അഫ്ഗാനിസ്ഥാന് 20,000 മെട്രിക്ക് ടണ്‍ ഗോതമ്പ് വാഗ്ദാനം ചെയ്ത് ഇന്ത്യ

ന്യൂദല്‍ഹി- ഇന്ത്യ- മധ്യേഷ്യ സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പിന്റെ യോഗത്തില്‍ അഫ്ഗാനിസ്ഥാന് സഹായം പ്രഖ്യാപിച്ച് ഇന്ത്യ. ഇന്ത്യയില്‍ നിന്നും 20,000 മെട്രിക് ടണ്‍ ഗോതമ്പാണ് അഫ്ഗാനിസ്ഥാന് കൈമാറുക. 

കര മാര്‍ഗ്ഗം ചരക്കു കൊണ്ടുപോകാന്‍ പാകിസ്താനുമായുള്ള ഇന്ത്യയുടെ കരാര്‍ ഇതിനകം കാലഹരപ്പെട്ടതിനാല്‍ ഇറാന്‍ തുറമുഖം വഴിയായിരിക്കും ഇന്ത്യ ഗോതമ്പ് അയക്കുക. തെക്കുകിഴക്കന്‍ ഇറാനിലെ ചബഹാര്‍ തുറമുഖം വഴി ഗോതമ്പ് അഫ്ഗാനിസ്ഥാനിലെത്തിക്കും. 

2021ന് മുമ്പ് ഇന്ത്യയില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പ് കയറ്റുമതി ചെയ്തിരുന്നത് ചബഹര്‍ തുറമുഖം വഴിയായിരുന്നു. പാകിസ്താനിലെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ സര്‍ക്കാരുമായുള്ള കരാര്‍ നിലവില്‍ വന്നതോടെ കര മാര്‍ഗ്ഗം ഗോതമ്പ് അയച്ചിരുന്നെങ്കിലും പാകിസ്താനിലെ വെള്ളപ്പൊക്കത്തോടെ അതിന് അറുതി വരികയായിരുന്നു. പിന്നീട് കരാറിന്റെ കാലാവധി അവസാനിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇന്ത്യ വാഗ്ദാനം ചെയ്ത 50,000 മെട്രിക് ടണ്‍ ഗോതമ്പില്‍ 40,000 മെട്രിക് ടണ്ണും പാകിസ്താന്‍ വഴിയായിരുന്നു അയച്ചിരുന്നത്. 

അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യയ്ക്ക് പുറമേ കസാക്കിസ്ഥാന്‍, കിര്‍ഗിസ് റിപ്പബ്ലിക്, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.

Latest News