ലോകത്ത് തന്നെ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന കമ്പനി സി.ഇ.ഒമാരിൽ ഒരാൾ ഇന്ത്യയിലാണ്. ലോകം താൽപര്യത്തോടെ വീക്ഷിക്കുന്ന ഇന്ത്യയുടെ ഐടി ബുദ്ധിജീവി സലിൽ പരേഖ് ഒരു ദിവസം ശമ്പളമായി 21 ലക്ഷം രൂപയാണ് വാങ്ങുന്നത്. ഇന്ത്യയിലെ നാല് വലിയ ഐ.ടി കമ്പനികളിലൊന്നായ ഇൻഫോസിസിന്റെ സി.ഇ.ഒയും എംഡിയുമാണ് അദ്ദേഹം. ബോംബെ ഐ.ഐ.ടിയിൽ നിന്ന് എറണോട്ടിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടി. ആഗോള തലത്തിലും ഇന്ത്യയിലും കഴിഞ്ഞ മൂന്ന് ദശകങ്ങളായി ഐടി കോർപറേറ്റ് രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുമുണ്ട്. പരേഖ് കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ നാഷണൽ കൗൺസിൽ അംഗമാണ്. ഐടി കമ്പനിയിൽ പ്രതിഭ തെളിയിച്ച അദ്ദേഹം കമ്പനിയെ ലാഭകരമായി മുന്നോട്ട് നയിക്കാൻ സ്വന്തം സിദ്ധി പ്രയോജനപ്പെടുത്തുകയും ചെയ്തു. ആഗോള ഐടി വ്യവസായത്തിൽ മികച്ച പ്രവർത്തന ചരിത്രമുള്ള പരേഖ് കമ്പനിയെ തന്ത്രപരമായ ദിശയിലേക്ക് നയിച്ചു. കോർപ്പറേറ്റ് രംഗത്തും പരേഖ് ഉന്നതമായ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഇൻഫോസിസ് സലിൽ പരേഖിന്റെ ശമ്പളത്തിൽ 2022ൽ 88 ശതമാനം വർദ്ധനവാണ് വരുത്തിയത്. ഇതോടെ അദ്ദേഹത്തിന്റെ ശമ്പള പാക്കേജ് 79.75 കോടി രൂപയായി ഉയർന്നു. അതായത് ദിവസം 21 ലക്ഷം രൂപ. 79.75 കോടിയിൽ 11 കോടി സ്ഥിര ശമ്പളവും ബാക്കി പെർഫോമൻസ് ഇൻസെന്റീവുമാണ്.
ജോലി-വിദ്യാഭ്യാസം സംബന്ധിച്ച കാഴ്ചപ്പാട് മലയാളികൾ മാറ്റാനുള്ള സമയമായി. എല്ലാ കുട്ടികളും ഡോക്ടർമാരും കലക്ടർമാരുമായാൽ മാത്രം മതിയോ? കോളജുകളിൽ പുതിയ കാലഘട്ടത്തിനിണങ്ങിയ കോഴ്‌സുകളും തൊഴിൽ വിപണിയിൽ കൂടുതൽ ആകർഷമായ വേതനം ലഭിക്കുന്ന ജോലികളുമുണ്ട്. ഇന്ത്യയിൽ ഞെട്ടിക്കുന്ന ശമ്പളം വാങ്ങുന്ന ജോലി ചെയ്യുന്ന ആൾ ഒരു മെഡിക്കൽ കോളജിലും സിവിൽ സർവീസ് അക്കദാമിയിലും പഠിച്ചിട്ടില്ല.
