൻ ബഹുമതിയായ നാരീശക്തി പുരസ്‌കാരത്തിന് അർഹയാക്കിയത്. 2018 ലായിരുന്നു ഈ അംഗീകാരം ദേവകിയമ്മയെ തേടിയെത്തിയത്. കൂടാതെ കേന്ദ്ര സർക്കാരിന്റെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്, ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ കാർഷിക വന പുരസ്‌കാരം, കേരള സർക്കാരിന്റെ വനമിത്ര പുരസ്‌കാരം, സ്വദേശി സയൻസ് മൂവ്‌മെന്റിന്റെ ഭൂമിമിത്ര അവാർഡ്, കേരള ബയോ ഡൈവേഴ്‌സിറ്റി ബോർഡിന്റെ ഗ്രീൻ ഇൻഡിവിജ്വൽ പുരസ്‌കാരം, കേരള ഫോറസ്ട്രി ഡിപ്പാർട്ടുമെന്റിന്റെ പ്രകൃതി മിത്ര അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.


ജലസമൃദ്ധിയുടെ നാടാണ് ആലപ്പുഴ. ഏറെ ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ഭൂവിഭാഗത്തിൽ ഒരു പച്ചത്തുരുത്തുണ്ട്. കാടുകളില്ലാത്ത ജില്ലയാണെങ്കിലും ഇവിടെ കാടുണ്ടാക്കിയ ഒരു വീട്ടമ്മയുടെ കഥയാണിത്. മുതുകുളം കൊല്ലകൽ തറവാട്ടിലെ ദേവകിയമ്മ എന്ന എൺപത്തൊമ്പതുകാരി രൂപപ്പെടുത്തിയെടുത്ത തപോവനം. സ്വന്തം വീട്ടിലെ വിശാലമായ അഞ്ചേക്കർ പറമ്പിൽ നാലു പതിറ്റാണ്ടുകൊണ്ട് ആയിരത്തോളം മരങ്ങൾ നട്ടുപിടിപ്പിച്ച് കാടുണ്ടാക്കിയ വനദേവതയാണവർ. പക്ഷിമൃഗാദികളും ഇഴജന്തുക്കളും അധിവസിക്കുന്ന സമ്പന്നമായ ഈ പ്രദേശം സഞ്ചാരികളുടെ ഇഷ്ടപ്പെട്ട താവളംകൂടിയാണ്. ചൂടിന്റെ കാഠിന്യത്തിലും ഹരിതസമൃദ്ധിയാൽ കുളിർമ്മ പകരുന്ന പ്രദേശം.
ദേവകിയമ്മയ്ക്ക് കൂട്ട് മകൾ തങ്കമണി ടീച്ചറാണ്. തിരുവനന്തപുരം കുളത്തൂരിലെ എൻജിനീയറിംഗ് കോളേജിലെ എൻവയേൺമെന്റ് എൻജിനീയറിംഗ് വകുപ്പ് മേധാവിയായിരുന്നു പ്രൊഫസർ തങ്കമണി. അമ്മയിൽനിന്നും കണ്ടും കേട്ടും പഠിച്ച ശീലങ്ങൾ ജീവിതത്തിലും പ്രാവർത്തികമാക്കിയ ഗുരുശ്രേഷ്ഠ. അക്കേഷ്യ മരങ്ങൾ തിങ്ങിനിറഞ്ഞ കാമ്പസിൽ ഫലവൃക്ഷങ്ങളും വനവൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് ഒട്ടേറെ അംഗീകാരങ്ങൾ കോളേജിന് സമ്മാനിച്ച പ്രകൃതിസ്‌നേഹി കൂടിയാണവർ. കൊല്ലകൽ തറവാട്ടിലെ കാട്ടിലേയ്ക്ക് ആർക്കും കടന്നുവരാം. മരങ്ങളുടെ തണുപ്പിൽ കാടിന്റെ വന്യഭംഗി ആസ്വദിച്ച് കിളികൊഞ്ചലുകളും കേട്ട്  കാട്ടിലൂടെ സഞ്ചരിച്ചുമടങ്ങാം.
