ആഗോള തലത്തിലെ പ്രധാന വാർത്ത ഏജൻസികളാണ് റോയിട്ടേഴ്‌സും എ.എഫ്.പിയും എ.പിയും. പല ശീർഷകങ്ങളിലാണെങ്കിലും ഈ ഏജൻസികളെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പത്രം, ടിവി ഓഫീസുകളിലേക്ക് അതത് ദിവസങ്ങളിലെ പ്രധാന വാർത്തകൾ സംബന്ധിച്ച് ടെലിഗ്രാഫിക് രൂപത്തിൽ ഒരു സന്ദേശമയക്കും. റോയിട്ടേഴ്‌സിന്റേതിന് പേര് ന്യൂസ് ഷെഡ്യൂളെന്നാണ്. ഗ്രീൻവിച്ച് മീൻ ടൈം (ജി.എം.ടി) രാവിലെ 6, 11 സമയങ്ങളിലൊക്കെ ഇത് അയച്ചുകൊണ്ടിരിക്കും. ഇക്കഴിഞ്ഞ ചൊവ്വാഴ്ച റോയിട്ടേഴ്‌സിന്റെ പട്ടികയിലെ ആദ്യ അഞ്ചിൽ ഇന്ത്യയിൽ നിന്നൊരെണ്ണം സ്ഥാനം പിടിച്ചു. ഇന്ത്യൻ ടാക്‌സ്‌മെൻ റെയ്്ഡ് ബി.ബി.സി ഓഫീസസ് ഇൻ മുംബൈ ആന്റ് ദൽഹി. ഉക്രൈൻ സംഘർഷം, മിഷിഗണിലെ വെടിവെപ്പ്, തുർക്കി ഭൂകമ്പ ദുരിതാശ്വാസ ഹെഡ്‌ലൈനുകൾക്ക് തൊട്ടു താഴെ ഇന്ത്യയിലെ വിശേഷം. ബിബിസി ഓഫീസിലെ സർവേയെന്നും പരിശോധനയെന്നും വിശേഷിപ്പിക്കപ്പെട്ട ഈ കലാപരിപാടി അടുത്ത ദിവസങ്ങളിലും തുടർന്നു. വ്യാഴാഴ്ച രാത്രിയാണ് പരിശോധന നിർത്തിയത്.
ഇത് പത്രങ്ങളിൽ ഒരു വാർത്തയുടെ തിരുത്ത് വന്നാലുണ്ടാവുന്നത് പോലൊരു അനുഭവമാണ്. വാർത്ത തിരുത്തിയില്ലെങ്കിൽ അമ്പത് ലക്ഷം മാനനഷ്ടം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുമെന്ന ഭീഷണി ആരെങ്കിലും മുഴക്കിയാലായിരിക്കും തിരുത്ത് കൊടുക്കുക. അപ്പോഴായിരിക്കും ആദ്യ വാർത്ത കാണാത്ത പലരും ഇതിന് കാരണമായ വാർത്ത അന്വേഷിക്കുക. ലോകത്തെ തലയെടുപ്പുള്ള പത്രമായ ന്യൂയോർക്ക് ടൈംസ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ബിബിസിയെ കുടയാൻ തുടങ്ങിയത്. ഇതാരുടെ തലയിലുദിച്ചതായാലും മണ്ടത്തരമെന്നേ പറയാനാവൂ. ടൈമിംഗ് തീരെ ശരിയായില്ല.