-----------------------------------------------------------------------------------
ഉക്രൈൻ യുദ്ധ വാർഷിക വേളയിൽ കീവ് സന്ദർശനത്തിനെത്തിയിരിക്കുയാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അധിപനായതിനാൽ ലോകത്തിന്റെ ഏത് ഭാഗത്തും മൂപ്പരോട് വിരോധമുള്ളവരുണ്ടാവും. കണ്ടിടത്തോളം ബൈഡൻ ഒരു യുദ്ധക്കൊതിയനല്ല. പ്രസിഡന്റായ ശേഷമുള്ള ചില വിശേഷങ്ങൾ അന്താരാഷ്ട്ര വാർത്താ ഏജൻസികൾ ചൂടോടെ ലോകജനതയെ അറിയിക്കാറുമുണ്ട്. ഒരിക്കൽ സഹധർമിണിയക്കൊപ്പം കറങ്ങാനിറങ്ങിയപ്പോൾ സൈക്കിളിൽ നിന്ന് വീണത് ഉഗ്രൻ പടമായിരുന്നു. ഷിക്കാഗോയിലെ ഒരു പൊതുയോഗത്തിൽ പ്രസംഗം കഴിഞ്ഞപ്പോൾ പ്രസിഡന്റ് അന്തം വിട്ട് ആൾക്കുട്ടത്തിനിടയിലേക്ക് ഇറങ്ങി നടക്കുകയായിരുന്നു. എന്നാൽ ഇതൊന്നും കൊണ്ട് അദ്ദേഹം നേരിടുന്ന സുരക്ഷാ ഭീഷണി ഇല്ലാതാവുന്നില്ല. മൾട്ടിപ്പിൾ ചങ്കനായി യൂറോപ്പിലെത്തിയ മൂപ്പർ പത്ത് മണിക്കൂർ ട്രെയിനിൽ യാത്ര ചെയ്യുക പോലുമുണ്ടായി.
ഉക്രൈനിൽ റഷ്യൻ അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായാണ് ജോ ബൈഡൻ ഉക്രൈൻ തലസ്ഥാനമായ കീവിൽ എത്തിയത്. ഉക്രൈൻ പ്രസിഡന്റ് വ്ളോഡമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ ബൈഡൻ അമേരിക്ക ഉക്രൈനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ് നൽകി. അപ്രതീക്ഷിത ഉക്രൈൻ സന്ദർശനത്തിലൂടെ ബൈഡൻ ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. വളരെ രഹസ്യമായാണ് യാത്ര. സുരക്ഷാ ഉദ്യോഗസ്ഥർ യാത്ര ആസൂത്രണം ചെയ്ത് 15 മിനിറ്റുകൾക്ക് ശേഷമാണ് മാധ്യമപ്രവർത്തകർ പോലും ഇക്കാര്യം അറിയുന്നത്. ഏതാനും സുരക്ഷാ ഉദ്യോഗസ്ഥർ, ഒരു കൊച്ചു മെഡിക്കൽ ടീം, അടുത്ത ഉപദേശകർ, രണ്ട് പത്രപ്രവർത്തകർ എന്നിവരാണ് ബൈഡനൊപ്പമുണ്ടായിരുന്നത്.
ബൈഡന്റെ വിദേശ യാത്ര സംഘത്തിൽ ടെലിവിഷൻ-പത്ര, റേഡിയോ അടക്കമുള്ള 13 മാധ്യമപ്രവർത്തകർ ഉണ്ടാകും. എന്നാൽ ഇത്തവണ ഒരു ഫോട്ടോഗ്രാഫറും ഒരു റിപ്പോർട്ടറും മാത്രമാണ് ഉണ്ടായിരുന്നത്. തന്നെയും ഫോട്ടോഗ്രാഫറെയും പുലർച്ചെ 2:15 ന് വാഷിംഗ്ടണിന് പുറത്തുള്ള ജോയിന്റ് ബേസ് ആൻഡ്രൂസിലേക്ക് വിളിപ്പിക്കുകയായിരുന്നെന്ന് വാൾ സ്ട്രീറ്റ് ജേണലിലെ റിപ്പോർട്ടർ സബ്രീന സിദ്ദിഖി വെളിപ്പെടുത്തി. ഇവരുടെ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ബൈഡൻ കീവിൽ ലാൻഡ് ചെയ്തതിന് ശേഷമാണ് ഫോണുകൾ തിരിച്ചു നൽകിയത്. യാത്ര അതീവ രഹസ്യമാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. നാട്ടിലെ എതിരാളികളെ നിശബ്ദരാക്കിയ നീക്കമായിരുന്നു ബൈഡന്റേത്. ക്രെംലിനിലെ അധികാരിയെ അയൽരാജ്യങ്ങളിൽ വെച്ചെല്ലാം അമേരിക്കയിലെ പ്രഥമ പൗരൻ കണക്കിന് കളിയാക്കുകയും ചെയ്തിരുന്നു.
