ഐ.എസ്.ഐ തലവന്‍ മനോരോഗി, ഭരിക്കുന്നത് കള്ളന്മാര്‍- ആഞ്ഞടിച്ച് ഇമ്രാന്‍ഖാന്‍

ലാഹോര്‍- ഐ.എസ്.ഐ തലവന്‍ മനോരോഗിയാണെന്നും പാക് സൈന്യം കള്ളന്മാരെയാണ് രാജ്യത്തിന്റെ ചുമതല ഏല്‍പിച്ചിരിക്കുന്നതെന്നും പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയിലെ ചാനലുകള്‍ കണ്ടാല്‍ എന്തുകൊണ്ടാണ് പാകിസ്ഥാന്‍ ലോകം മുഴുവന്‍ വിമര്‍ശിക്കപ്പെടുന്നത് എന്ന് മനസ്സിലാകും. ഒരു നേതാവ് കാരണമാണ് രാജ്യം അപകീര്‍ത്തിപ്പെടുന്നത്. അഴിമതിക്ക് പിടിയിലാവാനിരുന്ന അയാള്‍ പ്രധാനമന്ത്രിയായി. രാജ്യത്തെ നയിക്കുന്നവര്‍ ക്രിമിനലുകളായാല്‍ രാജ്യത്തിന് എന്താണ് സംഭവിക്കുക? തെറ്റുകള്‍ക്കെതിരെ പ്രതികരിക്കാന്‍ കഴിയാത്ത രാജ്യം അടിമകളായി തീരും. പാകിസ്ഥാന്‍ പിച്ചയെടുക്കുകയാണ്- ഇമ്രാന്‍ പറഞ്ഞു.
തോഷഖാന കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാനുള്ള ഇസ്‌ലാമാബാദ് പോലീസിന്റെ നീക്കം പാളിയതിന് പിന്നാലെ വസതിയില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഷഹ്ബാസ് ഷരീഫും കൂട്ടരും തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്ന് ഇമ്രാന്‍ ആരോപിച്ചു. ജീവന്‍ ഭീഷണിയിലാണെന്ന് പറഞ്ഞ ഇമ്രാന്‍, അനാവശ്യമായ കേസുകളില്‍ കോടതികളിലേക്ക് വിളിപ്പിക്കുന്നുവെന്ന് കാണിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയക്കുമെന്നും വ്യക്തമാക്കി.

സ്വതന്ത്രരാഷ്ട്രത്തിന് മാത്രമേ പുരോഗതിയുണ്ടാവുകയുള്ളൂ. സര്‍ക്കാരിനെ നയിക്കുന്നവര്‍ അവരുടെ സമ്പാദ്യം വിദേശത്തേക്ക് കടത്തി. ഇന്ന് രാജ്യത്ത് അധികാരത്തിലിരിക്കുന്നവരാണ് വസിറാബാദില്‍ തനിക്കെതിരായി നടന്ന വധശ്രമത്തിന് പിന്നിലുള്ളതെന്ന ആരോപണവും ഇമ്രാന്‍ ആവര്‍ത്തിച്ചു.

 

Latest News