Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോച്ചുമാര്‍ കൈവിട്ട സൂപ്പര്‍ താരങ്ങള്‍

ജിയാന്‍ലൂജി ബുഫോണിനും അലക്‌സിസ് സാഞ്ചസിനും വിന്‍സന്റ് അബൂബക്കറിനും മെംഫിസ് ഡിപേക്കുമൊക്കെ ലോകകപ്പ് വീട്ടിലിരുന്ന് കാണേണ്ടി വരുന്നത് സ്വന്തം ടീമുകള്‍ യോഗ്യത നേടാത്തതിനാലാണ്. എന്നാല്‍ സ്വന്തം ടീം ലോകകപ്പ് കളിക്കുന്നത് വീട്ടിലിരുന്ന് കാണേണ്ടി വരുന്ന ചില ഒന്നാന്തരം കളിക്കാരുണ്ട്. മറ്റേത് ടീമും ഇരു കൈകളും നീട്ടി സ്വീകരിക്കുന്ന താരങ്ങള്‍. കോച്ചുമാര്‍ തഴഞ്ഞ മികച്ച കളിക്കാരെ നോക്കാം.
ഗോള്‍കീപ്പര്‍: ജോ ഹാര്‍ട് (ഇംഗ്ലണ്ട്)
കഴിഞ്ഞ രണ്ട് ലോകകപ്പിലും 2016 ലെ യൂറോ കപ്പിലും ഇംഗ്ലണ്ടിന്റെ അനിഷേധ്യനായ ഒന്നാം ഗോളിയായിരുന്നു ജോ ഹാര്‍ട്. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പെപ് ഗാഡിയോള കോച്ചായി വന്നതോടെയാണ് കലികാലം തുടങ്ങിയത്. ലോണില്‍ വെസ്റ്റ്ഹാമിന് കൈമാറി. അത് ഗോളിയുടെ ആത്മവിശ്വാസം തകര്‍ത്തു. നിരവധി പിഴവുകള്‍ വരുത്തി. യോഗ്യതാ റൗണ്ടില്‍ ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഫൈനല്‍ റൗണ്ടിനുള്ള ടീമില്‍ നിന്ന് കോച്ച് ഗാരെത് സൗത്‌ഗെയ്റ്റ് ഒഴിവാക്കി. 
ഗോള്‍കീപ്പര്‍: സ്വെന്‍ ഉള്‍റെയ്ഷ് (ജര്‍മനി)
മാന്വേല്‍ നോയര്‍ പരിക്കേറ്റ ഘട്ടത്തില്‍ ബയേണ്‍ മ്യൂണിക്കില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മഡ്രീഡിനെതിരായ സെമി ഫൈനലില്‍ വന്‍ അബദ്ധം കാട്ടിയതാവാണം തിരിച്ചടിയായത്. 
ഡിഫന്റര്‍: മാര്‍ക്കോസ് അലോണ്‍സൊ (സ്‌പെയിന്‍)
ചെല്‍സിയില്‍ മികച്ച ഫോമിലായിരുന്നു. പ്രതിരോധച്ചുമതല വഹിക്കുമ്പോള്‍ തന്നെ ഏഴ് ഗോളടിച്ചു. പ്രീമിയര്‍ ലീഗിലെ മികച്ച റെക്കോര്‍ഡ്. കഴിഞ്ഞ മാര്‍ച്ചിലാണ് സ്‌പെയിന്‍ ടീമില്‍ അരങ്ങേറിയത്. എങ്കിലും ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയത് ആശ്ചര്യം പകര്‍ന്നു. പ്രതിരോധത്തില്‍ യുവത്വത്തെക്കാള്‍ പരിചയസമ്പത്താണ് കോച്ച് പരിഗണിച്ചത്.