-----------------------------------------------------------------------------------
മാതാപിതാക്കൾക്ക് സ്വപ്‌നഭവനം സമ്മാനിച്ച് തമിഴിലെ യുവതാരം ധനുഷ്. ചെന്നൈ പോയസ് ഗാർഡനിലാണ് ധനുഷ് വീട് നിർമ്മിച്ചു നൽകിയത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സ്ഥലമായ പോയസ് ഗാർഡനിലാണ് ധനുഷിന്റെ പുതിയ വീട്. സൂപ്പർസ്റ്റാർ രജനികാന്തിന്റെയും തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെയും വസതികളുടെ സമീപമാണ് ധനുഷിന്റെ വസതിയും
നാലുനിലകളിലായി പണിത വീടിന് 150 കോടി രൂപയാണ് ചെലവ്. 19000 ചതുരശ്ര അടിയിലാണ് വീട് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ഗൃഹപ്രവേശന ചടങ്ങിൽ നിന്നുള്ള ധനുഷിന്റെയും മാതാപിതാക്കളുടെയും ചിത്രങ്ങൾ സംവിധായകനും ധനുഷ് ഫാൻസ് ക്ലബ് പ്രസിഡന്റുമായ സുബ്രഹ്മണ്യം ശിവയാണ് പങ്കുവച്ചത്. നീല കുർത്തയും വെള്ളപൈജാമയും ധരിച്ചാണ് ധനുഷ് ചടങ്ങുകളിൽ പങ്കെടുത്തത്. വീട് മാതാപിതാക്കൾക്ക് ധനുഷ് സമ്മാനമായി നൽകി.
2021ലാണ് ധനുഷും മുൻ ഭാര്യ ഐശ്വര്യയും പോയസ് ഗാർഡനിൽ വീടിന് വേണ്ടി ഭൂമി പൂജ നടത്തിയത്. രജനികാന്തും ഭാര്യ ലതയും ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. അത്യാധുനിക ജിമ്മും സ്വിമ്മിംഗ് പൂളും ഫുട്‌ബോൾ കോർട്ട് അടക്കം ഇൻഡോർ സ്‌പോർട്‌സ് സൗകര്യങ്ങളും വിശാലമായ ഹോം തിയേറ്ററുമെല്ലാം സ്മാർട് ടെക്നോളജിയിൽ അധിഷ്ഠിതമായ വീട്ടിലുണ്ട്.
-----------------------------------------------------------------------------------
തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. ഭർത്താവ് ചിരഞ്ജീവി സർജയുടെ മരണത്തോടെ താരം സിനിമയോട് വിട പറഞ്ഞിരുന്നു. 2020ലായിരുന്നു ചിരഞ്ജീവിയുടെ മരണം. അന്നുമുതൽ ഏറെ നേരിട്ട ഒരു ചോദ്യത്തിനുള്ള ഇൻസ്റ്റാഗ്രാമിലൂടെ മറുപടിയുമായി എത്തിയിരിക്കുകയാണ് മേഘ്ന രാജ്. സിനിമയിലേയ്ക്ക് മടങ്ങിവരുമെന്നതാണത്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചാണ് താരം മടങ്ങിവരവ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാണ് നിങ്ങളെ സ്‌ക്രീനിൽ വീണ്ടും കാണാൻ സാധിക്കുക എന്നതായിരുന്നു ഏറെ കേട്ട ചോദ്യമെന്നും അതിനുള്ള ഉത്തരമാണിതെന്നും പറഞ്ഞായിരുന്നു താരത്തിന്റെ പോസ്റ്റ്.
രണ്ട് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ നടൻ ചിരഞ്ജീവി മരണപ്പെടുമ്പോൾ മൂന്നുമാസം ഗർഭിണിയായിരുന്നു മേഘ്ന. ഇപ്പോൾ മകൻ റയാൻ രാജ് സർജ്ജയുമൊത്ത് സന്തോഷകരമായ ജീവിതം നയിക്കുന്ന മേഘ്ന മകനുമൊത്തുള്ള ചിത്രങ്ങൾ പങ്കു വെക്കാറുമുണ്ട്. മേഘ്‌ന അഭിനയിക്കുന്ന തത്സമ തദ്ഭവ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലാണ് എത്തുന്നത്.