ഇന്ത്യ ആഗോള തലത്തിൽ ഒരു ശക്തിയാണിപ്പോൾ. ജി20 കൂട്ടായ്മയുടെ നേതൃപദവി ഇന്ത്യക്കാണ്. മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച ആഗോള പട്ടികയിൽ 180 ൽ നൂറ്റിഅമ്പതാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യ ബിബിസിയെ പാഠം പഠിപ്പിക്കാനിറങ്ങിയത് അസമയത്താണ്. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ എന്ന ബിബിസി ഒരു സ്വതന്ത്ര മാധ്യമ സ്ഥാപനമാണ്. ലോകത്തെവിടെയും പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത ഏറ്റവും ക്രെഡിബിലിറ്റിയുള്ള മീഡിയ. ബ്രിട്ടനിലെ വീടുകളിൽ നിന്ന് സമാഹരിക്കുന്ന ലൈസൻസ് തുകയാണ് ബിബിസി നടത്തിപ്പിനുള്ള പ്രധാന വരുമാന സ്രോതസ്സ്. പരസ്യങ്ങളിലൂടെ സമാഹരിക്കുന്നത് ആകെ വരുമാനത്തിന്റെ നാലിലൊന്ന് മാത്രം. 40,000 കോടിയാണ് വാർഷിക ബജറ്റ്.
നമ്മുടെ നാടുകളിൽ തന്നെ എല്ലാം പാട്ടാക്കുന്നവരെ ബിബിസിയെന്നാണല്ലോ വിളിക്കുക. ഇന്ത്യയിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ ദൂരദർശനും ആകാശവാണിയും മാത്രമുണ്ടായിരുന്ന കാലത്തും ബി.ബി.സി റേഡിയോയിലൂടെയാണ് ലോകജനത പല വിവരങ്ങളും അറിഞ്ഞിരുന്നത്. പ്രധാന സംഭവങ്ങളുണ്ടായാലും ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെ എ.ഐ.ആറും ഡിഡിയും കാത്തു നിൽക്കും. ഇതു മുതലെടുത്താണ് ബിബിസിയും സിഎൻഎനും ഗോളടിക്കാറുള്ളത്. ഒരു ഇന്ത്യക്കാരൻ ബ്രിട്ടനിൽ പ്രധാന മന്ത്രിയായിരിക്കേയാണ് ബിബിസി ഓഫീസുകളിൽ റെയ്ഡ് നടത്തിയത്. ആ സാധുവിന്റെ കസേരയിൽ കണ്ണും നട്ടിരിക്കുന്ന ദുഷ്ടന്മാർ ഈ സാഹചര്യം മുതലാക്കാതിരുന്നാൽ മതിയേനേയെന്ന് പ്രാർഥിക്കാം.
ബിബിബി റെയ്ഡിനെിരെ വിമർശനവുമായി പത്രപ്രവർത്തക സംഘടനയായ എഡിറ്റേഴ്സ് ഗിൽഡ് രംഗത്തെത്തിയിരുന്നു. ന്യൂസ്‌ക്ലിക്ക്, ന്യൂസ് ലോൺട്രി, ദൈനിക് ഭാസ്‌കർ, ഭാരത് സമാചാർ എന്നിവയുടെ ഓഫീസുകളിൽ 2021 ൽ സമാന സർവേകൾ നടത്തിയിരുന്നതായി എഡിറ്റേഴ്സ് ഗിൽഡ് പറഞ്ഞു. ഇത് ഭരണഘടനാപരമായ ജനാധിപത്യത്തെ തുരങ്കം വെക്കുന്ന പ്രവണതയാണെന്നും എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവനയിൽ വ്യക്തമാക്കി. ബിബിസിയുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയിൽ കേന്ദ്ര സർക്കാരിനെ കോൺഗ്രസും പരിഹസിച്ചിരുന്നു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കോൺഗ്രസ് ആരോപിച്ചു. വിനാശകാലേ വിപരീത ബുദ്ധി എന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തത്.
