കറാച്ചി- ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഭരിക്കുന്നതെങ്കില്‍ പാകിസ്താന് രക്ഷപ്പെടുമെന്ന് യുവാവിന്റെ വീഡിയോ. പാകിസ്താനി യുവാവാണ് വീഡിയോയില്‍ ഇക്കാര്യം പറഞ്ഞ് വൈറലായത്.
പാകിസ്ഥാന് യൂട്യൂബര്‍ സന അംജദ് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പാകിസ്താനി യുവാവിന്റെ ഇന്ത്യന്‍ അനുകൂല പ്രസ്താവന പുറത്തുവന്നത്. പാകിസ്ഥാനിലെ നിലവിലെ സ്ഥിതിയെക്കുറിച്ചും ഷെരീഫ് സര്‍ക്കാരിനെതിരെയും പറയുന്ന സന തങ്ങളുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെങ്കില്‍ അവര്‍ക്ക് ന്യായമായ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുമായിരുന്നുവെന്നും പറയുന്നു.
താന്‍ മോഡിയുടെ ഭരണത്തിന് കീഴില്‍ ജീവിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം മഹാനാണെന്നും വിഡിയോയില്‍ പറയുന്നുണ്ട്. മുന്‍ മാധ്യമ പ്രവര്‍ത്തക കൂടിയായ സന അംജാദിന്റെ ചോദ്യത്തിനാണ് ഇയാള്‍ മറുപടി പറയുന്നത്.
വിഭജനം വേണ്ടായിരുന്നെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നും പറയുന്നുണ്ട്. നരേന്ദ്ര മോഡി മോശം മനുഷ്യനല്ലെന്നും ഇന്ത്യക്കാര്‍ക്ക് ന്യായമായ നിരക്കില്‍ തക്കാളിയും കോഴിയിറച്ചിയും ലഭിക്കുന്നുണ്ടെന്നും മോഡിയെ ഞങ്ങള്‍ക്ക് നല്‍കാനും അദ്ദേഹം ഞങ്ങളുടെ രാജ്യം ഭരിക്കാനും സര്‍വ്വശക്തനോട് താന്‍ പ്രാര്ഥിക്കുന്നെന്നും യുവാവ് പറയുന്നുണ്ട്. തനിക്കും തന്റെ സഹവാസികള്‍ക്കും മിതമായ വിലയ്ക്ക് അവശ്യവസ്തുക്കള്‍ വാങ്ങാനും എല്ലാ രാത്രിയും അവരുടെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താനിലെ വന്‍ വില വര്‍ധനവിനേയും സാമ്പത്തിക പ്രതിസന്ധിയേയും കുറിച്ചാണ് യുവാവ് വീഡിയോയില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യയിലാണ് ഇത്തരത്തില്‍ പാകിസ്താന് പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ച് സംസാരിച്ചിരുന്നതെങ്കില്‍ അവസ്ഥ എന്താകുമായിരുന്നുവെന്ന പ്രചാരണവും ഇന്ത്യയില്‍ നടക്കുന്നുണ്ട്.