മരങ്ങൾ നട്ടുപിടിപ്പിച്ച കഥ പറയുകയാണ് ഈ അമ്മയും മകളും. തലമുറയായി കൃഷി ചെയ്തു പോന്ന കുടുംബമായിരുന്നു ഞങ്ങളുടേത്. നെൽകൃഷിയായിരുന്നു മുഖ്യം. കൂടാതെ പച്ചക്കറിയും ഔഷധ സസ്യങ്ങളുമെല്ലാം കൃഷി ചെയ്തിരുന്നു. അച്ഛനും സഹോദരങ്ങളുമെല്ലാം ജോലിക്കാരായിരുന്നതിനാൽ അമ്മയും ഞാനുമായിരുന്നു കൃഷി നോക്കിനടത്തിയിരുന്നത്. നീണ്ടുകിടക്കുന്ന പാടത്ത് നെൽമണി വിളഞ്ഞുനിന്ന പഴയ കാലം ഇപ്പോഴും ഓർമ്മയുണ്ട്. എട്ടുകെട്ടിനോടു ചേർന്നുനിൽക്കുന്ന സ്ഥലത്തായിരുന്നു കച്ചി വിരിക്കാനും കറ്റ ചവിട്ടിമെതിക്കാനുമുള്ള നിലമൊരുക്കിയിരുന്നത്. കാർഷിക സമൃദ്ധിയിൽ സമ്പന്നമായ ഒരു ഭൂതകാലത്തിന്റെ ഓർമ്മ തങ്കമണി ടീച്ചറുടെ മനസ്സിൽ തളംകെട്ടിനിന്നു.
നാല്പത്തിനാലുവർഷം മുൻപ് കായംകുളത്തുവച്ച് അമ്മയ്ക്കുണ്ടായ അപകടമാണ് കാര്യങ്ങൾ തകിടം മറിച്ചത്. ഡ്രൈവിംഗ് സ്‌കൂളുകാരുടെ കാറിടിച്ച് അമ്മയുടെ കാലിന് കാര്യമായ പരിക്കേറ്റു. കാറിന്റെ ചക്രം കാൽപാദത്തിലൂടെ കയറിയിറങ്ങി. അമ്മയെ രണ്ടുവർഷത്തോളം രോഗശയ്യയിലാക്കിയ ദുരന്തം. അതോടെ കൃഷിയെല്ലാം നശിച്ചുതുടങ്ങി. കൃഷിപ്പണികളും  നിലച്ചു. ഈ അവസരത്തിലാണ് വീടിനോടു ചേർന്നുള്ള എള്ള് ഉണക്കുന്നതും കച്ചിവിരിക്കുന്നതുമായ കളങ്ങളിലെല്ലാം മരം വച്ചുപിടിപ്പിച്ചുതുടങ്ങിയത്. കൂടുതൽ ദൂരം നടക്കാൻ കഴിയാതിരുന്നതിനാൽ നടന്നെത്താവുന്നിടത്തെല്ലാം ചെടികളും മരങ്ങളും നട്ടുതുടങ്ങി. ഭൂമിദേവിയുടെ അനുഗ്രഹമായാണ് ഇതിനെ കണ്ടത്- ദേവകിയമ്മ ഓർക്കുന്നു.