*** *** ***
മലയാളത്തിൽ ന്യൂസ് ചാനലുകൾ നിരവധിയുണ്ടെങ്കിലും അഭിമുഖത്തിന്റെ കാര്യത്തിൽ ഇപ്പോൾ അൽപം മുന്നിട്ടു നിൽക്കുന്നത് ബിഹൈൻഡ് ദ വുഡ്‌സ്, ട്രൂ കോപ്പി തിങ്ക് തുടങ്ങിയ സമാന്തര ചാനലുകളാണ്. പ്രൊഫഷണൽ മികവ് പുലർത്തുന്ന ഇവർ തയാറാക്കുന്ന അഭിമുഖങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്യുന്നു. പിന്നിട്ട വാരത്തിൽ ശ്വേത സഞ്ജീവ് ഭട്ട് കൊച്ചിയിലുണ്ടായിരുന്നു. അവരുടെ അഭിമുഖവും ഫേസ്ബുക്കിലാണ് കണ്ടത്. ന്യൂസ് ചാനുലകളിലെ അവതാരകരെ ഇരുത്തി രാഹുൽ ഈശ്വർ നടത്തിയ സുദീർഘ പ്രോഗ്രാം പൂർണമായും കാണാൻ പ്രേരിപ്പിക്കുന്നതായി. 24 ന്യൂസിലെ ഹശ്മിയാണ് ഇതിലെ ഹീറോ. വ്യത്യസ്ത നിലപാടുകളുമായി ഏഷ്യാനെറ്റിലെ ലക്ഷ്മി പത്മവും ശ്രദ്ധ പിടിച്ചു പറ്റി.
സിനിമ താരം നടി ഭാവന കാര്യങ്ങൾ തുറന്നു പറഞ്ഞത് ട്രൂ കോപ്പി തിങ്ക് അഭിമുഖത്തിലാണ്. മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് ഒരുപാട് ആലോചനകൾക്ക് ശേഷമായിരുന്നുവെന്ന് ഭാവന പറഞ്ഞു. അഭിനയിക്കാൻ തീരുമാനിച്ചതിന് ശേഷം പോലും ആശയക്കുഴപ്പമുണ്ടായിരുന്നു.
ഇതൊരു നല്ല തീരുമാനമാണോ, അതിൽ പശ്ചാത്തപിക്കേണ്ടി വരുമോ തുടങ്ങി ഒരുപാട് ചോദ്യങ്ങളും സംശയങ്ങളുമായിരുന്നു മനസ്സിൽ. സിനിമ അനൗൺസ് ചെയ്തതിന് ശേഷവും ഈ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. അവസാന നിമിഷം വരെ, സിനിമ തുടങ്ങുന്നതിന്റെ പത്ത് ദിവസം മുമ്പ് വരെ പിൻമാറുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു.
അഞ്ച് വർഷം മലയാള സിനിമയിൽ നിന്ന് മാറിനിന്നതിന് ശേഷം തിരിച്ചെത്തുന്നതിൽ വലിയ എക്സൈറ്റ്മെന്റ് ഉണ്ട്. അഞ്ച് വർഷം മാറിനിന്നപ്പോൾ മലയാള സിനിമ തന്നെ മിസ് ചെയ്തോ എന്നറിയില്ല. എന്നാൽ താൻ മലയാള സിനിമയെ മിസ് ചെയ്തിരുന്നു. തന്റെ വായന ശീലത്തെ കുറിച്ചും ഭാവന അഭിമുഖത്തിൽ പറയുന്നുണ്ട്. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് കോമിക്സ് മാത്രമായിരുന്നു വായിച്ചിരുന്നത്. ബോബനും മോളിയും ആയിരുന്നു ഏറ്റവും പ്രിയപ്പെട്ടത്. തന്റെ ഒരു മുൻ പ്രണയിതാവിനെ ഇംപ്രസ് ചെയ്യിക്കാൻ വേണ്ടിയാണ് പുസ്തകം വായിക്കാൻ തുടങ്ങിയത് എന്ന് തുറന്ന് സമ്മതിക്കുന്നുണ്ട് ഭാവന. എന്നാൽ പുസ്തകം വായിച്ചുതുടങ്ങിയതിന് ശേഷം ആണ് അതിന്റെ ഒരു ഫലം തനിക്ക് മനസ്സിലായത്. സിനിമയും പുസ്തകവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും അത് എങ്ങനെയാണ് തന്നെ സ്വാധീനിക്കുന്നത് എന്നും പുസ്തകം വായിച്ച് കരഞ്ഞതിനെ കുറിച്ചും എല്ലാം ഭാവന ഓർത്തെടുത്തു.
