Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അസൂയാവഹമായ തിരിച്ചുവരവ്; നടി ഭാവനയെ പ്രകീര്‍ത്തിച്ച് ഋഷി രാജ് സിംഗ്

കൊച്ചി- നടി ഭാവനയും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയെ അഭിനന്ദിച്ച് റിട്ട. ഡി.ജി.പി ഋഷിരാജ് സിംഗ്. മുഖ്യകഥാപാത്രത്തിന്റെയും കലാകാരിയുടെയും അസൂയാവഹമായ തിരിച്ചുവരവെന്നാണ് ഋഷി രാജ് സിംഗ് ഫേസ്ബുക്കില്‍ കുറിച്ചത്. സമാനതകളില്ലാത്ത ദുരനുഭം ജീവിതത്തില്‍ സംഭവിച്ചു പോയാല്‍ എല്ലാം അവസാനിച്ചു എന്ന് കരുതുന്നവരില്‍ നിന്ന് വ്യത്യസ്തമായി ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഭാവന എന്ന അഭിനേത്രി നീണ്ട ആറു വര്‍ഷങ്ങള്‍ക്കു ശേഷം ഗംഭീരമായൊരു തിരിച്ചു വരവ് നടത്തിയിരിക്കുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'  മുഖ്യകഥാപാത്രത്തിന്റെയും കലാകാരിയുടെയും അസൂയാവഹമായ തിരിച്ചുവരവ്.
തന്റെ തൊഴിലിടത്തു നിന്നും തന്റേതല്ലാത്ത കാരണങ്ങളാല്‍ ഒഴിച്ചു നിര്‍ത്തപ്പെട്ട ഒരു സ്ത്രീ തന്റെ മനോധൈര്യവും ആത്മവിശ്വാസവും കൊണ്ട് എവിടെ നിന്ന് തന്നെ ഒഴിവാക്കിയോ അവിടേക്ക് ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു എന്ന പ്രത്യേകതയുള്ള ചിത്രമാണ് നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്‌റഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന മനോഹര ചിത്രം. സമാനതകളില്ലാത്ത ദുരനുഭം ജീവിതത്തില്‍ സംഭവിച്ചു പോയാല്‍ എല്ലാം അവസാനിച്ചു എന്ന് കരുതുന്നവരില്‍ നിന്ന് വ്യത്യസ്തമായി ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഭാവന എന്ന അഭിനേത്രി നീണ്ട ആറു വര്‍ഷങ്ങള്‍ക്കു ശേഷം ഗംഭീരമായൊരു തിരിച്ചു വരവ് നടത്തിയിരിക്കുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം.

ചിത്രത്തിന്റെ പ്രമേയം പ്രത്യേകിച്ചൊരു പുതുമയും ഇല്ലാത്തതും എന്നാല്‍ ഭൂമിയില്‍ മനുഷ്യനുള്ള കാലത്തോളം പുതുമ നശിക്കാത്തതുമായ പ്രണയം തന്നെയാണെങ്കിലും ആ ഒരു ത്രെഡില്‍ നിന്ന് കൊണ്ട് സഹോദരങ്ങള്‍ തമ്മിലുള്ള ആത്മബന്ധത്തെ, തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ മക്കളില്‍ അടിച്ചേല്പിക്കുന്ന മാതാപിതാക്കളെ, സ്വത്വബോധം ഉള്ള സ്ത്രീയെ ഒക്കെ സിനിമ നമുക്ക് കാണിച്ചു തരുന്നുണ്ട്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഒരു വിവാഹബന്ധത്തില്‍ നിന്ന് ഇറങ്ങി പോന്ന യുവതിയുടെ മാനസിക സംഘര്‍ഷങ്ങള്‍, സന്തോഷം, സങ്കടം, നൈരാശ്യം, രോഷം , ബാല്യകാല സുഹൃത്തിനോടുള്ള സ്‌നേഹം, പ്രണയം ഇങ്ങനെ എല്ലാം ഭാവനയില്‍ ഭദ്രമായിരുന്നു. ചിത്രത്തില്‍ അടിമുടി നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രം ഭാവനയുടെ നിത്യാമുരളീധരന്‍ ആണെങ്കിലും മറ്റുള്ളവര്‍ ഓരോരുത്തരും പേരെടുത്തു പരാമര്‍ശിക്കത്തക്കവിധം തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കിയിട്ടുണ്ട്. അതില്‍ തന്നെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് നായകനായ ജിമ്മിയുടെ പത്തു വയസുകാരി അനുജത്തി മറിയം ആയി വേഷമിട്ട സാനിയ റാഫി എന്ന കൊച്ചു മിടുക്കിയാണ്. അസാധ്യപ്രകടനം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട് സാനിയ.

