ഈ കെ റെയിലെന്ന ഇടപാടിനെ നമ്മളെല്ലാം ഏതാണ്ട് മറന്നു തുടങ്ങിയതാണ്. ശമ്പളവും പെൻഷനും കൊടുക്കാനാകാതെ പാടുപെടുന്ന കേരളത്തിന് ഈ വയ്യാവേലി വേണ്ടെന്നായിരുന്നു മഹാഭൂരിപക്ഷവും ആഗ്രഹിച്ചതും. കേന്ദ്രനാണെങ്കിൽ വേഗം ലക്ഷ്യത്തിലെത്താനുള്ള കേരളത്തിന്റെ സ്വപ്‌നം യാഥാർഥ്യമാക്കാനുള്ള തീവ്ര ശ്രമത്തിലുമാണ്. മിക്കവാറും മാസങ്ങൾക്കകം മംഗളുരുവിനും ചെന്നൈക്കുമിടയിലോ, കോയമ്പത്തൂരിനും ഗോവയ്ക്കുമിടയിലോ വടക്കൻ കേരളത്തിലൂടെ വന്ദേഭാരത് കുതിച്ചു പായും. അതിനുള്ള പ്രാരംഭ പരീക്ഷണങ്ങൾ ആർക്കോണം, സേലം ഭാഗങ്ങളിൽ നടന്നുവരുന്നുണ്ട്. രണ്ടു ലക്ഷം കോടിയൊന്നും കേരളം ഇതിനായി മുടക്കേണ്ടതില്ല. നിലവിലെ പാത ഉപയോഗപ്പെടുത്തി തന്നെ ഇവൻ വരും. ഏറെ വൈകാതെ ആലപ്പുഴ വഴി കേരള തലസ്ഥാനത്തുമെത്താനുമാവും. അതിനിടയ്ക്കാണ് നമ്മുടെ ഗോവിന്ദൻ മാഷ് കൂറ്റനാട് പ്രസംഗിക്കുമ്പോൾ അറിയാതെ കെ-റെയിലിന്റെ സ്വപ്‌ന ലോകത്തേക്ക് ഒരു യാത്ര നടത്തിയത്. ഇത് വന്നാലുള്ള ഗുണങ്ങൾ വിപ്ലവ പാർട്ടിയുടെ സാരഥി വിവരിച്ചു. കൂറ്റനാട്ടെ കുടുംബശ്രീ യൂനിറ്റുകൾ തയാറാക്കുന്ന അപ്പവുമായി രാവിലെ എട്ടിന് ഷൊർണൂരെത്തുക. അവിടെ ഒന്നും നോക്കാനില്ല. റിസർവേഷനൊന്നും ആവശ്യമില്ല. തളിപ്പറമ്പ്-കണ്ണൂർ ബസിൽ പാപ്പിനിശേരിയിലേക്ക് കയറുന്ന ലാഘവത്തോടെ കയറിയിരിക്കാം. സോ സിമ്പിൾ. ചെറിയ പൈശ കൊടുത്താലും മതി (ഈ ചെറുതിന്റെ പരിധി ഏഴു നൂറിനും രണ്ടായിരത്തിനുമിടയിലെന്ന് വിമർശകർ) ഇരുപത് മിനുറ്റ് കൊണ്ട് കൊച്ചിയിലെത്തും. കൊച്ചി നല്ല ഉഗ്രൻ മാർക്കറ്റാണ്. അപ്പത്തിനായി വിശന്നു പൊരിയുന്ന പതിനായിരങ്ങൾ കെ-റെയിലിലൂടെ പറന്നെത്തുന്ന ട്രെയിനിനെ പൊതിയും. കയ്യൂക്കുള്ളവന് കൂറ്റനാട്ടിൽ തയാറാക്കിയ അപ്പം കിട്ടും. അല്ലാത്തോൻ അടുത്ത ദിവസത്തെ കെ-വണ്ടി വരുന്നത് കാത്തിരിക്കുകയേ നിർവാഹമുള്ളു. കുടുംബശ്രീ പെണ്ണുങ്ങളും ഹാപ്പി. അപ്പങ്ങളെല്ലാം പൊന്നും വിലയ്ക്ക് വിറ്റ് മടക്ക ട്രെയിനിൽ കയറി ഷൊർണൂരിലെത്തി ഊൺ വീട്ടിൽ വെച്ചു തന്നെ കഴിക്കാം. മാഷ് പറഞ്ഞത് കേട്ടപ്പോൾ വെറുതെ ഒരു സംശയം. പണ്ട് കെ-റെയിൽ എന്തായാലും വെരും കേട്ടോ എന്ന മുദ്രാവാക്യം അന്തരീക്ഷത്തിൽ പരന്ന