*** *** ***
കോഴിക്കോട്ടെ തെക്കേപ്പുറത്ത് കല്യാണത്തോടനുബന്ധിച്ചുള്ള അനാചാരങ്ങൾ പുതിയ കാര്യമല്ല. ജെ.സി.ബിയിലും ആംബുലൻസിലും പുതിയാപ്ല വന്നിറങ്ങിയിട്ടുണ്ട്. കോവിഡ് കാലത്തെ വേഷം ധരിച്ച് വധുവിന്റെ വീട്ടിലെത്തിയ മണവാളനുമുണ്ട്. ഇപ്പോൾ ഏറ്റവുമൊടുവിൽ തെക്കേപുറത്തെ ഒരു പുതിയാപ്ല നഴ്‌സറി സ്‌കൂൾ യൂനിഫോമിട്ടെത്തിയതാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ആരൊക്കെ ബോധവൽക്കരിച്ചാലും ഇതൊക്കെ തുടരുകയും ചെയ്യും. കുറ്റിച്ചിറയിലെ ഒരു പുതിയാപ്ലയെ സുഹൃത്തുക്കൾ വയനാട്ടിലേക്കാണ് കൊണ്ടുപോയത്. ഏതാണ്ട് പുലരാൻ നേരത്താണ് വരനും കൂട്ടുകാരും തിരിച്ചെത്തിയത്. ഇതെല്ലാം കാണുമ്പോൾ പഴയ കോവിഡ് കാലം തന്നെയായിരുന്നു നല്ലതെന്ന് പറയുന്ന പഴഞ്ചന്മാരുമുണ്ട്. മുസ്‌ലിം കല്യാണങ്ങളിലെ അനാചാരം ചർച്ചയായപ്പോൾ ഹിന്ദു വിഭാഗത്തിലെ വിവാഹ ചടങ്ങുകൾ സമ്പന്ന-ദരിദ്ര വ്യത്യാസമില്ലാതെ അന്നും ഇന്നും ഒരുപോലെയെന്ന പോസ്റ്റും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുസ്‌ലിംകൾക്കാണെങ്കിൽ ബോധവൽക്കരിക്കാൻ ആവശ്യത്തിലേറെ പണ്ഡിതന്മാർ. എന്നിട്ടും സൗകര്യങ്ങൾ കൂടിയപ്പോൾ മുസ്‌ലിം കല്യാണത്തിന് വരൻ ജെസിബിയിൽ വരേണ്ട ഗതികേടിലായെന്ന പോസ്റ്റ് ആരെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.
*** *** ***
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച താരമാണ് നടിയും നർത്തകിയുമായ ശാലു മേനോൻ. പ്രമാദമായ സോളർ കേസിൽ ഉൾപ്പെട്ട് ജയിലിൽ കിടന്നത് അടക്കം ഏറെ സംഭവങ്ങൾ നടിയുടെ ജീവിതത്തിലുണ്ടായി. അതിന് ശേഷം 2016 ലാണ് ശാലു നടനായ സജി നായരെ വിവാഹം കഴിച്ചത്. അന്ന് ഏറെ വാർത്ത പ്രാധാന്യം നേടിയതായിരുന്നു ഇരുവരുടെയും വിവാഹ വാർത്ത.
