ലോകകപ്പിൽ ഒരുപാട് അവിസ്മരണീയ മുഹൂർത്തങ്ങൾ സൃഷ്ടിച്ച ടീമാണ് കൊളംബിയ. റെനെ ഹിഗ്വിറ്റയും കാർലോസ് വാൾഡറമയും ആന്ദ്രെ എസ്‌കോബാറുമൊക്കെ ലോകകപ്പ് ചരിത്രത്തിലെ മറക്കാനാവാത്ത കളിക്കാരാണ്. കഴിഞ്ഞ ലോകകപ്പിലെ ഓർമയിൽ തങ്ങിനിൽക്കുന്ന നിമിഷങ്ങളിലൊന്ന് കൊളംബിയ സൃഷ്ടിച്ചതാണ്, ഉറുഗ്വായ്‌ക്കെതിരായ മത്സരത്തിൽ ഹമീസ് റോഡ്രിഗസ് നേടിയ ഗോൾ. പന്ത് നെഞ്ചിലെടുത്ത് വെട്ടിത്തിരിഞ്ഞ ശേഷം ഹമീസ് പായിച്ച ഷോട്ട് ക്രോസ്ബാറിനടിയിൽ തട്ടിത്തെറിച്ച് വലയിൽ കയറിയപ്പോൾ കാണികൾ സ്തബ്ധരായി. ആറ് ഗോളോടെ ഹമീസ് ടോപ്‌സ്‌കോററായി. റയൽ മഡ്രീഡിലേക്ക് കോടികളുടെ കരാറിന് വഴിയൊരുങ്ങി.
പക്ഷേ ആ ഉയരങ്ങൾക്കു ശേഷം ഹമീസിന് ഇറക്കമായിരുന്നു. റയലിന്റെ സ്റ്റാർടിംഗ് ഇലവനിൽ സ്ഥിരം സ്ഥാനം നേടാനാവാതെ വലഞ്ഞു. ജർമനിയിൽ ബയേൺ മ്യൂണിക്കിലേക്ക് മാറിയ ശേഷം ഫോമിലെത്താനുള്ള ശ്രമത്തിലാണ്. കൊളംബിയയുടെ കാര്യവും അങ്ങനെ തന്നെ. കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടറിലെത്തിയ ശേഷം അവർ കിതക്കുകയാണ്. അവസാന മത്സരത്തിലാണ് ലോകകപ്പ് ബെർത്തുറപ്പിച്ചത്.
കഴിഞ്ഞ ലോകകപ്പിലെ മികച്ച കളിക്കാരിലൊരാളാവുമെന്ന് കരുതപ്പെട്ട റഡാമെൽ ഫാൽക്കാവോക്ക് ടൂർണമെന്റിന് ആഴ്ചകൾ മുമ്പ് പരിക്കേറ്റ് പിന്മാറേണ്ടി വന്നു. ആ ഉയരങ്ങളിലല്ലെങ്കിലും ഫാൽക്കാവൊ ഇത്തവണ അരങ്ങേറുകയാണ്.
കോച്ച്
ജന്മനാടായ അർജന്റീനയിൽ വലിയ വിജയങ്ങൾ നേടിയ കോച്ചാണ് ജോസെ പെക്കർമാൻ. 1995 ലും 1997 ലും 2001 ലും അർജന്റീനയെ അണ്ടർ20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു. 2006 ലെ സീനിയർ ലോകകപ്പിൽ അർജന്റീനയെ ക്വാർട്ടർ ഫൈനലിലെത്തിച്ചു, ലിയണൽ മെസ്സി എന്നൊരു പയ്യനെ റിസർവ് ബെഞ്ചിലിരുത്തിയത് വിമർശിക്കപ്പെട്ടുവെങ്കിലും. ആതിഥേയരായ ജർമനിയോട് അത്തവണ ഷൂട്ടൗട്ടിലാണ് അർജന്റീന പുറത്തായത്. ആറു വർഷമായി പെക്കർമാൻ കൊളംബിയയുടെ കോച്ചാണ്. കൊളംബിയയുമായി അദ്ദേഹത്തിന് ദീർഘകാല ബന്ധമുണ്ട്. എഴുപതുകളിൽ വിവിധ കൊളംബിയൻ ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്. മൂത്ത മകൾ ജനിച്ചത് 1975 ൽ ബൊഗോട്ടയിൽ വെച്ചാണ്.