കാലത്ത് കേട്ടത് ഏറ്റവും ഷോർട്ട് കട്ടിലൂടെയാവും ഈ പാത വരികയെന്നാണ്. അതായത് നിലവിലെ പല ട്രെയിനുകളും പോകുന്നത് പോലെ ഷൊർണൂരും കോട്ടയവുമൊന്നും കെ-വണ്ടി കാണില്ല. അതെല്ലാം വളവാണല്ലോ. പകരം തീരദേശത്തു കൂടെ വന്ന് തിരൂർ, കുന്ദംകുളം, തൃശൂർ, എറണാകുളം, ആലപ്പുഴ എന്നാണ് പറഞ്ഞിരുന്നത്. പാർട്ടിയുടെ താത്വികാചാര്യനായ കോവിന്ദൻ മാഷ്‌ക്ക് ഇതേടന്നാണപ്പാ ഒരു ഷൊർണൂർ കൂടി കിട്ടിയത്. എന്തിനാണ് ഗോവിന്ദൻ മാഷ് ഈ മണ്ടത്തരങ്ങൾ അവതരിപ്പിച്ചതെന്നറിയില്ല. ശ്രോതാക്കളിൽ കുടുംബശ്രീ, തൊഴിലുറപ്പുകാരുണ്ടായിരിക്കാം. മാഷ് തുടക്കം മുതലേ സന്ദേശത്തിലെ ശങ്കരാടിയുടെ പാർട്ടി ക്ലാസ് സ്റ്റൈലിലായിരുന്നുവല്ലോ. ഏതായാലും രണ്ടു മൂന്ന്് ദിവസം ട്രോളന്മാർക്കും ഇൻസ്റ്റ റീൽ തയാറാക്കുന്നവർക്കും നല്ല പണിയായിരുന്നു. ഏതായാലും ഗോവിന്ദൻ മാഷ് കണ്ടതല്ലാത്ത ഉപകാരം സമൂഹ മാധ്യമങ്ങളിൽ ചിലർ കെ-റെയിലിന് കണ്ടെത്തിയിട്ടുണ്ട്- ഇതുണ്ടായിരുന്നുവെങ്കിൽ പുക മൂടിയ കൊച്ചിയിൽനിന്ന് കാസർകോട്ട് ചെന്ന് ശ്വാസമെടുത്ത് വരാമെന്നായിരുന്നു ഒരു ബുദ്ധിജീവി നിരീക്ഷിച്ചത്. ഇതിന്റെ ചൂട് നിൽക്കേയതാ സി.പി.എമ്മിന്റെ മറ്റൊരു മുതിർന്ന നേതാവ് ഇ.പി സഖാവ് ഇപ്പോൾ നടക്കുന്ന സമരാഭാസങ്ങളെ കുറിച്ച് വാചാലനാവുന്നു. ആൺകുട്ടികളുടെ വേഷമിട്ടെത്തുന്ന പെൺകുട്ടികളാണ് പ്രശ്‌നക്കാർ. ഇതിലും കാര്യമായ സ്‌പെല്ലിംഗ് മിസ്റ്റേക്ക് ഇല്ലേയെന്ന് ദോഷൈക ദൃക്കുകൾക്ക് തോന്നിയേക്കാം. ബാലുശ്ശേരി സ്‌കൂളിലെ ജെന്റർ ഈക്വാലിറ്റി ഡ്രസ് കോഡ് പുരോഗമന കേരളം ആഘോഷിച്ചതൊക്കെ മറന്നോ ആവോ? കേരളത്തിലെ മുതിർന്ന വിപ്ലവ നായകരുടെ ഇപ്പോഴത്തെ പരിവർത്തനം കാണുമ്പോൾ പണ്ടൊക്കെ സിനിമയിൽ മോശം കാര്യങ്ങൾ മാത്രം ചെയ്തിരുന്ന ജനാർദനനെ പോലുള്ള നടന്മാർ പിൽക്കാലത്ത് ഹാസ്യതാരങ്ങളായി മാറിയതാണ് ഓർമ വരിക. വടകര എം.പി കെ. മുരളീധരൻ ഇടക്ക് ചില രസികൻ പ്രയോഗങ്ങൾ നടത്തിക്കളയും. കേരള ഭരണത്തെ പറ്റിയാണ് മുരളിയുടെ കമന്റ്. ഇതിപ്പോൾ സ്റ്റണ്ടും സെക്‌സുമൊക്കെയുള്ള പഴയ മലയാള സിനിമ പോലെയായെന്നായിരുന്നു പ്രതികരണം. ഈ കോലാഹലങ്ങൾക്കിടെ മനുഷ്യരെ ഒന്ന് ചിരിപ്പിക്കാൻ ശ്രമിക്കുന്നത് അത്ര വലിയ അപരാധമാണോ?