-----------------------------------------------------------------------------------
ബൂമറാങ് സിനിമയുടെ പ്രമോഷൻ പരിപാടിക്ക് വരാതിരുന്ന നടി സംയുക്തക്കെതിരെ ചിത്രത്തിന്റെ നിർമാതാവ്. താൻ വലിയ സിനിമകൾ മാത്രമാണ് ചെയ്യുന്നതെന്നും മലയാളത്തിൽ ഇനി സിനിമകൾ ചെയ്യുന്നില്ലെന്നുമാണ് താരം പറഞ്ഞതെന്ന് നിർമാതാവ് പറഞ്ഞു. സിനിമാപ്രമോഷനിടെ മാധ്യമ പ്രവർത്തകരോടാണ് നിർമാതാവ് വെളിപ്പെടുത്തൽ നടത്തിയത്.
എനിക്ക് എന്റേതായ കരിയർ ഉണ്ട് അത് നോക്കണം. മലയാള സിനിമ ഇനി ചെയ്യുന്നില്ല. ഞാൻ ഇപ്പോൾ ചെയ്യുന്ന സിനിമകളെല്ലാം ഇപ്പോൾ മാസ് റിലീസാണ്. 35 കോടി സിനിമയാണ് ഇപ്പോൾ ചെയ്യുന്നത്. ഹൈദരാബാദിൽ ഇപ്പോൾ സെറ്റിൽഡാണ് നാളെ ബാങ്കോക്കിലേക്ക് പോകുന്നു എന്നെല്ലാമാണ് പ്രമോഷന് വിളിച്ചപ്പോൾ താരം പറഞ്ഞത്.
സിനിമയുടെ ലീഡിങ് റോൾ സംയുക്തയാണ്. മനോഹരമായി സംയുക്ത അതിൽ അഭിനയിച്ചിട്ടുണ്ട്. മറ്റ് പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഒരു സിനിമയിൽ കരാർ ഏർപ്പെടുമ്പോൾ അതിൽ പ്രമോഷൻ കൂടി ഉൾപ്പെടുന്നുണ്ട്. ഈ സിനിമ പല തവണ റിലീസ് മാറ്റിവെച്ചതിനാൽ ഡേറ്റ് പ്രശ്‌നങ്ങൾ ഉണ്ടാകാം എങ്കിലും നടിയുടെ പ്രതികരണം മറ്റൊരു രീതിയിലാണ് ഉണ്ടായതെന്നും നിർമാതാവ് പറഞ്ഞു.
സംയുക്ത പെട്ടെന്നൊരു നാൾ ഹൈദരാബാദിലെത്തി തെലുങ്ക് സിനിമ കീഴടക്കിയതല്ല. തീവണ്ടിക്കും ബറ്റാലിയനും ശേഷം മലയാളത്തിൽ കാര്യമായ ഓഫറൊന്നുമില്ലാതെ ഇരിക്കുമ്പോൾ നടത്തിയ കഠിന പ്രയത്‌നത്തിന്റെ ഫലമാണ് ചെന്നൈയിലും ഹൈദരാബാദിലും ഇപ്പോൾ ലഭിച്ച സ്വീകാര്യത. സോഷ്യൽ മീഡിയയിലൂടെ നന്നായി മാർക്കറ്റ് ചെയ്യാൻ ആദ്യം നഴ്‌സറി ഉടുപ്പുകൾ അണിഞ്ഞു തുടങ്ങിയ സംയുക്ത ബിക്കിനി ചിത്രങ്ങളിലൂടെ ടാർഗറ്റ് ഓഡിയൻസിന് കൃത്യമായ സന്ദേശം നൽകിയാണ് കോടികളുടെ പ്രോജക്റ്റിലെത്തിയത്. അല്ലെങ്കിലും മലയാളത്തിലിറങ്ങുന്ന പല ചവറ് സിനിമകൾക്കും ഇപ്പോൾ നായികയുടെ ആവശ്യം തന്നെയില്ലല്ലോ. രോമാഞ്ചം എന്ന പേരിലൊരു മൂവി രണ്ടാഴ്ചയായി ആളുകളെ കബളിപ്പിച്ച് ഓടുന്നുണ്ട്. സുബിൻ ഉള്ള പേര് കളയാനുള്ള ശ്രമത്തിലാണെന്ന നിഗമനത്തിലെത്തുന്നവരെ കുറ്റപ്പെടുത്തേണ്ടതില്ല. ഏഴ് ദിവസം കഴിഞ്ഞപ്പോൾ പുറത്തിറക്കിയ കേരളമാകെ പൊട്ടിച്ചിരിയിൽ.. എന്ന ക്യാപ്ഷനിലിറങ്ങിയ പോസ്റ്ററാണ് മാസ് ചീറ്റിംഗിന് വഴിയൊരുക്കിയത്. ഉടനീളം മുഷിപ്പ് അനുഭവപ്പെടുന്ന ഈ സിനിമയിലെ ഏതെങ്കിലും സീൻ കണ്ട് ചിരിച്ച ഒരാളെയെങ്കിലും കണ്ടാൽ മതിയായിരുന്നു. ഇത്തരം തട്ടിപ്പുകൾക്ക് ഒരു കുഴപ്പമുണ്ട്. മലവെള്ളപാച്ചിൽ പോലെ ആഴ്ചയിൽ മൂന്നും നാലുമായി ഇറങ്ങുന്ന ന്യൂജെൻ സിനിമ കാണാൻ രണ്ടു വട്ടം ആലോചിച്ചേ മനുഷ്യരെത്തുകയുള്ളു.