വെളുത്ത പൂഴിമണലിൽ വെള്ളം വാർന്നുപോകുമായിരുന്നുവെങ്കിലും കിട്ടുന്ന ചെറുതൈകളെല്ലാം നട്ട് വെള്ളം ഒഴിച്ചുകൊടുത്തു. തൈകൾ കിളിർത്തു തുടങ്ങിയപ്പോൾ അതൊരു ആവേശമായി. അമ്മയുടെ ആഗ്രഹത്തിനനുസരിച്ച് മകൾ ചെടികളും വിത്തുകളുമെല്ലാം എത്തിച്ചുകൊടുത്തു. മക്കളും ബന്ധുക്കളുമെല്ലാം യാത്ര കഴിഞ്ഞ് വരുമ്പോൾ പലതരം തൈകൾ കൊണ്ടുവന്നു. മാത്രമല്ല, പിറന്നാൾ ആഘോഷങ്ങൾക്കു പോലും ചെടികൾ സമ്മാനിച്ചുതുടങ്ങി. നാട്ടുവൃക്ഷമോ കാട്ടുവൃക്ഷമോ,  നല്ലതോ ചീത്തയോ ഒന്നും നോക്കിയില്ല. കിട്ടുന്നതെല്ലാം നട്ടു. പേരു പോലുമറിയാത്ത നിരവധി ചെടികൾ ഇവിടെ പൂത്തും കായ്ച്ചും നിൽക്കുന്നു. കാണാൻ വരുന്നവരാണ് പലതിന്റെയും പേരു പറഞ്ഞുതന്നത്. അങ്ങനെയാണ് ഇതൊരു വനഭൂമിയായത്. അത്തിയും അരയാലും പേരാലും മന്ദാരവും മരുതും നെല്ലിയും താന്നിയും ചന്ദനവും കാഞ്ഞിരവും പിസ്തയും ചെമ്പകവും പാരിജാതവും പവിഴമല്ലിയും... എത്രയെത്ര മരങ്ങൾ... മക്കളും കൊച്ചുമക്കളുമെല്ലാം ഈ കാട് പരിപാലിച്ചുകൊണ്ടുപോവുകയാണ്... ദേവകിയമ്മ പറയുന്നു.
കാട്ടിലൂടെയുള്ള ഈ അമ്മയുടെയും മകളുടെയും നടപ്പുതന്നെ രസകരമാണ്. ഓരോ ചെടിയോടും കിന്നാരം പറഞ്ഞും പൂവും കായും പരിശോധിച്ചുമുള്ള യാത്ര. കൊച്ചുമകൾ ശരണ്യയും കൂട്ടിനുണ്ട്. മൂന്നു തലമുറയിലെ സ്ത്രീകൾ കാടിനെ ഹൃദയത്തോടു ചേർത്തുനിർത്തുന്നു. മരങ്ങൾ മാത്രമല്ല, കാട്ടരുവികളും ജലസസ്യങ്ങളും കുളങ്ങളുമെല്ലാം ഇവിടെയുണ്ട്. വെള്ളം നിറഞ്ഞുകിടക്കുന്ന വയലുകളിൽ താമരയും ആമ്പലുമെല്ലാം പൂവിട്ടുനിൽക്കുന്നു. മാത്രമല്ല, ഉപ്പനും കൊറ്റിയും മരംകൊത്തിയും കുളക്കോഴിയുമെല്ലാം അവിടവിടെയായി കലപില കൂട്ടുന്നു.
മൂവായിരത്തോളം സസ്യങ്ങൾ പരിലസിച്ചുനിൽക്കുന്ന തറവാടായി മാറിയിരിക്കുകയാണ് കൊല്ലകൽ. ദേവകിയമ്മയ്ക്കും മകൾ തങ്കമണിക്കുമൊപ്പം ഇളയ മകൻ നന്ദകുമാറും മരുമകൾ ജയയും കൊച്ചുമക്കളായ ശരണ്യയും സൂര്യയുമാണ് ഇവിടത്തെ താമസക്കാർ. എല്ലാവരും പ്രകൃതിസ്‌നേഹികളാണ്. എല്ലാ ചെടികൾക്കും ഔഷധഗുണമുണ്ടെന്നാണ് ഇവരുടെ കണ്ടെത്തൽ. സ്‌കൂൾ കുട്ടികളും അധ്യാപകരും ഉയർന്ന ഉദ്യോഗസ്ഥരുമെല്ലാം ഇവിടെയെത്താറുണ്ട്. സന്ദർശകർക്ക് കടന്നുവരാനായി വഴിയെല്ലാം വൃത്തിയാക്കിവച്ചിരിക്കുന്നു. മരങ്ങൾക്ക് നനവു പകരാനായി പൈപ്പിലൂടെ വെള്ളം ഒഴുക്കിവിടുന്നുമുണ്ട്. വേനലിൽ മരപ്പൊത്തുകളിലും മറ്റും വെള്ളം ശേഖരിച്ചുവയ്ക്കാറുണ്ട്. കിളികൾക്ക് കുടിക്കാനാണിത്. കാട്ടിലെ കുളങ്ങളിൽ നാട്ടുമീനുകളും വളർത്തുമീനുകളുമുണ്ട്. വെള്ളത്തിൽ കരിയിലകൾ വീഴുന്നതിനാൽ പാത്രങ്ങളിൽ വെള്ളം ശേഖരിച്ചാണ് പക്ഷികൾക്ക് നൽകുന്നത്. മഞ്ഞക്കിളികളും എമറാൾഡുകളും പരുന്തുകളും മരംകൊത്തിയും മൂങ്ങയും മാത്രമല്ല, പലതരം ദേശാടനപക്ഷികളും ഇവിടെ വിരുന്നെത്തുന്നു. കൂടാതെ നിരവധി ചിത്രശലഭങ്ങളും ഈ വനത്തിൽ പറന്നുനടക്കുന്നുണ്ട്.
