എഡിറ്റോറിയല്‍ സ്വാതന്ത്ര്യം പ്രധാനം: ബി. ബി. സി റെയ്ഡിനെതിരെ യു. കെ

ലണ്ടന്‍- കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേയും ലേബര്‍ പാര്‍ട്ടിയേയും ബി. ബി. സി വിമര്‍ശിക്കാറുണ്ടെന്നും മാധ്യമങ്ങള്‍ക്ക് എഡിറ്റോറിയല്‍ സ്വാതന്ത്ര്യം പ്രധാനമാണെന്നും യു. കെ സര്‍ക്കാര്‍. ബി. ബി. സിയെ തങ്ങല്‍ പിന്തുണക്കുന്നതായും ഇന്ത്യയില്‍ മുംബൈ, ദല്‍ഹി ഓഫിസുകളില്‍ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും യു. കെ വ്യക്തമാക്കി. 

പത്രസ്വാതന്ത്ര്യം നല്‍കുന്നതില്‍ യു. കെ അഭിമാനിക്കുന്നതായും ബി. ബി. സിക്ക് തങ്ങള്‍ ധനസഹായം നല്‍കുന്നുണ്ടെന്നും ടോറി എം. പി ഡേവിഡ് റൂട്ട്‌ലി പറഞ്ഞു. ബി. ബി. സിക്ക് എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ലഭിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ലോകത്താകെ പത്രസ്വാതന്ത്ര്യം ലഭിക്കുന്ന സാഹചര്യമുണ്ടാകണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഇന്ത്യന്‍ സര്‍ക്കാറിനോടും ഇക്കാര്യമാണ് പറയാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ച് അനാദരപരമായ ഡോക്യുമെന്ററി പുറത്തുവിട്ടതില്‍ മനപൂര്‍വമുള്ള ഭീഷണിപ്പെടുത്തലാണ് ബി. ബി. സി ഓഫിസുകളില്‍ നടന്ന റെയ്‌ഡെന്ന് നോര്‍ത്തേണ്‍ അയര്‍ലന്റിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി നേതാവ് ജിം ഷാനന്‍ പറഞ്ഞു. 

ഇന്ത്യയില്‍ ബി. ബി. സി ഓഫിസുകളില്‍ നടത്തിയ റെയ്ഡ് ആശങ്കാജനകമാണെന്നാണ് ലേബര്‍ പാര്‍ട്ടി എം. പി ഫാബിയാന്‍ ഹാമില്‍ട്ടണ്‍ പ്രതികരിച്ചത്. പ്രത്യാഘാതങ്ങളെ ഭയക്കാതെ രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കാനും പരിശോധിക്കാനുമുള്ള സ്വാതന്ത്ര്യം ഏതുരാജ്യത്തും ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Latest News