*** *** ***
ഓൺലൈൻ മാധ്യമങ്ങൾ അതിര് വിടുന്നുവെന്ന ആക്ഷേപം വ്യാപകമായിട്ടുണ്ട്. അങ്ങനെയാണല്ലോ നോൺ സെൻസ് ചോദ്യങ്ങളുമായി ഇറങ്ങിയ അവതാരങ്ങളെ ആലുവയിലെ ഓട്ടോ ചേട്ടന്മാർ കൈകാര്യം ചെയ്തത്. സോഷ്യൽ മീഡിയ അവരെ അഭിനന്ദിക്കുകയും ചെയ്തു. ഇതിനിടയ്ക്കാണ് വനിതാ ദിനത്തിൽ നടി മഞ്ജു പത്രോസിന്റെ കുറിപ്പ് ശ്രദ്ധേയമായത്. തന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ടും മറ്റും ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വ്യാജ വാർത്തകൾക്കെതിരെയാണ് രൂക്ഷ വിമർശനവുമായി നടി മഞ്ജു പത്രോസ് രംഗത്തെത്തിയത്. അടുത്തിടെയായിരുന്നു നടിയുടെ വീടിന്റെ ഗൃഹപ്രവേശനം നടന്നത്. ചടങ്ങിൽ ഭർത്താവ് സുനിച്ചൻ എത്താത്തതിനെത്തുടർന്ന് ഇരുവരും തമ്മിൽ പിരിഞ്ഞുവെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടി പ്രതികരിച്ചിരിക്കുന്നത്. നല്ലകാലം വന്നപ്പോൾ അവനെ ഒഴിവാക്കി അവൾ ആഘോഷിക്കുന്നു എന്നൊക്കെയായിരുന്നു നടിക്കെതിരെ വന്ന വിമർശനങ്ങൾ. തങ്ങൾ ഒന്നിച്ച് ജീവിച്ചാലോ പിരിഞ്ഞാലോ ഇത്തരം മാധ്യമങ്ങൾക്കെന്താണെന്ന് മഞ്ജു കുറിപ്പിലൂടെ ചോദിക്കുന്നു.ഒരു മുറിയും ഒരു ഫോണും ഇന്റർനെറ്റും ഉണ്ടെങ്കിൽ നിങ്ങൾക്ക് ആരെക്കുറിച്ചും എന്തും പറയാം എന്നാണോ? ആരാണ് നിങ്ങൾക്ക് ഇതിനൊക്കെയുള്ള ലൈസൻസ് തന്നത്?
ഞാനൊരു സെലിബ്രിറ്റി അല്ല. അഭിനയം എന്റെ തൊഴിൽ മാത്രമാണ്. നിങ്ങളാണോ എന്റെ വീട്ടിൽ കോടികൾ കൊണ്ട് തന്നത്? ഹൗസ് വാമിങ്ങിന് സുനിച്ചനെ കാണാതായപ്പോൾ, നല്ലകാലം വന്നപ്പോൾ അവനെ ഒഴിവാക്കി അവൾ ആഘോഷിക്കുന്നു എന്ന് പറഞ്ഞു നിങ്ങൾ.. സുനിച്ചനെ ഡൈവോഴ്‌സ് ചെയ്തു പോലും. അതൊക്കെ നിങ്ങൾ സ്വയമങ്ങ് തീരുമാനിച്ചാൽ മതിയോ? അല്ലെങ്കിൽ ആ മനുഷ്യൻ എവിടെയെങ്കിലും വന്നു നിങ്ങളോട് പറഞ്ഞോ ഞാൻ അദ്ദേഹത്തിനെ ഒഴിവാക്കിയെന്ന്? അതൊക്കെ പോട്ടെ ഞങ്ങൾ ഒരുമിച്ച് ജീവിച്ചാലോ പിരിഞ്ഞാലോ മാധ്യ്യമങ്ങളെ നിങ്ങൾക്ക് എന്താണ്? കേരളം നേരിടുന്ന ആഭ്യന്തര പ്രശ്‌നമാണോ ഞങ്ങളുടെ ദാമ്പത്യം? മഞ്ജു പത്രോസിന്റെ ചോദ്യം മറ്റു പലരും ചോദിക്കാൻ ആഗ്രഹിക്കുന്നതുമാണ്.
