Sorry, you need to enable JavaScript to visit this website.

ഹൈറേഞ്ചിലേക്കൊരു ഡബിൾ ബെൽ

ഗവി ഡ്യൂട്ടി ആഷിക്ക് എടത്തനാട്ടുകര 

ഓരോ യാത്രയും ഓരോ പഠനമാണ്. യാത്രകൾ നമ്മെ പുതിയ മനുഷ്യരാക്കി തീർക്കുന്നു. ആഷിഖ് എടത്തനാട്ടുകര എഴുതിയ  കൈപ്പട പബ്ലിഷിങ് ഗ്രൂപ്പിന്റെ ഏഴാമത് പുസ്തകമായ 'ഗവി ഡ്യൂട്ടി' വായിക്കുന്നവർക്ക് വായനയ്ക്കുശേഷം ഗവി എന്ന പ്രദേശം കാണാൻ തീർച്ചയായും ഒരു പ്രേരണ ഉണ്ടായേക്കാം.
ഒരു കെ.എസ്.ആർ.ടി.സി കണ്ടക്ടറുടെ യാത്ര ഓർമ്മകൾ 'ഗവി ഡ്യൂട്ടി' അത്രമേൽ വായനാക്ഷമമാണ്. യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് അധികപേരും. പലപ്പോഴും നമ്മൾ പുറപ്പെട്ട യാത്ര തിരിച്ചെത്തിക്കഴിയുമ്പോൾ ആ യാത്ര വിരസമെന്ന് തോന്നിപോകാനിടയുണ്ട്.അത് യാത്രയുടെ കുഴപ്പമായിരിക്കില്ല,നമ്മൾ യാത്രയെ സമീപിച്ച രീതിയുടെയും ആസ്വാദനത്തിന്റെയും പരിമിതി ആയിരിക്കണം.എങ്ങിനെ ഒരു യാത്ര പൂർണ്ണമായ അർത്ഥത്തിൽ അനുഭവമാക്കി മാറ്റാൻ കഴിയും എന്നതിന് ഉദാഹരണം കൂടിയാണ് ഈ കൊച്ചുപുസ്തകം. എടത്തനാട്ടുകരയിൽനിന്ന് പുറപ്പെട്ട് ഓരോ ജില്ലകളിലൂടെയും കറങ്ങി ഹൈറേഞ്ചിലെ കുമളിയിലും ഗവിയിലും എത്തിച്ചേരുന്ന യാത്ര ആഷിഖിന് വെറും വിനോദയാത്രയല്ല.,യാത്രയെ വിരസമായ ഒരു ജോലി കാര്യം മാത്രമായി കാണാതെ മനസ്സിലെ മുഴുവൻ സർഗാത്മകതയോടെയും ആസ്വദിക്കുകയും പിന്നീട് അക്ഷരങ്ങളിലേക്ക് വിന്യസിക്കുകയും ചെയ്യുന്നിടത്താണ് ഈ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ വ്യത്യസ്തനാകുന്നത്.


