വണ്ടിക്കകത്തും പുറത്തുമായി പുക നിറഞ്ഞിരുന്നു. അണുവിമുക്തമാക്കാനാണത്രേ. യാത്രക്കാരും ജീവനക്കാരുമെല്ലാം മാസ്‌ക് ധരിച്ചിരിക്കുന്നു. ധൂമപടലങ്ങളിലകപ്പെട്ട മുഖമില്ലാത്തവർ. എങ്ങനെയാണ് ഞാനിവിടെ എത്തിപ്പെട്ടതെന്ന് എനിക്കോർമ്മയില്ല. ഓർമകളുടെ തുടക്കം ഈ വണ്ടിയിൽ നിന്നു മാത്രമാണ്. സീറ്റുകൾ വളരെ ക്രമീകരിച്ചാണുള്ളത്. സാധാരണ നാലാളുകൾ ഇരിക്കുന്ന സീറ്റിൽ രണ്ടാൾ മാത്രം. കൃത്യമായ അകലം പാലിക്കപ്പെട്ടിരിക്കുന്നു.
എനിക്ക് കിട്ടിയത് ജനാലക്കരികിലായുള്ള സീറ്റാണ്. സീറ്റിന്റെ അങ്ങേത്തലക്കൽ നല്ല ആരോഗ്യമുള്ള ശരീരമുള്ളയാൾ. അയാളുടെ പരന്ന മുഖം മറച്ച് കൊണ്ട് മാസ്‌ക്. അയാൾക്കൊപ്പമായാണ് എനിക്കെതിർ ദിശയിലായിരിക്കുന്ന രണ്ട് സ്ത്രീകൾ വന്നിരുന്നത്.
വണ്ടി അനങ്ങിത്തുടങ്ങി. ഞങ്ങളെപ്പോലെ തന്നെ തൊട്ടടുത്ത സീറ്റുകളിലും കമ്പാർട്ട്‌മെന്റുകളിലും പാതിമറഞ്ഞ മുഖങ്ങളുമായി പലരും ലക്ഷ്യസ്ഥാനം കാത്തിരിക്കുകയാണ്. പുറത്ത് കെട്ടിടങ്ങളും മരങ്ങളും പിറകിലേക്ക് ഓടി മറഞ്ഞു.
എതിർ വശത്തിരിക്കുന്ന സ്ത്രീകളുടെ ശരീരവും കണ്ണുകളും മാത്രമേ എനിക്ക് കാണാൻ കഴിയുന്നുള്ളൂ. ജനാലക്കരികിലായി ഇരിക്കുന്നവളുടെ കണ്ണുകൾ പലപ്പോഴും എന്റെ കണ്ണുകളുമായി ഉടക്കി. അവയ്ക്ക് കാന്തിക ശക്തി കൈവന്ന പോലെ എന്നെ വലിച്ചടുപ്പിക്കാൻ തുടങ്ങി. എന്റെ കണ്ണുകൾ അവളുടെയും അവളുടെ കണ്ണുകൾ എന്റെയും ശരീരത്തെ ഉഴിയാൻ തുടങ്ങി. വളരെ പെട്ടെന്ന് വല്ലാത്തൊരനുഭൂതി എന്നിൽ നിറഞ്ഞു. ഇപ്പോൾ വണ്ടി നദിക്കുവശത്തിലൂടെയാണ് പോകുന്നത്. നദി കുത്തിയൊഴുകുകയാണ്.
'എന്തൊരു വരണ്ട യാത്രയാണിത്? നീ ഒരു കവിത ചെല്ലൂ. ഇതേയിരുപ്പിങ്ങനെയിരുന്നാൽ മുഷിഞ്ഞ് മരിച്ച് പോകും'
ഞങ്ങളുടെ നോട്ടത്തിനിടയിലേക്ക് ഒരു താൽക്കാലിക മതിൽ കെട്ടി അവർക്കൊപ്പമിരുന്നവൾ പറഞ്ഞു.
അവരുടെ കൂടെ വന്ന പുരുഷനും പ്രോത്സാഹിപ്പിച്ചു.
അവൾ കണ്ണുകൾ എന്റെ നേർക്ക് പായിച്ചു. അനുവാദത്തിനെന്ന മട്ടിൽ.
അപ്പോഴേക്കും ഞങ്ങൾ നോട്ടങ്ങൾക്കൊണ്ടാരു ഭാഷ തീർത്തിരുന്നല്ലോ.
എന്റെ നോട്ടം അവളുടെ മറഞ്ഞിരുന്ന ചുണ്ടുകളെ വിടർത്തി.