*** *** ***
മുംബൈ വിമാനത്താവളത്തിൽ പിന്നിട്ട വാരത്തിൽ മറ്റൊരു സങ്കടകരമായ ദൃശ്യം കണ്ടു. ഇരട്ടക്കുട്ടികളുമായി താരങ്ങളായ നയനും വിഘ്നേഷും ക്യാമറ കണ്ണുകൾക്ക് മുന്നിലെത്തിയതായിരുന്നു അത്. മക്കളായ ഉയിരും ഉലകവുമൊത്ത് നയൻതാരയും വിഘ്നേഷ് ശിവനും ആദ്യമായാണ് പൊതു ഇടത്തിലെത്തിയത്. കുഞ്ഞുങ്ങളെ ഫ്‌ളാഷ് ലൈറ്റ് ഏൽക്കാതെ മറച്ചുപിടിച്ച് എയർപോർട്ടിനുള്ളിലേക്ക് പോകാൻ ഇരുവരും കഷ്ടപ്പെടുകയായിരുന്നു. ഇതൊന്നും പാപ്പരാസികൾക്ക് കാര്യമാക്കേണ്ടതില്ലല്ലോ. വൈറലാകാൻ സാധ്യതയുള്ള ചിത്രങ്ങളും വീഡിയോയും എങ്ങനെയും സംഘടിപ്പിക്കുകയെന്നതാണല്ലോ ദൗത്യം. കഴിഞ്ഞവർഷം ജൂണിൽ വിവാഹിതരായ ഇരുവരും ഒക്ടോബറിലാണ് തങ്ങൾക്ക് ഇരട്ടകുഞ്ഞുങ്ങൾ പിറന്ന വിവരം പങ്കുവെച്ചത്. വിഘ്‌നേഷ് ശിവനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇരുവരും വിശേഷാവസരങ്ങളിൽ മക്കളുമൊത്തുള്ള ചിത്രങ്ങൾ പങ്കു വെക്കാറുണ്ടെങ്കിലും കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്താറില്ല.
*** *** ***
ഗുജറാത്തിൽ നിന്നുള്ള ഷാരൂഖ് ഫാൻസിന് സർക്കാർ ഭക്ഷണം കഴിക്കാനുള്ള വിധിയാണുണ്ടായത്. ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയതിനാണ് രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഷാരൂഖ് ഖാനെ കാണാനായി എട്ട് മണിക്കൂറോളം മേക്കപ്പ് റൂമിൽ ഒളിച്ചിരുന്നു. ഗുജറാത്തിലെ ബറൂച്ച് സ്വദേശികളായ രണ്ടുപേരാണ് താരത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയത്.
'പഠാൻ' താരത്തെ നേരിട്ടൊന്ന്് കാണാനാണ് എത്തിയതെന്നായിരുന്നു പിടിയിലായവരുടെ മൊഴി. ഷാരൂഖിന്റെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടി പോലീസിന് കൈമാറിയത്. മന്നത്ത് വീടിന്റെ പുറംഭിത്തി ചാടികടന്നെത്തിയ പ്രതികൾ മൂന്നാം നിലയിലെ മേക്കപ്പ് റൂമിനുള്ളിലാണ് ഒളിച്ചിരുന്നത്. ഇവരെ കണ്ടപ്പോൾ ഷാരൂഖ് ഞെട്ടിയെന്നാണ് പോലീസ് പറയുന്നത്. രാവിലെ മൂന്ന് മണിക്ക് അകത്ത് കടന്ന ഇവരെ പിറ്റേന്ന് രാവിലെ 10.30നാണ് പിടികൂടിയതെന്ന്് ഷാരൂഖിന്റെ മാനേജർ കോളിൻ ഡിസൂസ പറഞ്ഞു. ഹൗസ് കീപ്പിംഗ് ജീവനക്കാരനായ സതീഷാണ് അതിക്രമിച്ച് കയറിയവരെ ആദ്യം കണ്ടത്. പിടിയിലായവർക്ക് 20നും 22നും ഇടയിലാണ് പ്രായം. കഥ തുടർന്നത് ബാന്ദ്ര പോലീസ് സ്‌റ്റേഷൻ വഴി.