ദേവകിയമ്മയുടെ പ്രകൃതിസനേഹമാണ് മക്കൾക്കും പകർന്നുകിട്ടിയിരിക്കുന്നത്. ചെടികളും മരങ്ങളുമായുള്ള ചങ്ങാത്തം അമ്മയിൽനിന്നും കിട്ടിയതാണ്. എൻവയേൺമെന്റൽ എൻജിനീയറിംഗ് പഠിച്ചുതുടങ്ങിയപ്പോഴാണ് പ്രകൃതിയോടും സ്‌നേഹം തോന്നിത്തുടങ്ങിയത്. നാട്ടിൻപുറങ്ങളിലുണ്ടായിരുന്ന പല ചെടികളുടെയും പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് അടുത്തറിഞ്ഞത് പഠനത്തിലൂടെയാണ്. ഈ അനുഭവങ്ങൾ അമ്മയുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു- തങ്കമണി ടീച്ചർ പറയുന്നു.
പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള ദേവകിയമ്മയുടെ ആത്മബന്ധമാണ് രാജ്യത്തെ സ്ത്രീകൾക്കുള്ള പരമോന്നത സിവിലിയൻ ബഹുമതിയായ നാരീശക്തി പുരസ്‌കാരത്തിന് അർഹയാക്കിയത്. 2018 ലായിരുന്നു ഈ അംഗീകാരം ദേവകിയമ്മയെ തേടിയെത്തിയത്. കൂടാതെ കേന്ദ്ര സർക്കാരിന്റെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്, ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ കാർഷിക വന പുരസ്‌കാരം, കേരള സർക്കാരിന്റെ വനമിത്ര പുരസ്‌കാരം, സ്വദേശി സയൻസ് മൂവ്‌മെന്റിന്റെ ഭൂമിമിത്ര അവാർഡ്, കേരള ബയോ ഡൈവേഴ്‌സിറ്റി ബോർഡിന്റെ ഗ്രീൻ ഇൻഡിവിജ്വൽ പുരസ്‌കാരം, കേരള ഫോറസ്ട്രി ഡിപ്പാർട്ടുമെന്റിന്റെ പ്രകൃതി മിത്ര അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. 2020 ൽ അന്നത്തെ രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദ് ദേവകിയമ്മയെ നേരിട്ട് വിളിപ്പിച്ച് അനുമോദിച്ചിരുന്നു.
