പെണ്‍കുട്ടികള്‍ക്ക് ദുരൂഹ വിഷബാധ; അടിയന്തര അന്വേഷണത്തിന് നിര്‍ദേശം

തെഹ്‌റാന്‍- ഇറാനിലെ വിവിധ  നഗരങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് വിഷബാധയേറ്റ സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് പ്രസിഡന്റ് ഇബ്രാഹിം റൈസി ഉത്തരവിട്ടു.
മാതാപിതാക്കളുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രി അഹ്മദ് വഹിദിറ്റോക്ക് ക്യാബിനറ്റ് യോഗത്തില്‍ പ്രസിഡന്റ് റൈസി നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ, വിവിധ നഗരങ്ങളിലെ ഗേള്‍സ് സ്‌കൂളുകളിലാണ് ദൂരഹമായ വിഷബാധ റിപ്പോര്‍ട്ട് ചെയ്തത്. വടക്കന്‍ പ്രവിശ്യയായ ഖുമ്മിലെ  പെണ്‍കുട്ടികളുടെ സ്‌കൂളുകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.  
ആദ്യത്തെ കേസ് കഴിഞ്ഞ വര്‍ഷം നവംബര്‍ 30 നാണ് ഖുമ്മില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അവിടെ 18 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെയാണ് വിഷബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ സെന്ററുകളിലേക്ക് മാറ്റിയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.

പിന്നീട് ലോറെസ്താന, അര്‍ദാബില്‍, കെര്‍മാന്‍ഷാ എന്നീ പ്രവിശ്യകള്‍ക്കു പുറമെ, തലസ്ഥാനമായ തെഹ്‌റാനില്‍ പോലും സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍, രാജ്യത്തുടനീളമുള്ള 30 ലധികം സ്‌കൂളുകളിലെ 700 ലധികം വിദ്യാര്‍ത്ഥിനികള്‍ ഇത്തരം സംഭവങ്ങള്‍ക്ക് ഇരയായെന്നാണ് കണക്ക്. മിക്ക കേസുകളിലും വിദ്യാര്‍ത്ഥിനികളെ ചികിത്സയ്ക്ക് ശേഷം ഉടന്‍ തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
റിപ്പോര്‍ട്ട് ചെയ്ത വിഷബാധ വൈറസോ സൂക്ഷ്മജീവികളോ മൂലമല്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
പെണ്‍കുട്ടികളുടെ പഠനം തടയാനുള്ള ആസൂത്രിത ശ്രമമാണെന്ന് അധികൃതര്‍ സംശയിക്കുന്നുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News