സ്‌റ്റോക്ക്‌ഹോം- കടുത്ത ഏകാധിപത്യ രീതിയിലേക്കാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ ഭരണം മുമ്പോട്ടുപോകുന്നതെന്ന് സ്വീഡനിലെ ഗോത്തെന്‍ബര്‍ഗ് സര്‍വകലാശാലയുടെ വെറൈറ്റീസ് ഓഫ് ഡെമോക്രസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്. രാഷ്ട്രീയ ധ്രുവീകരണത്തിന്റെ വന്‍ വര്‍ധനവിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കു പുറമേ രാഷ്ട്രീയ ധ്രുവീകരണം നടക്കുന്ന രാജ്യങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് അഫ്ഗാനിസ്ഥാന്‍, ബ്രസീല്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളെയാണ്.
പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി അധികാരമേറ്റതോടെയാണ് ഇന്ത്യയില്‍ വിശ്വാസ സ്വാതന്ത്ര്യം നഷ്ടപ്പെട്ടത്. മാധ്യമങ്ങള്‍ക്കും പൗരന്മാര്‍ക്കും നേരെ അതിക്രമങ്ങള്‍ ക്രമാതീതമായി ഉയരുന്ന രാജ്യമാണ് ഇന്ത്യയെന്നും വ്യാജവാര്‍ത്താ പ്രചരണം, വിദ്വേഷ പ്രചരണം, ഏകാധിപത്യവത്ക്കരണം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടവയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
പത്രമാധ്യമങ്ങള്‍ക്ക് മേലുള്ള അനാവശ്യ കൈകടത്തല്‍, അക്കാദമിക സ്വാതന്ത്ര്യം, സാംസ്‌ക്കാരിക സ്വാതന്ത്ര്യം എന്നിവയിലുള്ള സര്‍ക്കാര്‍ കടന്നുകയറ്റം തുടങ്ങിയവയാണ് ഏകാധിപത്യ ഭരണകൂടം രൂപപ്പെടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നത്.
ജനാധിപത്യ സ്വാതന്ത്ര്യ സൂചികയില്‍ ഉള്‍പ്പെടുന്ന 200 രാജ്യങ്ങളില്‍ 97-ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 0.61 പോയിന്റാണ് ഇന്ത്യക്ക് ലഭിച്ചത്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ രീതിയിലേതാണ് ഇതെന്നാണ് വെറൈറ്റീസ് ഓഫ് ഡെമോക്രസി റിപ്പോര്‍ട്ട് പറയുന്നത്. തെരഞ്ഞെടുപ്പ് ജനാധിപത്യ സൂചികയില്‍ 108-ാം സ്ഥാനവും സമത്വ സൂചികയില്‍ 123-ാം സ്ഥാനവുമാണ് ഇന്ത്യക്കുള്ളത്.