കേന്ദ്ര സർക്കാരിന്റെ വൃക്ഷമിത്ര അവാർഡ് 2005 ൽ വിതരണം ചെയ്തപ്പോൾ ആ പുരസ്‌കാരം അമ്മയ്ക്കും മകൾക്കും ലഭിച്ചിരുന്നു. 2002 ലെയും 2003 ലെയും വൃക്ഷമിത്ര പുരസ്‌കാരം 2005 ലായിരുന്നു വിതരണം ചെയ്തത്. വീട്ടുമുറ്റത്ത് കാടു വച്ചുപിടിപ്പിച്ചതിനാണ് അമ്മയ്ക്ക് പുരസ്‌കാരം ലഭിച്ചതെങ്കിൽ കോളേജ് മുറ്റത്ത് മരങ്ങൾ നട്ടുവളർത്തിയതിനുള്ള പുരസ്‌കാരമായിരുന്നു മകൾക്ക് ലഭിച്ചത്.. കൊച്ചുമകൾ ശരണ്യയും പ്രകൃതിയെ ചേർത്തുപിടിച്ചാണ് നടപ്പ്. ആലപ്പുഴ എസ്.ഡി കോളേജിൽ എം.എസ്‌സി ബോട്ടണി വിദ്യാർഥിയാണവൾ. എന്തുകൊണ്ട് സസ്യശാസ്ത്രം പഠിക്കുന്നു എന്നു ചോദിച്ചാൽ നമുക്കു ചുറ്റുമുള്ള ചെടികളെക്കുറിച്ച് അറിയാൻ കുട്ടിക്കാലംതൊട്ടേ താല്പര്യമുണ്ടായിരുന്നു. ഈ മേഖലയിലേയ്ക്ക് എന്റേതായ സംഭാവനകൾ നൽകണമെന്നാണ് ആഗ്രഹം എന്നായിരുന്നു മറുപടി. തങ്കമണി ടീച്ചറുടെ ശിഷ്യരിൽ പലരും നാടിന്റെ പല ഭാഗങ്ങളിലും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നുണ്ടെന്ന് അറിയുമ്പോൾ ഏറെ സന്തുഷ്ടയാണ്. ഒരിക്കൽ ഒരു വിദ്യാർഥി ടീച്ചറെ തേടിയെത്തിയത് താൻ നട്ടുവളർത്തിയ മാവിൽനിന്നും പറിച്ചെടുത്ത മാങ്ങയുമായിട്ടായിരുന്നു.
വനവൽക്കരണം മാത്രമല്ല, ഈ അമ്മയും മകളും ലക്ഷ്യമിടുന്നത്. കുടുംബത്തിന് ആവശ്യമായ കാച്ചിൽ, ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി, തെങ്ങ് എന്നിവയും ഈ വിശാലതയിലുണ്ട്. മക്കൾക്കെല്ലാം ആവശ്യമായ വിളകളാണ് ഇവിടെ കൃഷി ചെയ്യുന്നത്. എങ്കിലും നിരവധി സാമൂഹ്യപ്രശ്‌നങ്ങൾ ഈ കുടുംബം നേരിടുന്നുണ്ട്. പലരുടെയും മാലിന്യശേഖരം ഇവിടെയാണ്. അടുത്ത പ്രദേശങ്ങളിൽനിന്നുപോലും ആളുകൾ പഌസ്റ്റിക് മാലിന്യം ഈ വനത്തിൽ നിക്ഷേപിക്കുന്നുണ്ട്. അതിനൊരു അറുതിവരുത്താൻ അധികൃതരുടെ ഭാഗത്തുനിന്നും സത്വരശ്രദ്ധ ആവശ്യമാണെന്ന് തങ്കമണി ടീച്ചർ പറയുന്നു.
വെള്ളക്കെട്ടെന്ന ദുരന്തമാണ് അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നം. പണ്ടുകാലത്ത് നിരവധി തോടുകളുണ്ടായിരുന്നതിനാൽ തെക്കോട്ടും വടക്കോട്ടുമെല്ലാം വെള്ളം ഒഴുകിപ്പോയിരുന്നു. എന്നാൽ ഈ ഒഴുക്ക് തടസ്സപ്പെട്ടതോടെ മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് പല വൃക്ഷങ്ങളും നശിച്ചുപോകുന്ന അവസ്ഥയാണുള്ളത്. വയലും ചതുപ്പും നികത്തിയതാണ് ഈ വെള്ളക്കെട്ടിന് കാരണമാകുന്നത്. നനച്ചുണ്ടാക്കിയ  പല ചെടികളും വെള്ളം കെട്ടിക്കിടന്ന് നശിക്കുന്നതു കാണുമ്പോൾ സങ്കടമാണ്. വരണ്ട മണ്ണിനെയും വെള്ളക്കെട്ടിനെയും അതിജീവിച്ച മരങ്ങളാണ് ഇപ്പോഴിവിടെയുള്ളത്. അവ അതിഥികൾക്ക് സ്വാഗതമോതി തലയാട്ടിനിൽക്കുകയാണിവിടെ.

 

 

 

 


 

Latest News