'ലോകത്തിന്റെ മറ്റേയറ്റം വരെ എത്തുന്ന
വിശാലമായിവരുന്ന വൃത്തങ്ങളിൽ
ഞാനെന്റെ ജീവിതം ജീവിക്കുന്നു.
ഒടുവിലത്തെ വൃത്തം ഞാൻ മുഴുമിക്കയില്ല.
പകരം അതിന് ഞാൻ എന്നെത്തന്നെ നൽകും
ഞാൻ ദൈവത്തിനു ചുറ്റും വട്ടമിടുന്നു.
ആ ആദിഗോപുരത്തിനു ചുറ്റും
സഹസ്രാബ്ദങ്ങളായി ഞാൻ ഇങ്ങനെ ചുറ്റുന്നു.
എന്നിട്ടും എനിക്കറിഞ്ഞു കൂടാ,
ഞാനൊരു പരുന്താണോ?
കൊടുങ്കാറ്റാണോ, അതോ മഹത്തായ ഒരു ഗാനമോ?*
അവൾ കവിത നിർത്തി എന്നെ നോക്കി. എവിടെയോ കേട്ട വരികളാണ്.
എവിടെയെന്നു മാത്രം ഓർമ കിട്ടുന്നില്ല. എന്തായാലും നല്ല പരിചയമുള്ള വരികൾ. വണ്ടിയിൽ നിന്നെവിടെ നിന്നോ പെട്ടെന്ന് വീണ്ടും പുകയുടെ മണമുയർന്നു. അവളുടെ നോട്ടത്തെ തടഞ്ഞുകൊണ്ട് പുക പൊതിഞ്ഞു. ഈ പുകയിൽ അവ നശിക്കുമത്രേ. അവർ ശ്വാസകോശങ്ങളിൽ ഒളിച്ചിരിക്കുകയാണ്. ചിലപ്പോഴൊക്കെ ഏറ്റവും നല്ല പ്രതിരോധം ആക്രമണമാണ്. പെട്ടെന്ന് പുകയ്ക്ക് കുന്തിരിക്കത്തിന്റെയും വെള്ളുത്തുള്ളിപൂക്കളുടെയും അസഹനീയമായ ഗന്ധമായി. ഗത്യന്തരമില്ലാതെ ഞങ്ങൾ ജനലിനു പുറത്തേക്ക് തല നീക്കി. പുറത്ത് നീലാകാശം കാണാം. പുക പതുക്കെ മാഞ്ഞു പോയി.
സമയം ഇരുണ്ടു തുടങ്ങി. വണ്ടി ഇപ്പോൾ ഇരുട്ടിനെ തുളച്ച് കൊണ്ടാണ് മുന്നോട്ട് കുതിക്കുന്നത്. അപ്രതീക്ഷിതമായി ഒരു ഞരക്കത്തോടെ വേഗത കുറഞ്ഞ് വണ്ടി നിന്നു. അഭൗമമായ ഒരു സുഗന്ധം അവിടെ പരന്നു. ഞങ്ങൾ രണ്ടാളുകൾ മാത്രമാണ് ഉണർന്നിരിക്കുന്നത്.
ട്രെയിൻ നിർത്തിയിട്ടിരിക്കുന്നതൊരു കാടിനു നടുവിലാണ്. ഞങ്ങൾ നോട്ടം കൊണ്ട് വലനെയ്തു കൊണ്ടിരുന്നു. എന്തോ ഒരാകർഷണം എന്നെ പിടിച്ചു വലിച്ചു. ഇരുട്ടിനെ മായ്ച്ച് പുറത്ത് നിലാവ് പരക്കാൻ തുടങ്ങി. പാളത്തിന്റെ ഒരരുകിലായി ഒരു കാട്ടരുരുവി. നിലാവിൽ വെള്ളം തിളങ്ങുന്നു. എന്നിലെ സൂക്ഷ്മാണുക്കൾക്ക് ഭ്രാന്ത് പിടിക്കുകയാണ്. ഉള്ളിൽ വാക്കുകളുടെ മുരൾച്ച. ഭീരുത്വത്തിന്റെ വലിയ ഇരുമ്പുമറക്കുള്ളിൽ വെച്ച് വാക്കുകൾ ശ്വാസം കിട്ടാതെ ചത്തു വീണു.
