ഇത്തവണ ലോകകപ്പ് കളിക്കുന്നവരില്‍ പ്രാമയേറിയ താരം ഈജിപ്ത് ഗോളി ഇസ്സാ അല്‍ഹദരി, പ്രായം കുറവ് ഓസ്‌ട്രേലിയന്‍ വിംഗര്‍ ഡാനിയേല്‍ അര്‍സാനിയും. ലോകകപ്പിന് വരുന്ന 736 കളിക്കാരില്‍ 200 പേര്‍ക്ക് മുമ്പ് ലോകകപ്പ് കളിച്ച പരിചയമുണ്ട്. 2014 ലെ ബ്രസീല്‍ ലോകകപ്പില്‍ കളിച്ച 186 പേര്‍ ഇത്തവണ റഷ്യയിലുണ്ട്. 2010 ലെ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ കളിച്ച 61 കളിക്കാരും. 2006 ലെ ജര്‍മനി ലോകകപ്പില്‍ കളിച്ച 21 പേര്‍ ഇത്തവണ റഷ്യയില്‍ ജഴ്‌സിയണിയും. 2002 ലെ ലോകകപ്പില്‍ കളിച്ച ഒര് കളിക്കാരനുമുണ്ട്, മെക്‌സിക്കോയുടെ റഫായേല്‍ മാര്‍ക്വേസ്. മാര്‍ക്വേസ് അഞ്ച് ലോകകപ്പില്‍ പങ്കെടുക്കുന്ന നാലാമത്തെ കളിക്കാരനാവും. ആന്റോണിയൊ കര്‍വഹാല്‍ (മെക്‌സിക്കൊ), ലോതര്‍ മത്തായൂസ് (ജര്‍മനി), ജിയാന്‍ലൂജി ബുഫോണ്‍ എന്നിവരാണ് അഞ്ച് ലോകകപ്പില്‍ പങ്കെടുത്ത മറ്റു കളിക്കാര്‍. 12 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് രണ്ടു കളിക്കാര്‍ ലോകകപ്പില്‍ തിരിച്ചെത്തുന്നത്. കോസ്റ്ററീക്കയുടെ റന്‍ഡാല്‍ അസൊഫീഫയും പോളണ്ടിന്റെ ആര്‍തര്‍ ബോറുച്ചും.
ഇംഗ്ലണ്ട് ടീമിലെ എല്ലാ കളിക്കാരും സ്വന്തം നാട്ടില്‍ കളിക്കുന്നവരാണ്. റഷ്യന്‍ ടീമിലെ 21 പേരും സൗദി അറേബ്യയുടെ ടീമിലെ 20 പേരും സ്വന്തം ലീഗില്‍ പന്ത് തട്ടുന്നവരാണ്. അതേസമയം സെനഗല്‍, സ്വീഡന്‍ ടീമുകളില്‍ സ്വന്തം ലീഗിലെ ഒരാള്‍ പോലുമില്ല. ബെല്‍ജിയം, ഐസ്‌ലന്റ്, നൈജീരിയ, സ്വിറ്റ്‌സര്‍ലന്റ് ടീമുകളില്‍ സ്വന്തം ആഭ്യന്തര ലീഗിലെ ഒരു കളിക്കാരനുണ്ട്. 736 കളിക്കാരില്‍ 74 ശതമാനം യൂറോപ്പില്‍ ക്ലബ് ഫുട്‌ബോള്‍ കളിക്കുന്നവരാണ്.
ലോകകപ്പില്‍ ഗോളടിച്ച പരിചയവുമായി വരുന്ന 53 കളിക്കാരുണ്ട് ഇത്തവണ. ജര്‍മനിയുടെ തോമസ് മുള്ളറാണ് (10 ഗോള്‍) മുന്നില്‍. ഹമീസ് റോഡ്രിഗസ് (കൊളംബിയ, 6), ടിം കഹീല്‍ (ഓസ്‌ട്രേലിയ), ഗോണ്‍സാലൊ ഹിഗ്വയ്ന്‍, ലിയണല്‍ മെസ്സി (അര്‍ജന്റീന), ലൂയിസ് സോറസ് (ഉറുഗ്വായ്), അഞ്ച് വീതം.
ഈജിപ്ത് ഗോളി ഇസ്സാം അല്‍ഹദരി (45 വയസ്സും അഞ്ച് മാസവും) ലോകകപ്പ് കളിക്കുന്ന പ്രായമേറിയ കളിക്കാരനാവും. ഇത്തവണ പങ്കെടുക്കുന്ന രണ്ടാമത്തെ പ്രായമേറിയ കളിക്കാരന്‍ റഫായേല്‍ മാര്‍ക്വേസിനെക്കാള്‍ ആറ് വര്‍ഷം മുമ്പാണ് ഇസ്സാം ജനിച്ചത്. മൂന്ന് കോച്ചുമാര്‍ക്ക് ഇസ്സാമിന്റെ പ്രായമില്ല, സെനഗലിന്‍ അലിയു സിസെ, ബെല്‍ജിയത്തിന്റെ റോബര്‍ടൊ മാര്‍ടിനസ്, സെര്‍ബിയയുടെ മ്ലാദിന്‍ ക്രാസ്റ്റായിച്.
ഉറുഗ്വായ് കോച്ച് ഓസ്‌കാര്‍ തബാരേസാണ് പ്രായമേറിയ കോച്ച് (71 വയസ്സ്), സെനഗലിന്റെ സിസെയെക്കാള്‍ 29 വയസ്സ് കൂടുതല്‍. 19 വയസ്സും അഞ്ച് മാസവും പ്രായമുള്ള ഡാനിയേല്‍ അര്‍സാനിയാണ് (ഓസ്‌ട്രേലിയ) പ്രായം കുറഞ്ഞ കളിക്കാരന്‍. കളിക്കാരുടെ ശരാശരി പ്രായം 28 വയസ്സാണ്, ലോകകപ്പ് ചരിത്രത്തിലെ പ്രായമേറിയ നിരയാണ് ഇത്തവണത്തേത്.
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നാണ് ഇത്തവണ കൂടുതല്‍ കളിക്കാര്‍, 16. റയല്‍ മഡ്രീഡ് (15), ബാഴ്‌സലോണ (14), ചെല്‍സി , പി.എസ്.ജി, ടോട്ടനം (12) എന്നീ ക്ലബ്ബുകളാണ് തൊട്ടുപിന്നില്‍. ഇംഗ്ലണ്ടില്‍ കളിക്കുന്ന 124 പേര്‍ ലോകകപ്പിനുണ്ട്. സ്‌പെയിനില്‍ 81 പേരും ജര്‍മനിയില്‍ 67 പേരും കളിക്കുന്നു.
മാര്‍ക്വേസും അര്‍ജന്റീനയുടെ ഹവിയര്‍ മസ്‌ചെരാനോയും 16 ലോകകപ്പ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ലിയണല്‍ മെസ്സി (15), മെസുത് ഓസില്‍ (ജര്‍മനി, 14), തോമസ് മുള്ളര്‍, മാന്വേല്‍ നോയര്‍, (ജര്‍മനി), സെര്‍ജിയൊ റാമോസ് (സ്‌പെയിന്‍), ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ (പോര്‍ചുഗല്‍), 13 എന്നിവരാണ് തൊട്ടുപിന്നില്‍.