ബ്രസീലിയൻ സൂപ്പർ ഫുട്‌ബോൾ താരം നെയ്മർ വീണ്ടും പരുക്കിന്റെ പിടിയിൽ. ശസ്ത്രക്രിയക്ക് വിധേയനാകാൻ തീരുമാനിച്ചെന്നും ചുരുങ്ങിയത് നാല് മാസം കളിക്കളത്തിൽനിന്നും മാറിനിൽക്കേണ്ടി വരുമെന്നും താരത്തിന്റെ ക്ലബ്ബായ പാരീസ് സെയ്ന്റ് ജർമൈൻ അറിയിച്ചു.
കണങ്കാലിനേറ്റ പരുക്കാണ് 31-കാരനായ താരത്തിന് വില്ലനായത്. ഫെബ്രുവരി അവസാനത്തിൽ ലീഗിൽ ലില്ലെക്ക് എതിരായ മത്സരത്തിലാണ് നെയ്മറിന് പരിക്കേറ്റത്. ദോഹയിൽ വച്ചാകും ശസ്ത്രക്രിയയെന്ന് പി.എസ്.ജിയുടെ മെഡിക്കൽ സംഘം സൂചിപ്പിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി താരം നിരന്തരമായ പരുക്കിന്റെ പിടിയിലാണ്. ഖത്തർ ലോകകപ്പിലും പരുക്ക് തിരിച്ചടിയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ സെർബിയയ്‌ക്കെതിരായ മത്സരത്തിൽ പരുക്കേറ്റതിനെ തുടർന്ന് രണ്ടു മത്സരങ്ങളിൽ ബൂട്ടണിയാൻ സാധിച്ചിരുന്നില്ല. 2019-ലെ കോപ്പ ടൂർണമെന്റും പരുക്കിനെ തുടർന്ന് നഷ്ടമായ താരത്തിന് 2021-ലും ഏതാനും ആഴ്ചകൾ പരുക്കുമൂലം പുറത്തായിരുന്നു സ്ഥാനം.
2018-19 സീസണിനുശേഷം ഏറ്റവും മികച്ച പ്രകടനമാണ് നെയ്മർ ഈ സീസണിൽ പുറത്തെടുത്തത്. 18 ഗോളുകളും 16 അസിസ്റ്റുകളും താരം ഈ സീസണിൽ നേടിയിട്ടുണ്ട്. നെയ്മറിന്റെ അഭാവം ബയേൺ മ്യൂണിക്കുമായുള്ള പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിന്റെ ഫലത്തെ അടക്കം സ്വീധീനിച്ചേക്കും. ബുധനാഴ്ചയാണ് രണ്ടാംപാദ മത്സരം. ആദ്യ പാദത്തിൽ പി.എസ്.ജി ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. എന്തായാലും സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാനാവില്ലെന്ന് ഉറപ്പായത് പി.എസ്.ജിക്ക് കനത്ത തിരിച്ചടിയാണ്.