ഡിഫന്റര്‍: ഡാവിഡ് ലൂയിസ് (ബ്രസീല്‍)
അമ്പതിലേറെ തവണ ബ്രസീലിന് കളിച്ച ലൂയിസ് പരിചയസമ്പന്നനാണ്. കഴിഞ്ഞ ലോകകപ്പില്‍ ആരാധകര്‍ എളുപ്പം തിരിച്ചറിഞ്ഞ കളിക്കാരിലൊരാള്‍, മികച്ച ഗോളും നേടി. എന്നാല്‍ ചെല്‍സിയില്‍ പരിക്ക് കാരണം മൂന്നു മാസമായി വിട്ടുനില്‍ക്കുകയായിരുന്നു. ലൂയിസിനെ പ്രധാന ടൂര്‍ണമെന്റുകളില്‍ നിന്ന് ഒഴിവാക്കുന്നത് ആദ്യമായിട്ടല്ല. 2016 ലെ കോപ അമേരിക്ക ടൂര്‍ണമെന്റിലും ടീമിലുണ്ടായിരുന്നില്ല.
ഡിഫന്റര്‍:  അയ്‌മെറിക് ലപോര്‍ടെ (ഫ്രാന്‍സ്)
ആഴ്‌സനലിന്റെ ഫ്രഞ്ച് ഡിഫന്റര്‍ ലോറന്റ് കോസിയന്‍ലിക്ക് പരിക്ക് കാരണമാണ് വിട്ടുനില്‍ക്കുന്നതെന്ന് ആശ്വസിക്കാം. ലപോര്‍ടെയുടെ കാര്യം അങ്ങനെയല്ല. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഫോമിലാണെങ്കിലും ലപോര്‍ടെയെ കണ്ട ഭാവം നടിക്കുന്നില്ല ഫ്രഞ്ച് കോച്ച് ദീദിയര്‍ ദെഷോം. സിറ്റി റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുക നല്‍കിയാണ് ലപോര്‍ടെയെ സ്വന്തമാക്കിയത്. കോസിയന്‍ലിക്ക് പരിക്കേറ്റപ്പോള്‍ സ്ഥാനമുറച്ചുവെന്ന് കരുതിയതായിരുന്നു. യോഗ്യതാ റൗണ്ടില്‍ ചില മത്സരങ്ങളില്‍ ടീമിലെടുത്തപ്പോഴാവട്ടെ കളിപ്പിച്ചുമില്ല. സ്‌പെയിനിലേക്ക് ചേക്കേറുന്നതിനെക്കുറിച്ച് വരെ ലപോര്‍ടെ ആലോചിച്ചു. ഫ്രാന്‍സിന്റെ അണ്ടര്‍17, അണ്ടര്‍18, അണ്ടര്‍19, അണ്ടര്‍21 ടീമുകളിലെല്ലാം കളിച്ചിട്ടുണ്ട്.
ഡിഫന്റര്‍: സെര്‍ജി റോബര്‍ടൊ (സ്‌പെയിന്‍)
ബാഴ്‌സലോണ വിംഗര്‍ ഈ സീസണിലെ യുവേഫ ബെസ്റ്റ് ഇലവനില്‍ സ്ഥാനം പിടിച്ച കളിക്കാരനാണ്. പക്ഷെ സ്‌പെയിനിന് ആ പൊസിഷനില്‍ നിരവധി മികച്ച കളിക്കാരുണ്ട്.
ഡിഫന്റര്‍: ബെനഡിക്ട് ഹൊവേദെസ് (ജര്‍മനി)
ജെറോം ബൊയതെംഗിന്റെ റിസര്‍വായി മികച്ച പ്രകടനമാണ് ഹൊവേദെസ് കാഴ്ചവെച്ചിരുന്നത്. എന്നാല്‍ നിരന്തര പരിക്ക് കാരണമാവാം കോച്ച് അവഗണിച്ചത്. 
ഡിഫന്റര്‍: അലക്‌സ് സാന്ദ്രൊ (ബ്രസീല്‍)
സാന്ദ്രോയെ മാറ്റിനിര്‍ത്തിയത് ഏറ്റവും പ്രയാസകരമായ തീരുമാനമായിരുന്നുവെന്നാണ് ബ്രസീല്‍ കോച്ച് പറഞ്ഞത്. മാഴ്‌സെലോയുടെ അതേ പൊസിഷനിലും അതേ രീതിയിലും കളിക്കുന്ന കളിക്കാരനാണ് സാന്ദ്രൊ. അതിനാലാവണം ഒരാളെ മാറ്റിനിര്‍ത്തിയത്. 
