സുജയ പാര്‍വതിയെ 24 ന്യൂസ് പുറത്താക്കി, ജനം ടി.വിയില്‍ ചേരുമെന്ന് സൂചന

കൊച്ചി- സംഘ്പരിവാര്‍ തൊഴിലാളി സംഘടനയായ ബി.എം.എസിന്റെ വേദിയില്‍ സ്ഥാപനത്തിനെതിരെ വ്യാജ ആരോപണം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതിയെ 24 ന്യൂസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 24 ന്യൂസ് അസോസിയേറ്റ് ന്യൂസ് എഡിറ്ററായിരുന്ന സുജയ പാര്‍വതി ജനം ടി.വിയിലേക്ക് ചേക്കേറുമെന്നാണ് വിവരം.
ബി.എം.എസിന്റെ വനിതാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സുജയ സ്ഥാപനത്തിനെതിരെ ആരോപണമുന്നയിച്ചത്.
ബി.എം.എസ് പരിപാടിയില്‍ പങ്കെടുത്താല്‍ സംഘിയാവുമെങ്കില്‍ താന്‍ സംഘി ആയിക്കോട്ടെയെന്നും മറ്റുള്ള സംഘടനകള്‍ പോലെ ബി.എം.എസും ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും സുജയ പറഞ്ഞിരുന്നു.
ശബരിമലയിലെ സ്ത്രീ പ്രവേശനം ചര്‍ച്ചയായ സമയത്ത് റിപ്പോര്‍ട്ടിങിനായാലും മറ്റും അങ്ങോട്ട് പോകേണ്ടിതില്ല എന്നതായിരുന്നു തന്റെ വ്യക്തിപരമായ  നിലപാടെന്നും അതുകൊണ്ട് തന്നെ തൊഴിലിടത്തില്‍ എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ടെന്നും സുജയ പറഞ്ഞിരുന്നു.
പക്ഷെ അതെന്റെ നിലപാടാണ്. എന്റെ വിശ്വാസമാണ്. വിശ്വാസവും നിലപാടും അടിയറവ് വെച്ചുകൊണ്ടുള്ള നേട്ടങ്ങള്‍ വേണ്ട എന്ന് തീരുമാനത്തിലാണ് കഴിഞ്ഞ 16 വര്‍ഷവും ഞാന്‍ ജോലി ചെയ്തതെന്നും സുജയ പറഞ്ഞു. ഏത് കോര്‍പ്പറേറ്റ് സംവിധാനത്തിന് കീഴില്‍ ജോലി ചെയ്യേണ്ടി വന്നാലും ഇപ്പോള്‍ ജോലി ചെയ്യുന്ന തൊഴിലിടം മാറിയാലും, എന്റെ നയവും നിലപാടും അത് തന്നെയായിരിക്കുമെന്നും സുജയ പറഞ്ഞു.
കേന്ദ്രമന്ത്രി വി മുരളീധരന്റെ നോമിനിയായാണ് സുജയ 24 ന്യൂസില്‍ എത്തിയത്. സഹപ്രവര്‍ത്തകര്‍ തമ്മില്‍ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങളും സുജയ പാര്‍വതിയെ പുറത്താക്കിയതിനു പിന്നിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

 

Latest News