പ്രശസ്ത കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ ജി. ഹരിയുടെ 'പല മുഖങ്ങൾ'എന്ന പുസ്തകം വര കൊണ്ടും എഴുത്തു കൊണ്ടും ശ്രദ്ധയമായ കൃതിയാണ്. ഏതാനും വരകൾ കൊണ്ട് മനോഹരമായ ചിത്രങ്ങൾ നിർമിക്കാൻ ഹരിക്ക് കഴിയുന്നു. ലോകപ്രശസ്ത വ്യക്തിത്വങ്ങളെ തന്റെ തൂലികയിലൂടെ അദ്ദേഹം നമുക്ക് പരിചയപ്പെടുത്തിത്തരുന്നു. അര നൂറ്റാണ്ടിലേറെക്കാലമായി കാർട്ടൂൺ പംക്തിയും എഴുത്തുമായി സജീവമായിപ്രവർത്തിക്കുന്നയാളാണ് ജി. ഹരി. മലയാളം ന്യൂസിലെ കാർട്ടൂണുകളിലൂടെ പ്രവാസികൾക്കും ഇദ്ദേഹം ചിരപരിചിതനാണ്.
വി.പി. സിംഗ്്, ആർ.കെ. ലക്ഷമൺ, സത്യസായി ബാബ, എം.ജി.ആർ, സത്യജിത് റായ്, പത്മിനി, അമിതാഭ് ബച്ചൻ, മേനക ഗാന്ധി, അടൂർ ഗോപാലകൃഷ്ണൻ, ശിവാജി ഗണേശൻ, സ്വാമി ചിന്മയാനന്ദൻ, സൽമാൻ റുഷ്ദി, പ്രൊഫ. എം. കൃഷ്ണൻനായർ, മുഹമ്മദ് റഫി, ബാൽ താക്കറെ, എം.ടി. വാസുദേവൻ നായർ, ആർ.കെ. നാരായണൻ, ഗിരീഷ് കർണാട്, പ്രൊഫ. എം.പി. മന്മഥൻ, മോഹൻലാൽ, ആർട്ടിസ്റ്റ് ശങ്കരൻ കുട്ടി തുടങ്ങിവരെക്കുറിച്ചുള്ള വരയും എഴുത്തുമാണ് ഈ പുസ്തകത്തിലുള്ളത്. വാക്കുകളിലൂടെയും എഴുത്തിലൂടെയും മഹാവ്യക്തിത്വങ്ങളെ മനസ്സിലാക്കാൻ സഹായിക്കുന്നു. ഈ പുസ്തകം നർമരസത്തോടെ അവതരിപ്പിക്കുന്നതിനാൽ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ വായന രസകരമാക്കുന്നു. വരയും എഴുത്തും പഠിക്കുന്നവർക്കും ഈ പുസ്തകം ഗുണം ചെയ്യും. ജി. ഹരി എഴുതുന്നു:
''പശ്ചാത്തല വർണനയും രൂപഘടനയും കൃത്യമായും ഹാസ്യ ചിത്രങ്ങളിലും ഉണ്ടാകണമെന്ന പക്ഷക്കാരനായിരുന്നു. അതിക്രമങ്ങൾക്കും അനീതികൾക്കുമെതിരെ ലക്ഷ്മണ രേഖ വരച്ച കാർട്ടൂണിസ്റ്റ്, ബൗദ്ധികം എന്ന മേലങ്കിയണിഞ്ഞു കഥാപാത്രങ്ങളെയോ രചനകളെയോ ഒരുക്കി വിടാൻ അദ്ദേഹം തയറായില്ല. ഒരേ ദിനപത്രത്തിന്റെ മുൻപേജിൽ തന്നെ നാൽപതിലേറെ വർഷങ്ങൾ യൂ സെഡ് ഇറ്റ് എന്ന സാധാരണക്കാരന്റെ പോക്കറ്റ് കാർട്ടൂൺ നിലനിന്നുവെങ്കിൽ അത് തലമുറകൾ തുടർവായന ഇഷ്ടപ്പെട്ടതുകൊണ്ടു തന്നെയാണ്'
(ആർ.കെ. ലക്ഷ്മൺ)
ഒരു കാലത്ത് കേരള സമൂഹത്തിൽ വളരെ സജീവമായിരുന്ന എം.പി. മന്മഥന്റെ ജീവിതം വളരെ ആകർഷകമായി ഇതിൽ വിവരിച്ചിരിക്കുന്നു. മദ്യനിരോധന പ്രസ്ഥാനത്തിലൂടെയും എൻ.എസ്.എസ് നേതാവായും ഗാന്ധിയനായും ഒരു പുരുഷായുസ്സ് മുഴുവൻ പ്രവർത്തിച്ചയാളാണ് മന്മഥൻ സാർ. മദ്യവും മയക്കുമരുന്നും സമൂഹത്തെ കാർന്നു തിന്നുന്ന ഇക്കാലത്ത് എം.പി. മന്മഥന്റെ ഓർമ പോലും
നമുക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്. സമൂഹം മറുന്നുപോയ ഒരു വലിയ മനുഷ്യനെ ഓർമിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ ചെയ്യുന്നത്.
ന്യൂദൽഹിയിലെ ശങ്കേഴ്‌സ് ട്രസ്റ്റ് നടത്തിയിരുന്ന മത്സരങ്ങളിൽ മെറിറ്റ് സർട്ടിഫിക്കറ്റും കാഷ് അവാർഡും നേടിയിട്ടുള്ള ജി. ഹരിയെത്തേടി നിരവധി പുരസ്‌കാരങ്ങൾ എത്തിയിട്ടുണ്ട്. ഇതിൽ തിരുവനന്തപുരം നാഷണൽ ഫിലിം അക്കാദമി അവാർഡും ഉൾപ്പെടും. വരകൾ കൊണ്ടും എഴുത്ത് കൊണ്ടും ഒരു കാലഘട്ടത്തെ അനാവരണം ചെയ്യുന്നതാണ് പല മുഖങ്ങൾ.
പല മുഖങ്ങൾ
ജി. ഹരി
പരിധി പബ്ലിക്കേഷൻസ്
തിരുവനന്തപുരം
വില 150 രൂപ