എന്നാൽ ഇക്കഴിഞ്ഞ ഡിസംബറിൽ ഇരുവരും പിരിയാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തു വന്നത്. ശാലു മേനോൻ തന്നെയാണ് ഈ വാർത്ത ആദ്യം പുറത്തുവിട്ടത്. ഇത് സംബന്ധിച്ച് ഒരു ഓൺലൈൻ മാധ്യമത്തിന് വിശദമായ അഭിമുഖവും താരം നൽകിയിരുന്നു. ഇതിൽ പറയുന്നത് പ്രകാരം, താനും സജിയും നേരത്തെ അറിയുന്നവരാണ്. തന്റെ ജീവിതത്തിൽ സംഭവിച്ചത് എല്ലാം അറിയാം. അങ്ങനെയാണ് പതിനഞ്ച് കൊല്ലത്തോളം പരിചയമുള്ള ഒരാളെ വിവാഹം കഴിക്കാം എന്നു തീരുമാനിച്ചത്. വിവാഹത്തിന് മുൻപ് തന്നെ ചില ധാരണകൾ ഉണ്ടായിരുന്നു.
ജയിൽവാസം തന്നെ ബോൾഡ് ആക്കി എന്നാണ് അന്ന് ശാലു പറഞ്ഞത്. നല്ലൊരു കുടുംബം കൊണ്ടുപോകണം എന്ന് ആഗ്രഹിച്ചിരുന്നു. എല്ലാം അറിയുന്ന ആളെയാണ് വിവാഹം കഴിച്ചത് എന്നായിരുന്നു ചിന്ത. എന്നാൽ പിന്നീട് വിവാഹം വേണ്ട എന്നു വരെ തോന്നിപ്പോയെന്ന് ശാലു മേനോൻ അന്ന് അഭിമുഖത്തിൽ പറഞ്ഞു. ഡാൻസ് പ്രൊഫഷനെയും കുടുംബത്തെയും ഒന്നിച്ചു കൊണ്ടുപോകാൻ ആഗ്രഹിച്ചയാൾ എന്ന നിലയിൽ ഇതുമായി അഡ്ജസ്റ്റ് ചെയ്തു പോകാൻ പറ്റില്ല എന്ന് തോന്നിയതിനാലാണ് വിവാഹ മോചനം എന്നാണ് ശാലു അന്ന് പറഞ്ഞത്.
ശാലുവിന്റെ പ്രതികരണത്തോട് ഇപ്പോൾ മനസ്സ് തുറക്കുകയാണ് ഭർത്താവായിരുന്ന സജി നായർ. വീണ്ടും അഭിനയ രംഗത്ത് സജീവമാകാനുള്ള ശ്രമത്തിലാണ് സജി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാഹ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സജി പറഞ്ഞത്. ശാലുമേനോന്റെ പ്രസ്താവനകളോട് താൻ ഇപ്പോൾ പ്രതികരിക്കുന്നില്ല. പറയുന്നവർ പറഞ്ഞോട്ടെ, അതൊന്നും നോക്കാൻ തൽക്കാലം നേരം ഇല്ലെന്നും സജി വ്യക്തമാക്കി. കുടുംബശ്രീ ശാരദ എന്ന സീ കേരളത്തിലെ സീരിയലിലാണ് സജി ഇപ്പോൾ അഭിനയിക്കുന്നത്.