*** *** ***
പ്രമുഖ സിനിമാ താരങ്ങളുടെയും പ്രശസ്തരുടേയുമൊക്കെ പിറകേ പാപ്പരാസികൾ ഓടുന്നത് പുതിയ കാര്യമല്ല. ഈയടുത്താണ് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനും ഇത്തരത്തിലൊരു അനുഭവമുണ്ടായത്. തന്റെ വീടിന്റെ കോമ്പൗണ്ടിനകത്തേക്ക് കയറിവന്ന പാപ്പരാസികൾക്ക് ചുട്ട മറുപടിയാണ് സെയ്ഫ് അലി ഖാൻ കൊടുത്തത്.
സെയ്ഫും കരീന കപൂറും ഒരു പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ഒരുകൂട്ടം പാപ്പരാസികൾ ക്യാമറകളുമായി ഓടിയെത്തി. റോഡും കടന്ന് കോമ്പൗണ്ടിനകത്തേക്ക് സംഘം പ്രവേശിച്ചപ്പോൾ നിയന്ത്രണം വിട്ട സെയ്ഫ് ഖാൻ പ്രകോപിതനായി. 'ഒരു കാര്യം ചെയ്യ്, കിടപ്പുമുറിയിലേക്ക് കൂടി കടന്നുവരൂ' എന്ന് ദേഷ്യത്തോടെ പ്രതികരിക്കുകയായിരുന്നു താരം. ഗേറ്റിലൂടെ സ്വകാര്യ വസതിയിലേക്ക് സെക്യൂരിറ്റി ഗാർഡിനെ വരെ മറികടന്ന് വന്നത് തെറ്റാണ്. ഇരുപതോളം ലൈറ്റുകളും കാമറകളും അവർ വീടിനകത്തേക്ക് കൊണ്ടുവന്നു. ഇത് തീർത്തും തെറ്റായ നടപടിയാണ്. എല്ലാത്തിനും പരിധി വേണം. എപ്പോഴും ജേണലിസ്റ്റുകളോട് സഹകരിക്കുന്നവരാണ് ഞങ്ങൾ. എന്നാൽ അനുവാദമില്ലാതെ സ്വകാര്യ സ്ഥലത്തേക്ക് വരരുത്- സെയ്ഫ് പ്രതികരിച്ചു.
*** *** ***
ബോളിവുഡ് താരം സുസ്മിത സെൻ തനിക്കുണ്ടായ ഹൃദയാഘാതത്തെ പറ്റിയുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
ആരാധകരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി കൊണ്ട് കടുത്ത നെഞ്ചുവേദനയാണ് തനിക്കുണ്ടായതെന്നും പ്രധാന ധമനിയിൽ 95 ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും സുസ്മിത പറയുന്നു.നിരവധി യുവാക്കളാണ് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. അതിനാൽ പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്. നിങ്ങളിൽ നിരവധി പേർ ജിമ്മിൽ പോകുന്നത് അവസാനിപ്പിച്ചിട്ടുണ്ടെന്ന് അറിയാം എന്നാൽ അത് ശരിയല്ല. കാരണം ഞാൻ രക്ഷപ്പെടാൻ കാരണമായത് ആക്ടീവ് ആയ ജീവിതശൈലി എനിക്കുണ്ടായത് കൊണ്ടാണ്. പുരുഷന്മാർക്ക് മാത്രമല്ല ഹൃദയാഘാതമുണ്ടാകുക എന്ന് സ്ത്രീകൾ മനസിലാക്കണം. ഇതിൽ പേടിക്കേണ്ടതായി ഒന്നുമില്ല. കൂടുതൽ ശ്രദ്ധ വേണം. നിങ്ങൾക്ക് പുതിയൊരു ജീവിതം ലഭിക്കുമ്പോൾ നിങ്ങൾ അതിനെ ബഹുമാനിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നു. അപ്പോഴാണ് വ്യായാമം ചെയ്യാനും ഇഷ്ടം കൂടുതൽ ശക്തിപ്പെടുത്താനും പഠിക്കുന്നത്- സുസ്മിത പറഞ്ഞു. ഓരോരോ തിരിച്ചറിവുകൾ.