ഗോൾകീപ്പർമാർ
കഴിഞ്ഞ ലോകകപ്പിലൂടെ ശ്രദ്ധേയനായ ഡേവിഡ് ഓസ്പിനയാണ് അനിഷേധ്യനായ ഒന്നാം ഗോളി. ആഴ്‌സനൽ ഓസ്പിനയെ കപ്പ് മത്സരങ്ങളിൽ മാത്രമേ ഉപയോഗിക്കാറുള്ളൂ, ലീഗിൽ പീറ്റർ ചെക്കിനു പിന്നിലാണ് സ്ഥാനം. കൊളംബിയൻ ക്ലബ്ബുകളിൽ കളിക്കുന്ന ഹോസെ ഫെർണാണ്ടൊ ക്വാദ്‌റാദൊ, കാമിലൊ വർഗാസ് എന്നിവരും ടീമിലുണ്ടാവും.
ഡിഫന്റർമാർ
മാരിയൊ ആൽബർടൊ ലെപെസ് വിരമിച്ചതും പാബ്‌ലൊ അർമേരൊ, കാമിലൊ സുനീഗ, കാർലോസ് വാൽദേസ് എന്നിവർ മങ്ങിയതും കാരണം പ്രതിരോധ നിര ഉടച്ചുവാർക്കേണ്ടി വന്നു പെക്കർമാന്. ബാഴ്‌ലോണയിലെ യെറി മീന പുതിയ കളിക്കാരിൽ ശ്രദ്ധേയനാണ്. ഓസ്‌കർ മൂറിയൊ, ടോട്ടനമിന്റെ യുവ താരം ഡേവിൻസൻ സാഞ്ചസ് എന്നിവരും ഒന്നാന്തരം പ്രതിഭകളാണ്. ക്രിസ്റ്റിയൻ സപാറ്റക്കും സാന്റിയാഗൊ അരിയാസിനും രണ്ടാം ലോകകപ്പായിരിക്കും ഇത്. ഇടതു വിംഗിൽ അർമേരോയുടെ സ്ഥാനം ഫ്രാങ്ക് ഫാബ്രക്ക് ലഭിച്ചേക്കും.
മിഡ്ഫീൽഡർമാർ
ഹമീസ്, യുവാൻ ക്വാദ്‌റാദൊ, കാർലോസ് സാഞ്ചസ് എന്നിവർക്ക് രണ്ടാം ലോകകപ്പാണ്. എഡ്വിൻ കാർദോണ, മാറ്റിയൂസ് യൂറിബെ, വിൽമർ ബാരിയോസ്, ജിയോവാനി മോറിനൊ, യുവാൻ ഫെർണാണ്ടൊ ക്വിന്ററൊ എന്നിവരിലാരും യൂറോപ്പിൽ കളിക്കുന്നവരല്ല. ഒരു വർഷത്തോളമായി മധ്യനിരയിൽ നിന്നാണ് കൊളംബിയക്ക് ഗോൾ ലഭിക്കുന്നത്.
ഫോർവേഡുകൾ
സ്റ്റാർടിംഗ് ലൈനപ്പിൽ സ്ഥാനമുറപ്പ് ഫാൽക്കാവോക്ക് മാത്രമാണ്. ദുവാൻ സപാറ്റ, ലൂയിസ് ഫെർണാണ്ടൊ മൂറിയെൽ, കാർലോസ് ബക്ക, മിഗ്വേൽ ബോർഹ എന്നിവരും ടീമിലുണ്ടാവും.
മത്സരങ്ങൾ
ജപ്പാനുമായാണ് ഉദ്ഘാടന മത്സരം, 19 ന്. 24 ന് പോളണ്ടിനെയും 28 ന് സെനഗലിനെയും നേരിടും.