മുംബൈ - ഇന്ത്യൻ ഫുട്‌ബോളിനെ പിന്തുണക്കണമെന്ന തന്റെ അഭ്യർഥനക്ക് ഇത്ര വലിയ പ്രതികരണമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നായകൻ സുനിൽ ഛേത്രി. ഛേത്രിയുടെ നൂറാം മത്സരം കൂടിയായ കെനിയക്കെതിരായ കളി കാണാൻ വൻ ജനാവലിയാണ് എത്തിയത്. ചില കളികൾ ടീം തോൽക്കുകയും ചിലത് ജയിക്കുകയും ചെയ്യുമെങ്കിലും ഇത്തരം പിന്തുണ തുടർന്നും ലഭിച്ചാൽ കളിക്കളത്തിൽ ജീവൻ നൽകാൻ പോലും കളിക്കാർ തയാറാണെന്ന് ഛേത്രി പറഞ്ഞു. നൂറാം മത്സരത്തിൽ രണ്ട് ഗോളടിച്ച ഛേത്രി കെനിയക്കെതിരെ ഇന്ത്യയെ 3-0 വിജയത്തിലേക്ക് നയിച്ചിരുന്നു. മത്സര ശേഷം ഐ.എം. വിജയനും ബൈചുംഗ് ബൂട്ടിയയുമുൾപ്പെടെ മുൻ രോമാഞ്ചങ്ങൾ ഛേത്രിയെ അനുമോദിച്ചു.
ചൈനീസ് തായ്‌പെയ്‌ക്കെതിരായ ഇന്റർകോണ്ടിനന്റൽ കപ്പ് മത്സരം ശുഷ്‌കിച്ച ഗാലറിക്കു മുന്നിൽ കളിക്കേണ്ടി വന്നതോടെയാണ് ഛേത്രി പിന്തുണ അഭ്യർഥിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്.
അതേസമയം പിന്തുണ യാചിക്കേണ്ടാത്ത വിധം മികച്ച പ്രകടനമാണ് ടീം കാഴ്ചവെക്കുന്നതെന്ന് കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ പറഞ്ഞു. നല്ല ജനക്കൂട്ടത്തിനു മുന്നിൽ കളിക്കാനുള്ള അർഹത ഈ ടീമിനുണ്ട്. കെനിയക്കെതിരായ കളിയിലെ ജനക്കൂട്ടത്തിന്റെ സാന്നിധ്യം അവിശ്വസനീയമായിരുന്നു.
കഴിഞ്ഞ മൂന്നര വർഷത്തെ നേട്ടങ്ങൾ പരിഗണിക്കുമ്പോൾ ചില കളികളിലെ കാണികളുടെ എണ്ണം നിരാശപ്പെടുത്തുന്നു -കോൺസ്റ്റന്റൈൻ പറഞ്ഞു. നാളെ ന്യൂസിലാന്റിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഞായറാഴ്ചയാണ് ഫൈനൽ.