----------------------------------------------------------------------------------
ഇത്രയേറെ ടിവി ചാനലുകളില്ലാത്ത കാലത്ത് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത പ്രതിവാര ആക്ഷേപ ഹാസ്യ പരിപാടിയായിരുന്നു സിനിമാല. ഞായറാഴ്ചകളിൽ സംപ്രേഷണം ചെയ്തിരുന്ന ഓരോ എപ്പിസോഡിനുമായി ആളുകൾ കാത്തിരുന്ന പ്രോഗ്രാം. നല്ല പരസ്യങ്ങൾ ലഭിച്ചിരുന്ന ഇതെന്തിനാണ് നിർത്തിയതെന്നറിയില്ല. സുബി സുരേഷ് മിനി സ്‌ക്രീൻ ഓഡിയൻസിന് സുപരിചിതയായത് ഇതിലൂടെയാണ്. കുട്ടിപട്ടാളം വന്നപ്പോൾ കാണികളുടെ ഇഷ്ടം കൂടിയതേയുള്ളു. സ്‌ക്രീനിൽ ആ മുഖം കാണുന്നതു തന്നെ മലയാളികളുടെ മുഖത്ത് ചിരിനിറയ്ക്കും. ഇപ്പോൾ ആ ചിരിക്കുന്ന മുഖം കേരളക്കരയ്ക്കുതന്നെ വേദനയായി. രണ്ടു പതിറ്റാണ്ടിലേറെ മലയാളികൾക്ക് ചിരി സമ്മാനിച്ചാണ് പ്രിയകലാകാരിയുടെ അപ്രതീക്ഷിത വിടവാങ്ങൽ.
ഡാൻസറായി കലാരംഗത്തേക്ക് കടന്നുവന്ന സുബി ഹാസ്യരംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തത് സ്വപ്രയത്‌നത്തിലൂടെയാണ്. സ്‌കൂൾ കാലത്തു തന്നെ മികച്ച നർത്തകിയായിരുന്നു സുബി. എന്നാൽ ഒരു കലാകാരിയാകണം എന്നായിരുന്നില്ല സുബിയുടെ ആഗ്രഹം. പട്ടാളക്കാരിയാകണമെന്നായിരുന്നു. പഠിക്കാനായി സെന്റ് തെരേസാസ് തെരഞ്ഞെടുത്തത് തന്നെ എൻസിസി ഉള്ളതിനാലാണ്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ കേരളത്തെ പ്രതിനിധീകരിച്ച് റിപ്പബ്ലിക് ഡേ പരേഡിനായി ദൽഹിയിൽ പോയിട്ടുണ്ട് സുബി. എൻസിസിയുടെ ഓൾ കേരള കമാൻഡർ ആയിരുന്നു. ബ്രേക്ക് ഡാൻസാണ് സുബിയുടെ ജീവിതം തന്നെ മാറ്റുന്നത്.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ സുബിയുടെ ഡാൻസ് കണ്ട് ടിനി ടോം സിനിമാല ടീമിനു പരിചയപ്പെടുത്തുകയായിരുന്നു. ഒന്നു രണ്ടും പരിപാടി കഴിഞ്ഞ് നിർത്തുമെന്ന് പറഞ്ഞാണ് സുബി സിനിമാലയുടെ ഭാഗമാകുന്നത്. എന്നാൽ ഇതിൽ ശ്രദ്ധിക്കപ്പെട്ടതോടെ പട്ടാള സ്വപ്‌നം ഉപേക്ഷിച്ച് ഹാസ്യതാരമാവുകയായിരുന്നു. ശക്തമായ വേഷങ്ങളും ഓൺസ്റ്റേജിലെ സ്വതഃസിദ്ധമായ ഡയലോഗുകളുമാണ് കോമഡി ലോകത്തെ സുബിയെ ശ്രദ്ധേയയാക്കിയത്. അവതാരകയായപ്പോഴും താരത്തിന്റെ രസികൻ സ്‌റ്റൈലിന് വ്യത്യാസമുണ്ടായില്ല.
