ആദ്യ ഭാര്യയും രണ്ടാം ഭാര്യയും ഏറ്റുമുട്ടി,കുളിക്കുകയായിരുന്ന ഭര്‍ത്താവിന് വെടിയേറ്റു

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ആദ്യ ഭാര്യയും രണ്ടാം ഭാര്യയും പരസ്പരം ഏറ്റുമുട്ടുന്നതിനിടെ ഭര്‍ത്താവിന് വെടിയേറ്റു. കുളിച്ചു കൊണ്ടിരുന്ന ഭര്‍ത്താവ് ബഹളം കേട്ട് പുറത്തേക്ക് വന്നപ്പോഴാണ് വെടിയേറ്റത്. ഗുരുതരമായ പരിക്കുകളോടെ ഭോപ്പാല്‍ സ്വദേശിയായ താഹിര്‍ ഖാനെ  ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആദ്യ ഭാര്യയുടെ കൂടെയെത്തിയ സംഘത്തിലൊരാളാണ് താഹിര്‍ ഖാന് നേരെ വെടിയുതിര്‍ത്തതെന്ന് ഭോപ്പാല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ വീരേന്ദര്‍ മിശ്ര വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.
താഹിര്‍ ഖാന്റെ ആദ്യ ഭാര്യ അജ്മുവും മകനും മറ്റുചിലരും അദ്ദേഹത്തിന്റെ വീട്ടിലെത്തി രണ്ടാം ഭാര്യ ഹുമ ഖാനുമായി വഴക്കുണ്ടാക്കിയപ്പോഴാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു. താഹിറും അജ്മുവും തമ്മില്‍ വിവാഹമോചന കേസ് നിലവിലുണ്ടായിരുന്നു. താഹറിന്റെ സ്വത്തില്‍ അജ്മുവും അവകാശവാദമുന്നയിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഏറ്റുമുട്ടലിലും വെടിവെപ്പിലും കലാശിച്ചത്.  വഴക്ക് നടക്കുന്നതിനിടെ   കുളിക്കുകയായിരുന്ന താഹിര്‍ ഖാന്‍ ബഹളം കേട്ട് പുറത്തെത്തിയപ്പോള്‍ അജ്മുവിന്റെ കൂടെ ഉണ്ടായിരുന്നവരില്‍ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ  താഹിര്‍ ഖാനെ പ്രദേശത്തെ ഹമീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാം ഭാര്യ  ഹുമ ഖാനും പരിക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  അതേസമയം ആരാണ് വെടിവെച്ചതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News