വിസ്താര മുംബൈ-ദമാം നോണ്‍ സ്റ്റോപ്പ് സര്‍വീസിന് തുടക്കം

ദമാം-  ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര ദമാം-മുംബൈ പ്രതിദിന നോണ്‍ സ്റ്റോപ് സര്‍വീസ് ആരംഭിച്ചു. ജിദ്ദക്കു പിറകെ സൗദിയില്‍ രണ്ടാമത്തെ റൂട്ടാണ് മുംബൈ-ദമാം.
മെച്ചപ്പെടുത്തിയ ഫീച്ചറുകളടങ്ങുന്ന എ 320 നിയോ വിമാനമാണ് വിസ്താര ഈ റൂട്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബിസിനസ്, ഇകണോമി ക്‌ളാസുകള്‍ക്ക് പുറമെ, പ്രീമിയം ഇകണോമി ക്യാബിനും യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു.  
പ്രവാസികള്‍ ധാരാളമായി താമസിക്കുന്ന ദമാമിലേക്ക് സര്‍വീസ് തുടങ്ങാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് വിസ്താര ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കണ്ണന്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് ദമാം സര്‍വീസ് കൂടി ആരംഭിക്കുന്നത്. ദുബായ്, ജിദ്ദ, അബുദാബി, മസ്‌കത്ത് എന്നിവയ്ക്ക് ശേഷം മേഖലയിലെ അഞ്ചാമത്തെ വിസ്താര ഡെസ്റ്റിനേഷനാണ് ദമാം.
സ്‌കൈ ട്രാക്‌സിലും ട്രിപ് അഡൈ്വസറിലും ഏറ്റവും ഉയര്‍ന്ന റേറ്റിംഗുള്ള എയര്‍ലൈനാണ് വിസ്താര. ക്യാബിന്‍ ശുചിത്വവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളും ഉയര്‍ത്തിപ്പിടിച്ചതിന് നിരവധി ലോകോത്തര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

Latest News