Sorry, you need to enable JavaScript to visit this website.

പിഴ ഉണ്ടായിരിക്കേ ഹുറൂബ് സാധ്യമോ?

ചോദ്യം: ട്രാഫിക് ലംഘനത്തിന് പിഴ ഒടുക്കേണ്ട തൊഴിലാളിയെ പിഴ നൽകാതെ ഹുറൂബ് ആക്കാൻ സ്‌പോൺസർക്ക് കഴിയുമോ? 

ഉത്തരം: ഒരു തൊഴിലാളിയെ ഒളിച്ചോട്ടക്കാരനാക്കി (ഹുറൂബ്) മനുഷ്യ വിഭവശേഷി മന്ത്രാലയത്തിൽ പരാതി നൽകണമെങ്കിൽ തൊഴിലാളിയുടെ റസിഡന്റ് ഐഡന്റിറ്റി (ഇഖാമ) സാധുത ഉള്ളതായിരിക്കണം. കാലാവധി കഴിഞ്ഞതും പിഴ ഒടുക്കേണ്ടതുമായ ഇഖാമയാണ് തൊഴിലാളിക്കുള്ളതെങ്കിൽ അയാളെ ഹുറൂബ് ആക്കാൻ തൊഴിലുടമക്ക് കഴിയില്ല. മാത്രമല്ല, രാജ്യത്തിനകത്തു തൊഴിലാളി ഉണ്ടായിരിക്കേ മാത്രമാണ് ഹുറൂബ് ആക്കാൻ സാധിക്കൂ. ഫൈനൽ എക്‌സിറ്റ് അടിച്ച ശേഷവും ഹുറൂബ് പ്രായോഗികമല്ല. ഹുറൂബ് ആക്കിയ ശേഷം 15 ദിവസത്തിനകമാണെങ്കിൽ തൊഴിലുടമക്ക് അബ്ശിർ വഴി അതു പിൻവലിക്കാം.  എന്നാൽ 15 ദിവസത്തിനു ശേഷമാണ് പിൻവലിക്കുന്നതെങ്കിൽ അതിന്റെ നടപടിക്രമങ്ങൾ സങ്കീർണമാണ്. അതിന് മനുഷ്യ വിഭവ ശേഷി മന്ത്രാലയത്തെയാണ് സമീപിക്കേണ്ടത്. എക്‌സിറ്റ് റി എൻട്രിയിൽ തൊഴിലാളി രാജ്യത്തിനു പുറത്താണെങ്കിൽ തൊഴിലുടമക്ക് ഹുറൂബ് ആക്കാൻ കഴിയില്ല. 

അതേ സമയം, ട്രാഫിക് നിയമ ലംഘനത്തിന് തൊഴിലാളിയുടെ പേരിൽ പിഴ ഉണ്ടെങ്കിലും കാലാവധിയുള്ള ഇഖാമയാണെങ്കിൽ സ്‌പോൺസർക്ക് ഹുറൂബ്  ആക്കാനാവും. 
 

സർവീസ് ആനുകൂല്യം നൽകാതെ ഫൈനൽ എക്‌സിറ്റ്

ചോദ്യം: സർവീസ് ആനുകൂല്യം നൽകാതെ ഫൈനൽ എക്‌സിറ്റ് അടിച്ച സ്‌പോൺസറുടെ നടപടിയെ ചോദ്യം ചെയ്തു കോടതിയെ സമീപിക്കുകയും കോടതി അനുകൂല വിധി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ, കോടതി വിധി മാനിച്ച് ആനുകൂല്യം നൽകാൻ സ്‌പോൺസർ തയാറാവുന്നില്ല. മാത്രമല്ല, ആനുകൂല്യമൊന്നും ഇല്ലാതെ രാജ്യം വിട്ടുപോകണമെന്നുമാണ് ആവശ്യപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടത്? 

ഉത്തരം: കോടതി നിർദേശം ഉണ്ടായിട്ടും സർവീസ് ആനുകൂല്യം നൽകുന്നില്ലെന്നു കാണിച്ച് മനുഷ്യ വിഭവ ശേഷി മന്ത്രാലയത്തിലെ സോൾവിംഗ് ഡിസ്പ്യൂട്ട്‌സ് ഓഫ് വർക്കേഴ്‌സ് ആന്റ് എംപ്ലോയർ വിഭാഗത്തിൽ പരാതി നൽകുകയാണ് വേണ്ടത്. പരാതിയിൽ കോടതി നിർദേശം ഉണ്ടായിട്ടും സർവീസ് ആനുകൂല്യം നൽകുന്നില്ലെന്നും ഫൈനൽ എക്‌സിറ്റ് റദ്ദാക്കിത്തരണമെന്നും പ്രത്യേകം ആവശ്യപ്പെടണം. ഇത്തരം കേസുകളിൽ സ്‌പോൺസർഷിപ് മാറ്റിനൽകണമെന്നും തൊഴിലാളിക്ക് വേണമെങ്കിൽ ആവശ്യപ്പെടാം. മന്ത്രാലയത്തിൽ നിന്നും തീർച്ചയായും തൊഴിലാളിക്ക് അനുകൂലമായ നടപടിയുണ്ടാവും. 


അടച്ച ഫീ തിരിച്ചു ലഭിക്കൽ

ചോദ്യം: ഇഖാമ പുതുക്കുന്നതിനു വേണ്ടിയുള്ള ഫീസ് സ്‌പോൺസർ അടച്ചത് മറ്റു ഡിപ്പാർട്ട്‌മെന്റിനുള്ള ഫീസിന്റെ ഇനത്തിലായിപ്പോയി. അതു മടക്കി ലഭിക്കുന്നതിന് ഇനി എന്താണ് ചെയ്യേണ്ടത്.?

ഉത്തരം: സേവനം ഉപയോഗിച്ചിട്ടില്ലെങ്കിൽ ഏതു സേവനത്തിനു നൽകിയ ഫീസ് ആണെങ്കിലും മടക്കിക്കിട്ടും. പൈസ അടച്ച ബാങ്കിലൂടെ തന്നെ റീ ഫണ്ട് ഫീ ഓപ്ഷൻ ഉയോഗിച്ചാൽ മതി. മൂന്നു മുതുൽ ഏഴു പ്രവൃത്തി ദിവസത്തിനുള്ളിലായി പൈസ തിരികെ ബാങ്ക് അക്കൗണ്ടിൽ തന്നെ വരും.  
 

Latest News