കൊച്ചി-സമകാലിക വിഷയങ്ങളിൽ അതിരൂക്ഷമായ പ്രതികരണവുമായി എത്തുന്ന സിനിമാ താരങ്ങളിൽ ഒരാളാണ് ഹരീഷ് പേരടി. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ താരം ശക്തമായ വിമർശനമാണ് അഴിച്ചുവിടാറുള്ളത്. ഇത് പലപ്പോഴും വിവാദത്തിൽ ചെന്നെത്തുകയും ചെയ്യുന്നു. ഏറ്റവും ഒടുവിൽ താരം പ്രതികരിച്ചിരിക്കുന്നത് പരീക്ഷാ ചോദ്യപേപ്പർ ചുവപ്പു നിറത്തിൽ അച്ചടിച്ചതിന് എതിരെയാണ്. കഴിഞ്ഞ ദിവസം നടന്ന ഹയർസെക്കണ്ടറി പരീക്ഷയുടെ ചോദ്യപേപ്പർ ചുവപ്പുനിറത്തിലാണ് അച്ചടിച്ചത്. ഇതിനെതിരെ ഫെയ്‌സ്ബുക്കിൽ കടുത്ത ഭാഷയിലാണ് ഹരീഷ് പ്രതികരിച്ചത്.
നടിയുടെ ഷഡി കാവിനിറമായപ്പോൾ ഐക്യദാർഢ്യം കുരച്ച ഒരു സാംസ്‌കാരിക നായിക്കളും കുട്ടികളുടെ പരീക്ഷാപേപ്പർ ചുവപ്പിച്ചപ്പോൾ കുരക്കുന്നില്ലെന്ന് ഹരീഷ് പറഞ്ഞു. കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടിട്ട് ഒമ്പത് ദിവസം കഴിഞ്ഞു. ഒരു സാംസ്‌കാരിക നായിക്കും കുര പോയിട്ട് ഒരു മൂളക്കം പോലുമില്ല. ഉടമസ്ഥരുള്ള സാംസ്‌കാരിക നായിക്കളെ. നിങ്ങൾ അവരുടെ തീട്ടം തിന്ന് സുഖമായി ഉറങ്ങിക്കോളൂ. ശുഭ മാലിന്യരാത്രി. പക്ഷെ ആരൊക്കെ കല്ലെടുത്ത് എറിഞ്ഞാലും ഉടമസ്ഥരില്ലാത്ത ഞങ്ങൾ തെരുവ് നായിക്കൾ അനീതിക്കെതിരെ കുരച്ചുകൊണ്ടെയിരിക്കും. തെരുവുകൾ മുഴുവൻ ആർക്കും വേണ്ടാത്തവന്റെ കുരകൊണ്ട് മുഴങ്ങട്ടെ എന്നും ഹരീഷ് പറഞ്ഞു.
ഹരീഷിനെതിരെ ഇടതുപ്രൊഫൈലുകൾ രംഗത്തെത്തി. നേരത്തെ ഹരീഷിന്റെ സിനിമക്ക് പ്രമോഷനുമായി സി.പി.എം പോളിറ്റിബ്യൂറോ അംഗം എം.എ ബേബി വന്നിരുന്നു. ഇതും ചൂണ്ടിക്കാട്ടിയാണ് ഇടതുപ്രൊഫൈലുകൾ വിമർശനം ഉന്നയിക്കുന്നത്. ഹരീഷിനെ പിന്തുണച്ചതിനെ ന്യായീകരിച്ച് പിന്നീട് എം.എ ബേബി രംഗത്തെത്തിയത് വൻ വിവാദം ഉണ്ടാക്കിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)