ജിമ്മിയായി വേഷമിട്ട ഷെറഫുദ്ദീന്റെ ഈ അടുത്ത കാലത്തുള്ള ഏറ്റവും മികച്ച വേഷം തന്നെയാണിത്. അലസനും ഭീരുവും സ്വന്തം തീരുമാനങ്ങള്‍ മാതാപിതാക്കളോട് പറയാനുള്ള ധൈര്യമില്ലാത്തവനും പിതാവിന്റെ പ്രതീക്ഷക്കൊത്ത് ഒന്നുമാകാന്‍ കഴിയാത്തവനും ആയിരുന്നതില്‍ നിന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനാകുന്നവനിലേക്കുള്ള ദൂരം വളരെ ഭംഗിയായി ചെയ്യാന്‍ ഷെറഫുദ്ദീന് കഴിഞ്ഞു. ജിമ്മിയുടെ പിതാവ് അബ്ദുള്‍ ഖാദറായി അശോകന്റെ തന്മയത്വമുള്ള അഭിനയവും പ്രശംസിക്കപ്പെടേണ്ടതാണ്. അനാര്‍ക്കലി നാസര്‍,, ഷെബിന്‍ ബെന്‍സന്‍, അഫ്‌സാന ലക്ഷ്മി എന്നിങ്ങനെ ചെറുതും വലുതുമായി സ്‌ക്രീനില്‍ വന്ന് പോയവരെല്ലാം താന്താങ്ങളുടെ വേഷം മികവുറ്റതാക്കി. എടുത്തു പറയേണ്ട മറ്റൊരു കാര്യം ബിജിബാല്‍ ഒരുക്കിയ പശ്ചാത്തല സംഗീതമാണ്. സിനിമയുടെ ഒഴുക്കിനൊത്ത് മൃദുവായി തഴുകി ഒഴുകുന്ന സംഗീതം വേറിട്ട ഒരനുഭവമായി തോന്നി.  

അരുണ്‍ റുഷ്ദിയുടെ ഛായാഗ്രഹണവും ഏറെ ഹൃദ്യമായി. സിനിമാ നടിമാര്‍ സുന്ദരിമാര്‍ ആയിരുന്നാല്‍ മാത്രം പോരാ ആ സൗന്ദര്യം പകര്‍ത്തുന്ന ഛായാഗ്രാഹകന്റെ കഴിവനുസരിച്ചു മാത്രമേ സിനിമയില്‍ അതീവ സുന്ദരിയായി കാണാന്‍ കഴിയൂ എന്ന് പ്രശസ്തയായ സിനിമാനടി ഹേമമാലിനി പറഞ്ഞിട്ടുണ്ട്. കൂടാതെ ഹേമമാലിനിയുടെ 35 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ' ആമഴ ആമി' (2001) എന്ന സിനിമയിലാണ് അവര്‍ അതീവ സുന്ദരിയായി കാണപ്പെട്ടത്, അത് ചായാഗ്രാഹകന്റെ കഴിവായിരുന്നു എന്ന് ആണ് പറഞ്ഞത്. ഒരുപക്ഷേ ഛായാഗ്രഹണത്തിന്റെ പ്രത്യേകത കൊണ്ടാവാം ഭാവന അതീവ സുന്ദരിയായി കാണപ്പെട്ടു.

ചുരുക്കത്തില്‍ ഒരു ഫീല്‍ ഗുഡ് സിനിമയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രം. വളരെ മൃദുവായി ഒഴുകുന്ന എന്നാല്‍ ഏറെ ഗൗരവമുള്ള വിഷയങ്ങള്‍ സംസാരിക്കുന്ന ചിത്രം. മനസ്സില്‍ പ്രണയം സൂക്ഷിക്കുന്നവര്‍ക്കും ഇപ്പോഴും പ്രണയിക്കുന്നവര്‍ക്കും ഇനി പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ ചിത്രം ഇഷ്ടപ്പെടാതെ പോകില്ല. എല്ലാത്തിനുമുപരി ഭാവന എന്ന അഭിനേത്രിയെ സ്വന്തം ഇടത്തേക്ക് മടക്കി കൊണ്ട് വന്ന സിനിമ എന്ന പേരില്‍ കാലം ഈ ചിത്രത്തെ അടയാളപ്പെടുത്തും എന്ന കാര്യത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുല്‍ ഖാദര്‍ എനിവര്‍ക്കും അഭിമാനിക്കാം. ചിത്രത്തിന്റെ മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.

 

Latest News