Video- പെനാൽറ്റി അനുവദിച്ചില്ല; വനിത ടീം അംഗങ്ങൾ റഫറിയെ ഓടിച്ചിട്ട് മർദ്ദിച്ചു

കോംഗോ-പെനാൽറ്റി നിഷേധിച്ചതിനെ തുടർന്ന് വനിത ഫുട്‌ബോൾ ടീം അംഗങ്ങൾ റഫറിയെ ഗ്രൗണ്ടിലിട്ട് മർദ്ദിച്ചു. ജീവൻ രക്ഷിക്കാനായി റഫറി ഗ്രൗണ്ട് വിട്ടോടി. പിന്നാലെ ഓടിയെത്തിയും വനിതാ ഫുട്‌ബോൾ അംഗങ്ങൾ റഫറിയെ മർദ്ദിച്ചു. പരിക്കേറ്റ റഫറിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടീമിനെ സംഘാടകർ സസ്‌പെന്റ് ചെയ്തു. കോംഗോയിലെ വനിതാ ഫുട്‌ബോൾ ടീം അംഗങ്ങളാണ് റഫറിയെ പിന്തുടർന്ന് മർദ്ദിച്ചത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ലുബുംബാഷിയിൽ ടി.പി മസെംബെ-ഡി.സി മൊട്ടേമ പെംബെ മത്സരത്തിനിടെയാണ് സംഭവം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് മെട്ടേമ തോറ്റു നിൽക്കെയാണ് അടി തുടങ്ങിയത്. മെട്ടേമക്ക് അനുകൂലമായി പെനാൽറ്റി റഫറി അനുവദിച്ചില്ല. തുടർന്നായിരുന്നു പൊരിഞ്ഞ അടി നടന്നത്. ഗ്രൗണ്ടിൽനിന്ന് ചുറ്റിലുമുള്ള അത്‌ലറ്റിക്‌സ് ട്രാക്കിലേക്ക് റഫറി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കളിക്കാർ മർദ്ദനം തുടർന്നു. ഇതിനിടെ ഒരാൾ ഗ്യാലറിയിൽനിന്ന് ഓടിയെത്തിയും റഫറിയെ മർദ്ദിച്ചു. ഇയാൾ വനിത ഫുട്‌ബോൾ സംഘത്തോടൊപ്പം ഉള്ളയാളാണോ എന്ന കാര്യം അറിവായിട്ടില്ല. മറ്റൊരു വനിതാ താരം ബക്കറ്റെടുത്ത് റഫറിയെ അടിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാൽ മറ്റൊരാൾ അവരെ തടയുന്നതും ദൃശ്യങ്ങളിലുണ്ട്. 

ഒരു സ്റ്റാഫ് അംഗം റഫറിയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രാജ്യത്തെ ഫുട്‌ബോൾ അസോസിയേഷൻ ഡി.സി മോട്ടേമ പെംബെ കളിക്കാരെ സസ്‌പെന്റ് ചെയ്തു. അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
 

 

Latest News