*** *** ***
എന്ത് വൃത്തികേടാണിത്, എന്തൊരു ബോറൻ ഭാഷ- ദൽഹി ഹൈക്കോടതിയുടേതാണ് ചോദ്യം. കോളജ് റൊമാൻസ് എന്ന വെബ് സീരീസിലെ ഭാഷാ പ്രയോഗം അറുബോറനാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സംഭവത്തിൽ വെബ് സീരീസ് സംപ്രേഷണം ചെയ്ത ടി വി എഫ് എന്ന ഒടിടി പ്ലാറ്റ്ഫോമിനും സംവിധായകൻ സിമർപ്രീത് സിങ്ങിനും അഭിനയിച്ച അപൂർവ അറോറയ്ക്കും എതിരെ കേസെടുക്കാനുള്ള മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. വെബ് സീരീസിൽ ഉടനീളം ലൈംഗികത പ്രകടമാക്കുന്ന ഭാഷയാണെന്നും ഇത് കേൾവിക്കാരെ അസ്വസ്ഥപ്പെടുത്തുമെന്നും കോടതി അഭിപ്രായപ്പെട്ടു. വെബ് സീരീസിൽ അശ്ലീലവും കാമവുമായ ഉള്ളടക്കമാണ്. ഒ ടി ടി പ്ലാറ്റ്‌ഫോമുകളിൽ സംപ്രേഷണം ചെയ്യുന്ന ഇത്തരം കണ്ടന്റുകളുടെ ഭാഷ പരിശോധിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത് പരസ്യമായി കാണാൻ പറ്റില്ല എന്നും ഇയർ ഫോൺ ഉപയോഗിച്ചാണ് കേട്ടതെന്നും ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ പറഞ്ഞു. രാജ്യത്തെ പൗരന്മാർ ഉപയോഗിക്കുന്ന ഭാഷയല്ല ഇതിലേതെന്നും കോടതി വിലയിരുത്തി. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും തമ്മിൽ സൂക്ഷ്മമായ സന്തുലിതാവസ്ഥ പുലർത്തണം. ഐ ടി നിയമം 67, 67 എ വകുപ്പുകൾ പ്രകാരം അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കാനും കോടതി ഉത്തരവിട്ടു. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇത്തരമൊരു ഭാഷാ പ്രയോഗം അനുവദിക്കാനാവില്ല- കോടതി നിലപാട് വ്യക്തമാക്കി. ഇത്രയും നല്ല കാര്യം.
ഫേസ്ബുക്കിനൊപ്പം സമ്മാനമായി ലഭിക്കുന്ന ഇൻസ്റ്റ റീലുകളുണ്ടല്ലോ. സാധാരണഗതിയിൽ കുഴപ്പമില്ലാത്ത ഉള്ളടക്കമാണ് ഇവയുടേത്. അവിടെ നല്ല ബീഫ് ഉഴപ്പിയത് കിട്ടും, ഇവിടെ അതിലും മികച്ച തലശേരി പിരിയാണി ലഭിക്കുമെന്നൊക്കെയുള്ള ലഘു മത പ്രഭാഷണങ്ങൾ. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കെ-റെയിലിലേറി കണ്ണൂരിലെ പാർട്ടിക്കാർ തലസ്ഥാനത്തെത്തിയതിന്റെ തമാശ രൂപങ്ങളുമൊക്കെയായിരുന്നു പതിവ്. കഴിഞ്ഞ ആഴ്ച പതിവ് തെറ്റിച്ച് അശ്ലീല ഉള്ളടക്കം കുത്തി നിറച്ചു. ദൽഹിയിലെ ജഡ്ജി ഇയർ ഫോൺ വെച്ച് കേട്ടത് പോലൊരു അനുഭവം. പഴയ പ്ലേബോയ് മാഗസിനിലെ എഡിറ്ററെങ്ങാനും ഇതിൽ ചുമതലയേറ്റുവോ എന്നാർക്കറിയാം?






