സാഹോദര്യ സന്ദേശം വിളംബരം ചെയ്ത് യൂത്ത്‌ഫോറം റമദാൻ മീറ്റ്‌

യൂത്ത് ഫോറം സംഘടിപ്പിച്ച ദോഹ റമദാൻ മീറ്റിൽ സ്വാമി സന്ദീപാനന്ദ ഗിരി സംസാരിക്കുന്നു.

ദോഹ- ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സി.ഐ.ഡി) സഹകരിച്ച് പ്രവാസി യുവാക്കൾക്ക് വേണ്ടി യൂത്ത് ഫോറം സംഘടിപ്പിച്ച ദോഹ റമദാൻ മീറ്റ് മതസാമുദായിക സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും വിളംബര വേദിയായി മാറി. പരസ്പര ബഹുമാനത്തിലും സഹിഷ്ണുതയിലും അധിഷ്ഠിതമായി സമാധാനപരമായ സഹവർത്തിത്തത്തിന് സംഗമം ആഹ്വാനം ചെയ്തു. 
അൽ അറബി സ്‌പോർട്‌സ് ക്ലബിൽ നടന്ന സംഗമം ഡി.ഐ.സി.ഐ.ഡി ചെയർമാൻ ഡോ. ഇബ്രാഹീം സാലിഹ് അൽ നുഐമി ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത മതവിശ്വാസികൾ തമ്മിൽ സൗഹാർദവും സഹവർത്തിത്തവും സാധ്യമാക്കുന്നതിനു വേണ്ടി ആരോഗ്യകരവും ക്രിയാത്മകവുമായ സംവാദ സംസ്‌കാരം വളർത്തിയെടുക്കുകയാണ് ഡി.ഐ.സി.ഐ.ഡിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ പ്രശ്‌നങ്ങൾക്ക്  മതധാർമിക പാഠങ്ങളാണ് പരിഹാരം. മതസമൂഹങ്ങൾക്കിടയിൽ ആരോഗ്യകരമായ സംവാദത്തിന്റെ പ്രസക്തി ദിനംപ്രതി വർധിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ മതാനുയായികൾ ഒന്നിച്ചു കൂടിയിരിക്കൽ അനിവാര്യമായ കാലമാണിതെന്ന് സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത സ്‌കൂൾ ഓഫ് ഭഗവത് ഗീത ട്രസ്റ്റ് ചെയർമാൻ സ്വാമി സന്ദീപാനന്ദ ഗിരി അഭിപ്രായപ്പെട്ടു. ഒരുമിച്ചിരിക്കുന്നതിലും ഒന്നിച്ച് ഭക്ഷിക്കുന്നതിലും സുഖദുഃഖങ്ങൾ പങ്കുവെക്കുന്നതിലുമാണ് സൗന്ദര്യം. വിഭാഗീയ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കാൻ യുവാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 


അറിയാനും അറിയിക്കാനുമാണ്, വാദിക്കാനും കലഹിക്കാനുമാവരുത് സംവാദങ്ങൾ. മതഭ്രാന്ത് കടുത്ത നൈരാശ്യത്തിലേക്ക് നയിക്കും. മനുഷ്യ പുരോഗതിക്ക് തടസമാണത്.  മതദർശനത്തിന്റെ ശരിയായ പ്രതിനിധാനം നിർവഹിക്കാൻ ശ്രമിച്ച മഹാത്മാ ഗാന്ധിയുടെ വധം ആ അർത്ഥത്തിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് സന്ദീപാനന്ദ ഗിരി  കൂട്ടിച്ചേർത്തു.
മനുഷ്യരെ തമ്മിൽ അകറ്റാനും വർഗീയത പ്രചരിപ്പിക്കാനും ശ്രമിക്കുന്ന ദുശ്ശക്തികൾക്ക് യുവാക്കൾ ചെവികൊടുക്കരുതെന്ന് മുഖ്യ പ്രഭാഷണം നിർവ്വഹിച്ച ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ടി. ആരിഫലി പറഞ്ഞു. പരസ്പര സ്‌നേഹവും സൗഹാർദവും കൊണ്ട് അത്തരക്കാരെ ചെറുത്തു തോൽപിക്കണം. പരസ്പരം അടുത്തറിഞ്ഞ്, തുറന്ന് ഇടപഴകുന്നതിലൂടെ അവസാനിക്കുന്നതേയുള്ളൂ സമുദായങ്ങൾക്കിടയിലെ ശത്രുതയും വർഗീയതയുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സമുദായത്തിലുമുള്ള അരുതായ്മകൾക്കും തീവ്രപ്രവണതകൾക്കും തടയിടാൻ അതത് സമുദായ നേതൃത്വങ്ങൾ തന്നെ മുൻകൈയെടുക്കണെമന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 
ഖത്തർ ചാരിറ്റി ഇന്റർനാഷണൽ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അലി അൽഗാമിദി, യൂത്ത്‌ഫോറം രക്ഷാധികാരിയും സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പ്രസിഡന്റുമായ കെ.സി. അബ്ദുലത്തീഫ്, ഡി.ഐ.സി.ഐ.ഡി പ്രതിനിധി ഡോ. മുഹമ്മദി തുടങ്ങിയവർ സംബന്ധിച്ചു. യൂത്ത് ഫോറം പ്രസിഡന്റ് ജംഷീദ് ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ജെഷിൻ അബൂബകർ ഖിറാഅത്ത് നടത്തി. സംഘാടക കമ്മിറ്റി ചെയർമാൻ എസ്.എ ഫിറോസ് സ്വാഗതവും യൂത്ത് ഫോറം വൈസ് പ്രസിഡന്റ് ഫൈസൽ അബ്ദുൽ കരീം നന്ദിയും പറഞ്ഞു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2000ഓളം മലയാളി യുവാക്കൾ പങ്കെടുത്ത സംഗമം ഇഫ്താർ വിരുന്നോടെയാണ് സമാപിച്ചത്.
 

Latest News