-----------------------------------------------------------------------------------
ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാമത് സീസൺ ഉടൻ തുടങ്ങുമെന്നാണ് റിപ്പോർട്ട്. പുതിയ സീസണിന്റെ ലോഗോയും പുറത്തുവിട്ട് കഴിഞ്ഞു. മാർച്ച് 26ന് പുതിയ സീസണിന്റെ ഗ്രാൻഡ് ലോഞ്ച് നടത്തി പുതിയ മത്സരാർഥികളെ പരിചയപ്പെടുത്താനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നതെന്നത്. കഴിഞ്ഞ വർഷത്തെ പോലെ തന്നെ മുംബൈയിലാണ് സെറ്റിട്ടിരിക്കുന്നത്. ഇത്തവണ സർപ്രൈസായി ബിഗ് ബോസ് നൽകുന്നത് മത്സരാർഥികളുടെ കൂട്ടത്തിൽ പൊതുജനത്തിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നുണ്ട്. അത് എങ്ങനെയാണെന്നുള്ള നടപടിക്രമങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ സീസണിൽ അവതരിപ്പിച്ച 24 മണിക്കൂർ ലൈവ് സ്ട്രീമിങ്ങ് ഇത്തവണയുമുണ്ട്. ഷോയിൽ ആരൊക്കെ പങ്കെടുക്കുന്നു എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയായിട്ടില്ലെങ്കിലും പല പേരുകളും സോഷ്യൽ മീഡിയയിലടക്കം കേൾക്കുന്നു. അങ്ങനെ കേട്ട ഒരു പേരാണ് സന്തോഷ് വർക്കിയുടേത്. ആറാട്ട് ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് ശ്രദ്ധ നേടിയ ആളാണ് സന്തോഷ് വർക്കി. ബിഗ്‌ബോസിൽ മത്സരാർത്ഥിയായി സന്തോഷ് വർക്കിയും ഉണ്ടായിരിക്കും എന്ന ഊഹാപോഹങ്ങൾ വന്നിരുന്നു. ഇതിൽ സന്തോഷ് തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ബിഗ് ബോസിലേക്ക് തന്നെ ഇതുവരെ ആരും വിളിച്ചിട്ടില്ലെന്നാണ് സന്തോഷ് വർക്കി പ്രതികരിച്ചത്. ചില പ്രശ്‌നങ്ങൾ ഉള്ളതിനാൽ ക്ഷണിച്ചാലും തനിക്ക് ബിഗ് ബോസിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പി എച്ച്. ഡി ചെയ്യുകയാണെന്നും സ്‌കോളർഷിപ്പ് ഉള്ളതുകൊണ്ട് ചില പ്രശ്‌നങ്ങളുണ്ടെന്നും സന്തോഷ് വർക്കി പറഞ്ഞു. അമ്മ വീട്ടിൽ ഒറ്റയ്ക്കാണ് തുടങ്ങി ചില പ്രശ്‌നങ്ങൾ ഉള്ളതിനാൽ ഷോയിൽ പങ്കെടുക്കാൻ സാധിക്കില്ല. എന്നാൽ ചിലപ്പോൾ പങ്കെടുക്കുമെന്നും സന്തോഷ് വർക്കി പറയുന്നുണ്ട്. ലാലേട്ടനെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് ബിഗ്‌ബോസിൽ പോകാൻ താൽപര്യം എന്നും സന്തോഷ് വർക്കി കൂട്ടിച്ചേർത്തു. ഡോക്ടറേറ്റും ഗവേഷണവുമൊക്കെ തരികിടയായി മാറിയ സമകാലിക കേരളത്തിൽ അത് സീരിയസായി കാണുന്ന ഒരാളെങ്കിലുമുണ്ടല്ലോ, അത്രയും ആശ്വാസം.






