പാരിസ് - ഫ്രഞ്ച് ഓപൺ ടെന്നിസിന്റെ വനിതാ ക്വാർട്ടിൽ മരിയ ഷരപോവയുമായുള്ള സൂപ്പർ പോരാട്ടത്തിന് മുമ്പ് സെറീന വില്യംസ് പരിക്കേറ്റ് പിന്മാറി. മത്സരത്തിന് മിനിറ്റുകൾ മുമ്പാണ് മുപ്പത്താറുകാരിയുടെ പിന്മാറ്റം. ബദ്ധവൈരികൾ തമ്മിലുള്ള പോരാട്ടത്തിന് കാത്തുനിൽക്കുകയായിരുന്നു ടെന്നിസ് ലോകം. 2004 നു ശേഷം സെറീനയെ തോൽപിക്കാൻ ഷരപോവക്ക് സാധിച്ചിരുന്നില്ല. അവസാന 18 കളികളും ഷരപോവക്ക് ജയിക്കാൻ സാധിച്ചിരുന്നില്ല.
ജൂലിയ ജോർജസിനെതിരായ മൂന്നാം റൗണ്ട് വിജയത്തിൽ വാരിയെല്ലിന് പരിക്കേറ്റതിനാൽ സെർവ് ചെയ്യാൻ പറ്റുന്നില്ലെന്നും കനത്ത നിരാശയുണ്ടെന്നും പത്രസമ്മേളനത്തിൽ സെറീന വെളിപ്പെടുത്തി. ഈ നിമിഷത്തിനായി മകളും കുടുംബവുമൊത്തുള്ള ഒരുപാട് സമയം ഞാൻ വേണ്ടെന്നു വെച്ചിരുന്നു. സ്‌കാനിംഗ് നടത്തിയിട്ടുണ്ടെന്നും പരിക്കിന്റെ ഗൗരവം വ്യക്തമാവുന്നതു വരെ പാരിസിൽ തുടരുമെന്നും സെറീന അിറയിച്ചു. ഒരു മാസത്തിനകം വിംബിൾഡൺ ആരംഭിക്കുകയാണ്. ഗർഭിണിയായിരിക്കെ 2017 ലെ ഓസ്‌ട്രേലിയൻ ഓപൺ കിരീടം നേടിയ ശേഷം സെറീനയുടെ ആദ്യ ഗ്രാന്റ്സ്ലാമാണ് ഇത്.പുരുഷ വിഭാഗത്തിൽ റഫായേൽ നദാൽ പതിനൊന്നാം ഫ്രഞ്ച് ഓപണിന് ഒരുപടി കൂടി അടുത്തു. മാക്‌സിമിലിയൻ മാർടററെ 6-3, 6-2, 7-6 (7-4) ന് തകർത്ത് ടോപ് സീഡ് ക്വാർട്ടറിലെത്തി. നദാലിന്റെ തൊള്ളായിരാമത്തെ ജയമാണ് ഇത്. ഉജ്വലമായി തിരിച്ചുവന്ന് ആറാം സീഡ് കെവിൻ ആൻഡേഴ്‌സനെ 1-6, 2-6, 7-5, 7-6 (7-0), 6-2 ന് മിറകടന്ന ഡിയേഗൊ ഷ്വാർട്‌സ്മാനുമായാണ് നദാൽ ക്വാർട്ടർ കളിക്കുക. ഫാബിയൊ ഫോനീനിയെ 6-4, 6-1, 3-6, 6-7 (4-7), 6-3 ന് തോൽപിച്ച് മൂന്നാം സീഡ് മാരിൻ സിലിച്ചും വമ്പൻ സെർവുകാരനായ ജോൺ ഈസ്‌നറെ 6-4, 6-4, 6-4 ന് തകർത്ത് അഞ്ചാം സീഡ് യുവാൻ മാർടിൻ ദെൽപോട്രോയും ക്വാർട്ടറിലെത്തി.
വനിതാ വിഭാഗത്തിൽ ലോക രണ്ടാം നമ്പർ കരൊലൈൻ വോസ്‌നിയാക്കിയെ പതിനാലാം സീഡ് ദാരിയ കസാത്കിന 7-6 (7-5), 6-3 ന് ഞെട്ടിച്ചു. കരൊലൈൻ ഗാർഷ്യയെ 6-2, 6-3 ന് തകർത്ത് മുൻ ഒന്നാം നമ്പർ എയ്ഞ്ചലിക് കെർബർ ക്വാർട്ടറിലേക്ക് മുന്നേറി.