പ്രേക്ഷകര്‍ മാറി, ഞാന്‍ മാറിയില്ല.... ഏറ്റവും പുതിയ ചിത്രവും പരാജയപ്പെട്ടതിന്റെ ഷോക്കില്‍ അക്ഷയ് കുമാര്‍

മുംബൈ- ബോക്‌സോഫീസില്‍ തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെടുന്നഅക്ഷയ്കുമാറിന്റെ അവസാന അത്താണിയായിരുന്നു സെല്‍ഫി. മലയാള ചിത്രം 'ഡ്രൈവിംഗ് ലൈസന്‍'സിന്റെ ഹിന്ദി പതിപ്പായ 'സെല്‍ഫി'ക്കും തണുപ്പന്‍ പ്രതികരണമാണ് സിനിമാപ്രേമികള്‍ നല്‍കിയത്. ഇതോടെ അക്ഷയ് കുമാറിന്റെ താരമൂല്യം വന്‍തോതില്‍ ഇടിയുകയാണ്.

തുടര്‍ച്ചയായി തന്റെ ചിത്രങ്ങള്‍ പരാജയപ്പെടുന്നത് ആദ്യസംഭവമല്ലെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. തന്റെ കരിയറില്‍ തുടര്‍ച്ചയായി 16 ചിത്രങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. തുടര്‍ച്ചയായി എട്ട് ചിത്രങ്ങള്‍ വിചാരിച്ചത് പോലെ സ്വീകരിക്കപ്പെടാത്ത സമയമുണ്ടായിട്ടുണ്ടെന്നും ഇപ്പോള്‍ മൂന്നോ നാലോ ചിത്രങ്ങള്‍ക്കാണ് കരുതിയ വിജയം നേടാനാകാത്തതെന്നും അക്ഷയ് കുമാര്‍ ചൂണ്ടിക്കാട്ടി.

'സ്വന്തം വീഴ്ച കൊണ്ടാണ് ഇങ്ങനെയാക്കെ സംഭവിക്കുന്നത്. പ്രേക്ഷകര്‍ ഒരുപാട് മാറി. നമ്മളും മാറേണ്ട സമയമായിരിക്കുന്നു. തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍ അതൊരു മുന്നറിയിപ്പാണ്. മാറേണ്ട സമയമായിരിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഞാന്‍ മാറാന്‍ ശ്രമിക്കുകയാണ്. അതാണ് എനിക്ക് ചെയ്യാനാകുന്നത്. ഒരു ചിത്രം പരാജയപ്പെട്ടാല്‍ പ്രേക്ഷകരെ പഴിക്കേണ്ട കാര്യമില്ല. നമ്മളുടെ പിഴവാണത്- അക്ഷയ് കുമാര്‍ പറഞ്ഞു.

അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 'സെല്‍ഫി'. വെള്ളിയാഴ്ചയാണ് ചിത്രം റീലീസ് ചെയ്തത്. ആദ്യ ദിനത്തില്‍ വെറും 2.55 കോടി മാത്രമാണ് ചിത്രത്തിന് നേടാനായതെന്ന് ട്രെയ്ഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തിരുന്നു.

 

Latest News