മിഡ്ഫീല്‍ഡ്:  ഫാബിഞ്ഞൊ (ബ്രസീല്‍)
കഴിഞ്ഞ രണ്ട് കോപ അമേരിക്ക ടൂര്‍ണമെന്റിലും ബ്രസീലിന്റെ ടീമിലുണ്ടായിരുന്നു ഫാബിഞ്ഞൊ. മോണകോയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിലും ബ്രസീല്‍ കോച്ച് ടിറ്റി ശ്രദ്ധിച്ചിട്ടില്ല. ഒന്നാന്തരം ഗോളുകള്‍ നേടാന്‍ കഴിയും. മോണകോയില്‍ നിന്ന് ലിവര്‍പൂളിലേക്ക് മാറിയതിന്റെ ആഹ്ലാദത്തിലായിരുന്നു താരം. എന്നാല്‍ ലോകകപ്പില്‍ തഴയപ്പെട്ടത് നിരാശയായി. 
മിഡ്ഫീല്‍ഡ്:  ജാക്ക് വില്‍ഷയര്‍ (ഇംഗ്ലണ്ട്)
മികച്ച ഫോമിലുള്ള രണ്ട് മിഡ്ഫീല്‍ഡര്‍മാര്‍ ഇത്തവണ ഇംഗ്ലണ്ട് ടീമിലില്ല. അലക്‌സ് ഓക്‌സാല്‍ഡ് ചെയ്മ്പര്‍ലെയ്‌നിന് പരിക്കാണ്. വില്‍ഷയറിനെ തഴഞ്ഞത് വലിയ വാര്‍ത്തയായി. ആഴ്‌സനലില്‍ ഫോമിലേക്കുയരുകയായിരുന്നു വില്‍ഷയര്‍. തന്റേതായ ദിനത്തില്‍ വില്‍ഷയറിനെ വെല്ലാന്‍ അധികമാര്‍ക്കും കഴിയില്ല. 
മിഡ്ഫീല്‍ഡ്: റാദ്ജ നയന്‍ഗുലാന്‍ (ബെല്‍ജിയം)
റോമ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലിലെത്തിയതില്‍ നയന്‍ഗുലാന്റെ പങ്ക് വ്യക്തമായിരുന്നു. എന്നാല്‍ ബെല്‍ജിയത്തിന്റെ പ്രാഥമിക ടീമില്‍ പോലും കോച്ച് റോബര്‍ടൊ മാര്‍ടിനസ് ഉള്‍പെടുത്തിയില്ല. കോച്ചുമായി മുമ്പേ അത്ര രസത്തിലല്ല മിഡ്ഫീല്‍ഡര്‍. പോരാത്തതിന് നയന്‍ഗുലാന്റെ സ്വഭാവദൂഷ്യങ്ങളും. ബെല്‍ജിയമാവട്ടെ പ്രതിഭാസമ്പന്നവുമാണ്.
മിഡ്ഫീല്‍ഡ്: ലിറോയ് സാനെ (ജര്‍മനി)
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഫോമിലുള്ള സാനെയെ ജര്‍മനി തഴഞ്ഞത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഇത്തവണ പ്രീമിയര്‍ ലീഗ് കളിക്കാര്‍ മികച്ച യുവ താരമായി തെരഞ്ഞെടുത്തത് സാനെയെയാണ്. 14 ഗോളടിക്കുകയും 19 ഗോളിന് അവസരമൊരുക്കുകയും ചെയ്തിരുന്നു. സാനെ, ജൂലിയന്‍ ബ്രാന്‍ട് എന്നിവരിലൊരാളെ ഒഴിവാക്കേണ്ടി വന്നത് വളരെ പ്രയാസകരമായ തീരുമാനമായിരുന്നുവെന്നാണ് കോച്ച് ജോക്കിം ലോവ് പറഞ്ഞത്. ടീമിലെത്താന്‍ ഇനിയെന്താണ് ചെയ്യേണ്ടത് എന്ന് തലപുകക്കുകയാവും സാനെ.
മിഡ്ഫീല്‍ഡര്‍: അഡ്രിയന്‍ റാബിയൊ (ഫ്രാന്‍സ്)
എന്‍ഗോലൊ കാണ്ടെയും ബ്ലയ്‌സ് മറ്റൂഡിയും പോള്‍ പോഗ്ബയുമൊക്കെയുള്ള മധ്യനിരയില്‍ റാബിയോക്ക് സ്ഥലമില്ലെന്നതാണ് ഏക പ്രശ്‌നം. എന്നിട്ടും റിസര്‍വായി ടീമിലുള്‍പെടുത്തി. റിസര്‍വാകാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞ് റാബിയൊ ടീമില്‍ നിന്ന് പിന്മാറി.
