പിടക്കുന്ന മീന്‍ ആകാശത്തുനിന്ന്; അമ്പരന്ന് നാട്ടുകാര്‍

സിഡ്‌നി- ഓസ്‌ട്രേലിയയിലെ ഒരു തെരുവിലെ താമസക്കാര്‍ ആകാശത്ത് നിന്ന് ജീവനുള്ള മത്സ്യം  വീണത് കണ്ട് അമ്പരന്നിരിക്കുകയാണ്. കാതറിന്റെ തെക്കുപടിഞ്ഞാറായി ഏകദേശം 560 കിലോമീറ്റര്‍ അകലെ തനാമി മരുഭൂമിയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ലജാമാനു എന്ന പട്ടണത്തില്‍ താമസിക്കുന്ന ആളുകളാണ് ഈ അത്ഭുതത്തിന് സാക്ഷിയായത്.  ശക്തമായ മഴയില്‍ ആകാശത്ത് നിന്ന് മത്സ്യം വീഴുന്നത് കണ്ട് അവര്‍ ഞെട്ടി.
വലിയ കൊടുങ്കാറ്റിനൊപ്പമായിരുന്നു മഴ. പ്രദേശവാസികള്‍ ഇത് വെറും മഴയാണെന്നാണ് കരുതിയത്. എന്നാല്‍, മഴ പെയ്തു തുടങ്ങിയപ്പോള്‍ മത്സ്യങ്ങളും താഴെ വീഴുന്നത് നാട്ടുകാര്‍ കണ്ടതായി സെന്‍ട്രല്‍ ഡെസേര്‍ട്ട് കൗണ്‍സിലര്‍ ആന്‍ഡ്രൂ ജോണ്‍സണ്‍ ജപ്പാനങ്ക ഒരു പ്രസ്താവനയില്‍ പറഞ്ഞു.
സമാനമായ സംഭവങ്ങള്‍ മുന്‍പും ഇവിടെ ഉണ്ടായിട്ടുണ്ട്. 2010 ല്‍ ലജാമാനുവില്‍ തന്നെ ഇത്  സംഭവിച്ചു. 2004ലും 1974ലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്, കടലില്‍ രൂപംകൊള്ളുന്ന അതിശക്തമായ ചുഴലിക്കാറ്റ് വെള്ളവും മത്സ്യവും  വഹിച്ചുകൊണ്ട് നൂറുകണക്കിന് കിലോമീറ്റര്‍ അകലേക്ക് ആഞ്ഞുവീശുമെന്നാണ്. അത്യാവശ്യം വലിപ്പമുള്ള മത്സ്യങ്ങള്‍ തന്നെയാണ് ഇവിടെ വീണത്. പലതും ജീവനോടെ തന്നെയാണ് വീണത്.
1980 കളുടെ മധ്യത്തില്‍ സമാനമായ ഒരു സംഭവം നടക്കുമ്പോള്‍ താന്‍ ലജാമാനുവിലായിരുന്നുവെന്ന് പെന്നി മക്‌ഡൊണാള്‍ഡ് എന്ന വനിത അവകാശപ്പെട്ടു. ആ സമയത്ത് തന്റെ വീടിന് പുറത്തുള്ള തെരുവുകള്‍ മത്സ്യങ്ങളാല്‍ മൂടപ്പെട്ടിരുന്നുവെന്ന് അവര്‍ പറഞ്ഞു.
മഴ പെയ്തതിന് ശേഷം എല്ലായിടത്തും മത്സ്യങ്ങള്‍ ചിതറിക്കിടക്കുന്നത് പലപ്പോഴും ആളുകള്‍ കണ്ടിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് പ്രാദേശിക കാലാവസ്ഥയുടെ സവിശേഷതയാണെന്നാണ് അവരുടെ പക്ഷം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News