യു.എ.ഇ ചരിത്രം കുറിച്ചു, സുല്‍ത്താന്‍ അല്‍ നിയാദി ബഹിരാകാശത്തേക്ക്
ദുബായ്- ആറുമാസം നീളുന്ന ദൗത്യത്തിനായി യു.എ.ഇ ബഹിരാകാശ യാത്രികന്‍ സുല്‍ത്താന്‍ അല്‍ നിയാദി പുറപ്പെട്ടിരിക്കെ അഭിമാനത്തോടെ രാജ്യത്തെ ജനതയും ഭരണാധികാരികളും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്താനും രാജ്യത്തിന്റെ പതാക ഉയര്‍ത്തിപ്പിടിക്കാനും അക്ഷീണം യത്‌നിച്ച നിയാദിയെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അഭിനന്ദിച്ചു. ബഹിരാകാശ പേടകം ഉയര്‍ന്ന ശേഷം ഡോ.നിയാദി എല്ലാവരേയും നന്ദി അറിയിച്ചു-ശുക്‌റന്‍ ജസീലന്‍
വ്യാഴാഴാച രാവിലെ ആയിരുന്നു യു.എ.ഇയും അറബ് ലോകവും കാത്തിരുന്ന ചരിത്ര നിമിഷം. ആദ്യമായാണ് ഒരു അറബ് രാഷ്ട്രപ്രതിനിധി ദീര്‍ഘകാല ബഹിരാകാശ യാത്രക്ക് പുറപ്പെട്ടത്. ഫ് ളോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തില്‍നിന്നാണ് സ്‌പേസ് എക്‌സ് റോക്കറ്റില്‍ യു.എ.ഇ ബഹിരാകാശ യാത്രികന്‍ സുല്‍ത്താന്‍ അല്‍ നിയാദി പറന്നുയര്‍ന്നത്.
യു.എ.ഇ സമയം രാവിലെ 9.34 നാണ് നിയാദി അടക്കം നാലുപേരുള്ള ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച സാങ്കേതിക തകരാര്‍ കാരണമായി അവസാന നിമിഷം മാറ്റിവെച്ച വിക്ഷേപണമാണ് ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കിയത്.
മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രം (എം.ബി.ആര്‍.എസ്.സി) ഡോ. അല്‍നിയാദി നയിക്കുന്ന സായിദ് അംബിഷന്‍ 2 ദൗത്യം വിജയകരമായി നിര്‍വഹിച്ചതായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു.
വിക്ഷേപണം വീക്ഷിക്കാന്‍ പ്രമുഖര്‍ യു.എ.ഇ ബഹിരാകാശ ഏജന്‍സിയായ മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് സെന്ററില്‍ എത്തിയിരുന്നു. രാവിലെ 7.15മുതല്‍ വിക്ഷേപണത്തിന്റെ സംപ്രേഷണം യു.എ.ഇയിലെ വിവിധ മാധ്യമങ്ങള്‍ ആരംഭിച്ചിരുന്നു.
നാസയുടെ മിഷന്‍ കമാന്‍ഡര്‍ സ്റ്റീഫന്‍ ബോവന്‍, പൈലറ്റ് വാറന്‍ ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ യാത്രികന്‍ ആന്‍ഡ്രേ ഫെഡ് യാവേവ് എന്നിവരാണ് അല്‍ നിയാദിക്കൊപ്പമുള്ളത്?. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറു മാസത്തെ ദൗത്യത്തില്‍ 250 ഗവേഷണ പരീക്ഷണങ്ങള്‍ സംഘം നടത്തും. ഇവയില്‍ 20 പരീക്ഷണങ്ങള്‍ അല്‍ നിയാദി തന്നെയാണ് നിര്‍വഹിക്കുക. മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര യാത്രകള്‍ക്കായി തയാറെടുക്കാന്‍ സഹായിക്കാനുള്ളതാണ് പ്രധാനമായും ഈ ദൗത്യം.
ബഹിരാകാശ ദൗത്യത്തിലെ പങ്കാളിത്തം മനുഷ്യരാശിയെ സേവിക്കുന്ന ശാസ്ത്ര ഗവേഷണത്തിനുള്ള സംഭാവനകള്‍ ശക്തിപ്പെടുത്തുന്നതിലെ യു.എ.ഇയുടെ കാഴ്ചപ്പാടാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു.
ബഹിരാകാശ മേഖലയിലെ യുഎഇയുടെ അഭിലാഷങ്ങള്‍ ഭാവി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്തരിച്ച പിതാവ് ശൈഖ് സായിദിന്റെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.
ശൈഖ് സായിദിന്റെ അഭിലാഷങ്ങളാല്‍ ഞങ്ങള്‍ എപ്പോഴും പ്രചോദിതരാണ്. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യമായ 'സായിദ് അംബീഷന്‍ 2'ലെ പങ്കാളിത്തത്തിലൂടെ ഇത് വളരെ വ്യക്തമായി കാണാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)