എന്റെ പ്രണയത്തിനെങ്ങനെയാണ് ഒരു ശരീരത്തിൽ ഒതുങ്ങാൻ കഴിയുന്നത്. മഹാപ്രപഞ്ചത്തെ പ്രണയിച്ചവർക്ക് ശരീരത്തെ കാണാൻ കഴിയില്ലെന്ന് ഗുരു പറഞ്ഞിട്ടുണ്ട്. പ്രപഞ്ചവുമായുള്ള നിരന്തരമായ രതിയിൽ അഭിരമിക്കുന്നവർക്ക് ശരീരത്തിന്റെ രതി അപ്രസക്തമാണ്. അങ്ങനെ ഗാഢവും നിരന്തരവുമായി പ്രകൃതിയോടു നടത്തുന്ന വേഴ്ചയുടെ അവസാനമുള്ള രതിമൂർഛയാണ് മരണം. പക്ഷേ ഇവിടെ അതെല്ലാം തെറ്റിച്ച് കൊണ്ട് അവളുടെ കണ്ണുകൾ മുഴുവൻ പ്രപഞ്ചത്തെയും ആവാഹിക്കുകയാണ്. പ്രപഞ്ചത്തിനെ കീഴടക്കാൻ കഴിയുന്ന ശരീരമോ? അതോ അവൾ മറ്റൊരു പ്രപഞ്ചം തന്നെയാണോ?
പതിയെ അവിടെ മുഴുവൻ സുഗന്ധമുള്ള മഞ്ഞ് നിറഞ്ഞു. അത് ഞങ്ങളുടെ ശരീരങ്ങളെ പൊതിഞ്ഞു. അരുവി കൂടുതൽ പതത്തൊഴുകി. മഞ്ഞിന്റെ തണുപ്പിൽ കോശങ്ങൾ കോശങ്ങളെയും നാരുകൾ നാരുകളെയും അറിഞ്ഞു. അവൾ എന്നെയും കൊണ്ട് ആ കാട്ടരുവിയിലേക്ക് കുതിച്ചിരുന്നെങ്കിൽ. പാറക്കെട്ടുകളിൽ ഗാഢമായി ആലിംഗനം ചെയ്‌തൊഴുകുന്ന അരുവിയുടെ നുരയിലും പതയിലും ഞങ്ങൾ അലിഞ്ഞിരുന്നെങ്കിൽ. കടുത്ത നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ട് വീണ്ടും ചൂളം വിളിച്ചു ഉറങ്ങിക്കിടന്നവരുടെ സ്വപ്‌നങ്ങളെ മുറിച്ച് വണ്ടി ഓടിത്തുടങ്ങി. പിന്നീട് നിന്നത് ഒരു പ്രഭാതത്തിലാണ്. ഇതവസാന സ്റ്റോപ്പാണ്. എല്ലാവരും അവരവരുടെ ലഗേജുകളുമായി പുറത്തേക്കിറങ്ങി.
ഞങ്ങളുടെ നോട്ടങ്ങൾ വഴി പിരിയുകയാണ്. എന്താണ് ഞാനിങ്ങനെ ഭീരുവായിപ്പോയത്? അവളോടെന്തെങ്കിലും ഒന്നു മിണ്ടേണ്ടതായിരുന്നു. അവളും അതിനു വേണ്ടി കാത്തിരിക്കുകയായിരുന്നല്ലോ? അവൾ എന്നോടൊന്നും ചോദിച്ചില്ല. അതു കൊണ്ടു അവളെക്കുറിച്ച് ചോദിക്കാനും എന്റെ ജാള്യത അനുവദിച്ചില്ല. പുറത്ത് പോകാനൊരുങ്ങുന്ന യാത്രക്കാർക്കിടയിൽ ഞാനവരെ പരതി. അവളിപ്പോൾ റെയിൽവേസ്റ്റേഷൻ വിട്ട് പോയിക്കാണുമോ?
ഭാഗ്യം. അവൾ ടാക്‌സി കാത്തു നിൽപാണ്. അവളുടെ കണ്ണുകൾ എന്നെയും പരതുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ എന്നെ ഒരിക്കൽ കൂടി മാടി വിളിച്ചു. ഞാൻ ചോദിക്കുന്നതിന് മുൻപ് തന്നെ അവൾ ട്രെയിൻ ടിക്കറ്റെടുത്ത് എനിക്ക് നീട്ടി. പുറകിൽ നമ്പറെഴുതിയിരിക്കുന്നു.
