Sorry, you need to enable JavaScript to visit this website.

VIDEO: 2030 ലെ സൗദി അറേബ്യ: ഇത് സ്വപ്‌നമോ യാഥാര്‍ഥ്യമോ...

ജിദ്ദ- അടുക്കടുക്കായുള്ള നിര്‍മിതികള്‍, ക്യൂബ് പോലുള്ള കെട്ടിടങ്ങള്‍, വെള്ളത്തിനടിയിലുള്ള റെസ്‌റ്റോറന്റുകള്‍... സൗദി അറേബ്യയുടെ ഏറ്റവും പുതിയ ഗിഗാ പ്രോജക്റ്റ് മുന്നോട്ടുവെക്കുന്നത് ഭാവിയുടെ നഗരത്തെക്കുറിച്ച ആധുനിക ഭാവനയാണ്.

സൗദി അറേബ്യയുടെ വികസനനിധിയായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പി.ഐ.എഫ്) പിന്തുണയോടെ, ന്യൂ മുറബ്ബ ഡെവലപ്‌മെന്റ് കമ്പനി (എന്‍.എം.ഡി.സി) വികസിപ്പിച്ചെടുക്കുന്ന ന്യൂ മുറബ്ബ പദ്ധതി, 19 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള, 25 ദശലക്ഷത്തിലധികം ചതുരശ്ര മീറ്റര്‍ തറവിസ്തീര്‍ണ്ണമുള്ള ലോകത്തിലെ ഏറ്റവും വലിയ ആധുനിക നഗരകേന്ദ്രമായി മാറാന്‍ ഒരുങ്ങുന്നു.

എണ്ണയെ മാത്രം ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാന്‍ ശ്രമിക്കുന്ന വെല്‍ത്ത് ഫണ്ടുകളും നിക്ഷേപകരും ആധുനികവല്‍ക്കരണ ശ്രമങ്ങളിലൂടെ രാജ്യത്തേക്ക് വന്‍തോതില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനായി സൗദി അറേബ്യയില്‍ നടപ്പാക്കുന്ന നിരവധി പദ്ധതികളില്‍ ഏറ്റവും പുതിയതാണ് ന്യൂ മുറബ്ബ പദ്ധതി.

റിയാദിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കുള്ള കിംഗ് സല്‍മാന്‍, കിംഗ് ഖാലിദ് റോഡുകളുടെ ഇന്റര്‍സെക്ഷനിലാണ് എന്‍.എം.ഡി.സി പദ്ധതി സ്ഥിതി ചെയ്യുന്നത്. 'ലക്ഷക്കണക്കിന് താമസക്കാരെ ഉള്‍ക്കൊള്ളാന്‍' പ്രാപ്തമായ വന്‍കിട പദ്ധതിയാണിത്.

നെസ്മ ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് കോണ്‍ട്രാക്ടിംഗ് കമ്പനി, എല്‍ സെയ്ഫ് എന്‍ജിനീയറിംഗ് കോണ്‍ട്രാക്ടിംഗ്, അല്‍ ബവാനി ഹോള്‍ഡിംഗ് കമ്പനി, അല്‍മബാനി ജനറല്‍ കോണ്‍ട്രാക്‌ടേഴ്‌സ് കമ്പനി എന്നിവയില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നയിക്കുന്ന പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പി.ഐഎഫ്) 1.3 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ന്യൂ മുറബ്ബ ഡെവലപ്‌മെന്റ് കമ്പനിയുടെ ലോഞ്ചിംഗ വാര്‍ത്ത വരുന്നത്.

പുതിയ മുറബ്ബ പദ്ധതിയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 11 വസ്തുതകള്‍ ചുവടെ:

- 20 എംപയര്‍ സ്‌റ്റേറ്റ് കെട്ടിടങ്ങളുടെ വലിപ്പമുള്ളതാകും ന്യൂ മുറബ്ബ പദ്ധതി.
- 2030ഓടെ 334,000 പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
-15 മിനിറ്റ് നടത്ത പരിധിക്കുള്ളില്‍ അദ്വിതീയമായ ജീവിത, ജോലി, വിനോദ അനുഭവം അവതരിപ്പിക്കും.
- 620,000 ചതുരശ്രമീറ്റര്‍ വിനോദ കേന്ദ്രം ഉണ്ടായിരിക്കും.
-'ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിതികളില്‍' ഒന്നായ 'മുകാബ്' നഗരമധ്യത്തില്‍ സ്ഥാപിക്കും.
-400 മീറ്റര്‍ ഉയരവും 400 മീറ്റര്‍ നീളവും 400 മീറ്റര്‍ വീതിയുമുള്ളതാണ് മുകാബ്.
-രാജ്യത്തിന്റെ സമ്പന്നമായ ഇസ്‌ലാമിക ചരിത്രത്തോടുള്ള ആദരസൂചകമായി ദി മുകാബിന്റെ മുന്‍ഭാഗം സൂക്ഷ്മമായി കൊത്തിയ ജ്യാമിതീയ രൂപങ്ങളാല്‍ സമ്പന്നമായിരിക്കും.
-ആധുനിക നജ്ദി വാസ്തുവിദ്യയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് മുകാബ്.
-സന്ദര്‍ശകരെ വ്യത്യസ്ത ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഹോളോഗ്രാഫിക്‌സ് ഇവിടെ ഉണ്ടാകും.
-റസിഡന്‍ഷ്യല്‍, ഹോട്ടല്‍ യൂണിറ്റുകള്‍, വാണിജ്യ ഇടങ്ങള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവക്കൊപ്പം റീട്ടെയില്‍, സാംസ്‌കാരിക, ടൂറിസ്റ്റ് ആകര്‍ഷണങ്ങളുള്ള ഒരു പ്രീമിയം ഹോസ്പിറ്റാലിറ്റി ഡെസ്റ്റിനേഷനായി മാറുന്ന സര്‍പ്പിളാകൃതിയിലുള്ള ഒരു ഗോപുരം ഉള്‍ക്കൊള്ളുന്നതാണ് മുകാബ്.
-ആരോഗ്യകരവും സജീവവുമായ ജീവിതശൈലികളും കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളും നടത്താനും നടത്തം, സൈക്ലിംഗ് പാതകള്‍ എന്നിവക്കായുള്ള ഹരിത പ്രദേശവും ഉള്‍ക്കൊള്ളുന്നതാണ് ന്യൂ മുറബ്ബ.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News