ഗവിയെ അടയാളപ്പെടുത്തുന്ന പുസ്തകമാണിത്. മാത്രമല്ല പിറവം,ഏറ്റുമാനൂർ, വൈക്കം തുടങ്ങി കോട്ടയം, കുമളി യാത്ര, കുമളിയിലെ കാഴ്ചകൾ ഇത്തരം ഒട്ടേറെ ശീർഷകത്തിലൂടെ ഏറ്റവും ലളിതമായി വായനക്കാരനെ യാത്ര അനുഭവിപ്പിക്കുന്നു രചയിതാവ്.ചെറിയ ചെറിയ അധ്യായങ്ങളിലായി പ്രത്യേകം ഉപശീർഷകങ്ങളിലൂടെ ഓരോ പ്രദേശത്തെയും കുറിച്ച് പ്രസ്താവിച്ചു പോകുന്ന ശൈലിയാണുള്ളത്.
ഒരു പക്ഷേ കേരളീയർക്ക് സുപരിചിതമായ  ഇത്തരം ഭൂപ്രദേശങ്ങളിലേയ്ക്ക് സഞ്ചരിക്കുക മാത്രമല്ല യാത്രയിലൂടെ ചില പ്രദേശങ്ങളെ കണ്ടെത്തുകയും അവിടങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയുമാണ് ഈ പുസ്തകം. ചെറുപ്പം മുതൽ യാത്രകൾ ഹരമായ ആഷിഖ് പഠനം കഴിഞ്ഞ് ജോലിയില്ലാതെ നിരാശനായി നടന്നിരുന്ന കാലത്താണ് കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറായി നിയമിതനാകുന്നത്. അപ്പോൾ കുമളിയിലേക്കുള്ള കുടിയേറ്റം ഒരു കൊച്ചു പ്രവാസം തന്നെയായിരുന്നു.


ഓരോ യാത്രികനും തന്റെ യാത്രകളിൽ ഓർക്കാനിടയുള്ള കാര്യങ്ങളെക്കുറിച്ച് ഈ പുസ്തകം സംസാരിക്കുന്നു. ഒരു പക്ഷേ പുസ്തകം പരിചയപ്പെടുത്തുന്ന ഇടങ്ങൾ  നമുക്കെല്ലാവർക്കും അറിയാം. എന്നാൽ നമുക്ക് അവ നന്നായി അറിയുന്നത് യാത്രയെ സ്‌നേഹിക്കുമ്പോഴാണ്.,വെളിച്ചത്തിന്റെ വാതിലുകൾ തുറന്നിടുന്നതും സുരക്ഷിതവുമായിരിക്കണം യാത്രകൾ.
വളരെ കൂടുതലാളുകൾ അന്വേഷിച്ചെത്തുന്ന  വിനോദസഞ്ചാര കേന്ദ്രമാണ് ഗവിയും കുമളിയും ഹൈറേഞ്ചിലെ മറ്റു മനോഹരമായ പ്രദേശങ്ങളും. പത്തനംതിട്ട ജില്ലയിലെ ഗവി എന്ന പ്രദേശം ഒട്ടേറെ സിനിമകളുടെയും  ലൊക്കേഷനാണ്. ഓർഡിനറി എന്ന മലയാള സിനിമയിലെ കാഴ്ചകളാണ് പല സഞ്ചാരികൾക്കും ഗവി പ്രിയങ്കരമാക്കിയത്.  
കൊടുംകാടിനു നടുവിലൂടെ മറ്റൊരു ശല്യപ്പെടുത്തലുകളും ഇല്ലാതെ പോകാൻ സാധിക്കുന്ന ഒരു യാത്ര. എത്ര കനത്ത ചൂടാണെങ്കിലും കാടിനുള്ളിൽ തണുപ്പിന്റെ സുഖം അനുഭവിക്കാവുന്ന ഇടങ്ങൾ. ഗവിയിലേക്കുള്ള യാത്രയിൽ കൂടുതലും ആളുകൾ തെരഞ്ഞെടുക്കുന്ന മാർഗങ്ങളിലൊന്ന് കെ.എസ്.ആർ.ടി.സി ബസിലുള്ള യാത്രയാണ്.
ഗവി പോലുള്ള പ്രദേശങ്ങളിലേക്ക് ആനവണ്ടിയിൽ കയറിയുള്ള സഞ്ചാരം വേറിട്ട ഒരു അനുഭൂതി തന്നെയാണ്. ശാലീനമായ പ്രകൃതി കാഴ്ചകൾ ഉള്ള ഗവിയിലേക്കുള്ള യാത്ര ഉന്മേഷം നിറഞ്ഞ അനുഭവമാക്കാൻ 'ഗവി ഡ്യൂട്ടി'സഹായകമാണ്.

 

Latest News