റെയിൽവേസ്റ്റേഷനു പുറത്ത് ആളുകൾ തേനീച്ചക്കൂടുകൾ പോലെ മുരണ്ടു. എല്ലാവരുടെയും മുഖാവരണം നഷ്ടമായിരിക്കുന്നു. പുറത്ത് ഒരുത്സവം നടക്കുകയാണ്. വാദ്യഘോഷങ്ങളാണെങ്ങും. പെട്ടെന്നാണെല്ലാവർക്കും നാരുകൾ മുളക്കാൻ തുടങ്ങിയത്. എങ്ങും ചീഞ്ഞളിഞ്ഞ ഗന്ധം പടർന്നു. അപ്പോൾ മാത്രമാണെനിക്ക് യാഥാർത്ഥ്യബോധം വന്നത്. ഈ ഉത്സവമൊരു കെണിയായിരുന്നോ? ദൈവമേ ഞാനെന്താണ് ചെയ്തിരിക്കുന്നത്. എനിക്ക് ശാസം കിട്ടാതായി തുടങ്ങി. പെട്ടെന്ന് കണ്ട ഒരൂടുവഴിയിലൂടെ ഞാൻ ഓടി.
ഞാൻ ഓടുന്നതാരോ കണ്ടിരിക്കുന്നു. അവർ ഒരു കൂട്ടമായി എന്റെ പുറകെയും. എന്റെ തൊണ്ട വരളുന്നു. വഴിയവസാനിച്ചത് വലിയൊരു ഗർത്തത്തിനു മുമ്പിലാണ്. പിറകിലായി ഭ്രാന്തു പിടിച്ച ജനക്കൂട്ടവും. ഞാൻ ഗർത്തത്തിലേക്കെടുത്തു ചാടാൻ തുടങ്ങി. എന്റെ കാലുകൾ മരവിച്ചിരിക്കുന്നു. ശരീരത്തിന്റെ ചലനം നഷ്ടപ്പെട്ടിരിക്കുന്നു. പിറകെ വന്ന ജനക്കൂട്ടം പെട്ടെന്ന് ചെറുതാകാൻ തുടങ്ങി. അവർ ആഞ്ഞു വീശിയ കാറ്റിനൊപ്പം എന്റെ ശ്വാസത്തെ തടഞ്ഞ് കൊണ്ട് എന്നിലേക്ക് പ്രവഹിക്കാൻ തുടങ്ങി. ഞാൻ കുതറി. എന്റെ എല്ലാ ശക്തിയുമെടുത്ത് കുതറി.
വലിയ ഒരു അലർച്ചയോടെ കണ്ണുതുറന്നു. എന്റെ കിടക്കവിരിയാകെ വിയർപ്പിൽ കുളിച്ചിരിക്കുന്നു. ഞാൻ കാലുകൾ അനക്കി നോക്കി. കൈവിരലുകൾ മടക്കി നിവർത്തി നോക്കി. ശ്വാസം ദീർഘമായി വലിച്ചു നോക്കി. എല്ലാം ശാന്തം. തലയിണയ്ക്ക് തൊട്ടപ്പുറത്ത് കിടന്നിരുന്ന മൊബെൽ ഫോൺ നോക്കി. സമയം പുലരാൻ നേരമാണ്. അപ്പോഴും അവളുടെ കണ്ണുകൾ എനിക്ക് മറക്കാൻ കഴിഞ്ഞിരുന്നില്ല. വെറുതെ ടിക്കറ്റിന്റെ പിറകിലെഴുതിയ നമ്പറിനെക്കുറിച്ചോർത്തു നോക്കി. അത്ഭുതം, എനിക്കവ ഓർക്കാൻ കഴിയുന്നുണ്ട്. അപ്പോൾ തോന്നിയ കൗതുകത്തിന് ഞാനാ നമ്പർ വെറുതെ ഫോണിൽ സേവ് ചെയ്തു. എനിക്കപ്പോൾ സ്വപ്‌നം എന്ന് പേരിടാനാണ് തോന്നിയത്.
അത്തരം ഒരു നമ്പറേ ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തിൽ അന്നു പകൽ ഞാനാ നമ്പർ ഡയൽ ചെയ്തു. എന്നിൽ ഞെട്ടലുണ്ടാക്കിക്കൊണ്ട് ഫോൺ റിംഗ് ചെയ്യുന്നു. രണ്ടു ദിവസങ്ങളായി ഞാൻ ആ നമ്പറിൽ വിളിച്ചു കൊണ്ടിരിക്കുകയാണ്. ദീർഘനേരമായി റിംഗ് ചെയ്യുന്നതല്ലാതെ ആരും ഫോണെടുക്കുന്നില്ല. അപ്പോഴെല്ലാം എന്നിലെ ആകാംക്ഷയും കൗതുകവും കൂടിക്കൊണ്ടിരിക്കയായിരുന്നു.