ഫോര്‍വേഡ്:  ആന്റണി മാര്‍ഷ്യാല്‍ (ഫ്രാന്‍സ്)
ഇത്തവണ പ്രീമിയര്‍ ലീഗില്‍ ശ്രദ്ധ പിടിച്ചുപറ്റിയ യുവ താരങ്ങളിലൊരാണ് മാര്‍ഷ്യാല്‍. 22 വയസ്സുകാരനായ സ്‌ട്രൈക്കര്‍ ഫ്രാന്‍സിന്റെ യൂറോ കപ്പ് ടീമിലുണ്ടായിരുന്നു. മൂന്നു മത്സരങ്ങളില്‍ കളിക്കുകയും ചെയ്തു. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ സ്ഥിരമായി അവസരം കിട്ടാത്തത് വിനയായി. ലോകകപ്പില്‍ റിസര്‍വ് കളിക്കാരുടെ പട്ടികയില്‍ മാര്‍ഷ്യാലിനെ ഉള്‍പെടുത്തിയിട്ടുണ്ട്. ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയാണെങ്കില്‍ അവസരം കിട്ടും. 
ഫോര്‍വേഡ്: മോറൊ ഇക്കാര്‍ഡി (അര്‍ജന്റീന)
ഇറ്റാലിയന്‍ ലീഗിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് ഇന്റര്‍ മിലാന്‍ നായകന്‍ മോറൊ ഇക്കാര്‍ഡി. 34 മത്സരങ്ങളില്‍ 29 ഗോളടിച്ച ഒരു കളിക്കാരനെ മറ്റൊരു ടീമും തഴയില്ല. ഇകാര്‍ഡിയുടെ വ്യക്തിജീവിതം പലപ്പോഴും അര്‍ജന്റീന കരിയറിന് തടസ്സമായി. അര്‍ജന്റീനയുടെ മുന്‍ താരവും ലിയണല്‍ മെസ്സിയുള്‍പ്പെടെ പ്രമുഖ കളിക്കാരുടെ അടുത്ത സുഹൃത്തുമായ മാക്‌സി ലോപസിന്റെ മുന്‍ ഭാര്യയാണ് ഇപ്പോള്‍ ഇകാര്‍ഡിയുടെ ജീവിതസഖി. 
ഫോര്‍വേഡ്: അല്‍വാരൊ മൊറാറ്റ (സ്‌പെയിന്‍)
സ്‌പെയിനിനു വേണ്ടി 17 കളികളില്‍ 12 ഗോളടിച്ചിട്ടുണ്ട് മൊറാറ്റ. യൂറോ കപ്പിലെ മൂന്നെണ്ണമുള്‍പ്പെടെ. എന്നാല്‍ ചെല്‍സിയിലേക്കുള്ള കൂടുമാറ്റം മൊറാറ്റക്ക് തിരിച്ചടിയായി. 31 മത്സരങ്ങളില്‍ 11 ഗോള്‍ മാത്രമാണ് പ്രീമിയര്‍ ലീഗില്‍ നേടിയത്. മൊറാറ്റക്കു പകരം ഡിയേഗൊ കോസ്റ്റ ടീമിലെത്തി. 
അലക്‌സാണ്ടര്‍ ലകാസെറ്റെ, കിംഗ്‌സ്‌ലി കോമന്‍, കുര്‍ട് സൂമ, കരീം ബെന്‍സീമ (ഫ്രാന്‍സ്), ഹാവി മാര്‍ടിനസ്, സെസ്‌ക് ഫാബ്രിഗാസ്, സെര്‍ജിയൊ റിക്കൊ (സ്‌പെയിന്‍), ശുക്ദറാന്‍ മുസ്തഫി (ജര്‍മനി) തുടങ്ങിയ കോച്ചുമാര്‍ അവഗണിച്ച കളിക്കാരും മറ്റ് ടീമുകളിലാണെങ്കില്‍ നിഷ്പ്രയാസം സ്ഥാനം കണ്ടെത്തേണ്ടവരാണ്.
 

Latest News