പെട്ടെന്നൊരാൾ ഫോൺ എടുത്തു.
'ആരാ..'
ഒരു സ്ത്രീയുടെ ശബ്ദമാണ്. എങ്ങനെ സംസാരിക്കുമെന്നതിനെ പറ്റിയൊന്നും ആലോചിക്കാതിരുന്ന എനിക്ക് എന്താണ് പറയേണ്ടെതെന്ന് യാതൊരു പിടിയുമില്ലായിരുന്നു. മറുപടി കേൾക്കാത്തതിനാൽ അവർ ഫോൺ കട്ട് ചെയ്തു. അല്ലെങ്കിൽ തന്നെ എന്തു പറയാനാണ്. പേരുപോലുമറിയാത്ത ഒരു നമ്പറിലേക്ക് വിളിച്ചെന്ത് ചോദിക്കാനാണ്. എങ്കിലും ഉള്ളിലുള്ള കൗതുകം എന്നെ വീണ്ടും വിളിക്കാനായി നിർബന്ധിച്ചു.
ഇത്തവണ ദേഷ്യവും സങ്കടവും ചേർന്ന സ്വരത്തിലാണ് അവർ സംസാരിച്ചത്.
'നിങ്ങളാരാണ്. എന്താണ് നിങ്ങളുടെ ഉദ്ദേശ്യം. നോക്കൂ, നിങ്ങൾക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടെങ്കിൽ ഞാൻ അതിനു പറ്റിയ ഒരവസ്ഥയിലല്ല. ദയവ് ചെയ്ത് ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്'.
അവരുടെ സങ്കടവും ദേഷ്യവും അതിന്റെ തീവ്രതയിൽ എത്തിയിരുന്നു.
'ക്ഷമിക്കണം. ഞാൻ ബുദ്ധിമുട്ടിക്കാനായി വിളിച്ചതല്ല. ഈ നമ്പർ ഒരു യാത്രയിൽ വെച്ച് പരിചയപ്പെട്ട ഒരാൾ എനിക്ക് തന്നതാണ്. ഞാൻ അപ്പോൾ പേര് ചേർക്കാൻ വിട്ടുപോയി. ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിക്കുന്നു'.
എനിക്കപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്. അങ്ങനെയല്ലേ പറയാൻ കഴിയൂ.
അവർ ഒന്നു ശാന്തമായെന്നു തോന്നുന്നു.
'നിങ്ങൾക്ക് നമ്പർ മാറിക്കാണും. ഇതെന്റെ മകളുടെ നമ്പറായിരുന്നു. അവൾ രണ്ടു ദിവസങ്ങൾക്ക് മുമ്പ് ഞങ്ങളെ വിട്ട് പോയി. ദയവ് ചെയ്ത് ഇനി ഇതിൽ വിളിക്കരുത്'.
ഫോൺ വെക്കുമെന്നു തോന്നിയതിനാൽ കൂടുതലൊന്നും ആലോചിക്കാതെ ഞാൻ ചോദിച്ചു:
'ദയവ് ചെയ്തു മകളുടെ പേര് പറയാമോ, പ്ലീസ്'.
'രാധിക.' നിങ്ങൾക്കറിയുമായിരുന്നോ അവളെ?
അവർ ശരിക്കും കരഞ്ഞു കൊണ്ടാണത് പറഞ്ഞത്.
'ഇല്ല. നമ്പർ മാറിയതായിരിക്കണം. ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം'.
എനിക്ക് മറ്റൊന്നും പറയാനില്ലായിരുന്നു.
ഫെയ്‌സ്ബുക്കിൽ വെറുതെ ഒരു രാധികക്കു വേണ്ടി നടത്തിയ തിരച്ചിലിലാണ് ആ കണ്ണുകൾ ഞാൻ വീണ്ടും കണ്ടത്.
അതെ, ആ കണ്ണുകൾ തന്നെയാണ്. ഞാൻ പ്രൊഫൈലിൽ നോക്കി. നിറയെ ആദരാഞ്ജലികളാണ്. എന്റെ ശരീരം വിയർക്കാൻ തുടങ്ങി. അവസാനമായി അവൾ എഴുതിയ കുറിപ്പ് വായിച്ചപ്പോൾ ഞാൻ തളർന്നു പോകുകയായിരുന്നു.