*** *** ***
മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളെയും മെഗാ സ്റ്റാറുകളെയും അറിയില്ലെങ്കിലും കുഴപ്പമില്ല. ബിഗ് ബോസ് താരങ്ങളെ അറിയില്ലെന്നു വന്നാൽ നമ്മുടെ ഐക്യു ലെവൽ മോശമെന്ന് ആളുകൾ പറഞ്ഞു കളയും. ഡോക്ടർ റോബിന്റെ വിവാഹ നിശ്ചയ വാർത്തയാണ് വെള്ളിയാഴ്ച ഓൺലൈൻ മാധ്യമങ്ങളിൽ നിറഞ്ഞാടിയത്. മുൻ ബിഗ് ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെയും യൂട്യൂബർ ആരതി പൊടിയുടെയും വിവാഹ നിശ്ചയം വ്യാഴാഴ്ചയായിരുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സ് എന്ന വിഭാഗത്തിലാണിവരെല്ലാം. വളരെ ആഘോഷപൂർവമായാണ് വിവാഹ നിശ്ചയം നടന്നത്. ഏഷ്യാനെറ്റും ബിഗ് ബോസും നിങ്ങൾ എല്ലാവരും കാരണമാണ് തനിക്ക് ആരതി പൊടിയെ കിട്ടിയതെന്നും താൻ ലക്കിയാണെന്നും ചടങ്ങിൽ റോബിൻ പറഞ്ഞു. വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരോട് മോതിരം ഇടട്ടെയെന്ന് വിളിച്ച് ചോദിച്ചതിന് ശേഷമാണ് റോബിൻ ആരതി പൊടിക്ക് മോതിരം അണിയിച്ചത്. റോബിന്റെ അതേ സീസണിലെ ബിഗ് ബോസ് മത്സരാർത്ഥികളായിരുന്ന ബ്ലെസ്ലിയും ലക്ഷ്മി പ്രിയയും ചടങ്ങിൽ പങ്കെടുത്തു.
മലയാളത്തിൽ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. കഴിഞ്ഞ നാല് സീസണും വമ്പൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ അഞ്ചാമത്തേത് വരുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി പൊതുജനങ്ങളിൽ നിന്ന് ഒരു മത്സരാർത്ഥി എത്തുന്നു എന്ന പ്രത്യേകത സീസൺ അഞ്ചിനുണ്ട്. മോഹൻലാൽ തന്നെയാകും ഇത്തവണയും അവതാരകനായി എത്തുക.
*** *** ***
വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്ന നവ്യ കഴിഞ്ഞ വർഷമാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ, ഒരു ടെലിവിഷൻ പരുപാടിക്കിടെ നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഭാരതത്തിലെ സന്ന്യാസിമാർ മനുഷ്യരുടെ ഇന്റേണൽ ഓർഗൻസ് ഒക്കെ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു എന്നാണ് നവ്യ പറഞ്ഞത്. തനിക്ക് ഇക്കാര്യത്തിൽ വ്യക്തതയില്ലെന്നും പറഞ്ഞുകേട്ട അറിവ് മാത്രമേ ഉള്ളൂ എന്നും നവ്യ പറയുന്നുണ്ട്. ഇതിന്റെ ആധികാരികതയെ കുറിച്ചും സത്യസന്ധതയെ കുറിച്ചും കൂടുതൽ ആയി അറിയില്ലെന്നും നവ്യ ഷോക്കിടെ പറഞ്ഞു. എന്നാൽ ഇതുപോലൊരു മണ്ടത്തരം, പൊതുവേദിയിൽ വലിയ കാര്യമായി പറയാൻ മാത്രം ബോധം ഇല്ലാത്ത ആളാണോ നവ്യ എന്നാണ് സോഷ്യൽ മീഡിയ പരിഹസിക്കുന്നത്.
നവ്യയുടെ വാക്കുകൾ കേട്ടുനിന്ന മുകേഷ് മറുപടിയായി പറഞ്ഞത് ഇങ്ങനെയായിരുന്നു, 'ശരിയാ, ഞാൻ പണ്ട് കൊല്ലത്ത് നിന്ന് സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോൾ ഒരു സന്ന്യാസി ഇത് പോലെ വൃക്കയൊക്കെ കഴുകി അകത്തെടുത്ത് വെക്കുന്നത് കണ്ടിട്ടുണ്ട്'.
മുകേഷിന്റെ വാക്കുകൾക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. മുകേഷ് നവ്യയെ ട്രോളുകയായിരുന്നു. ഇന്റേണൽ ഓർഗൻസ് ഡ്രൈ ക്ലീൻ ചെയ്യുന്നത് അവിടെ നിൽക്കട്ടെ.
മനുഷ്യരുടെ തലച്ചോറ് മാറ്റി കുറച്ച് ഭേദപ്പെട്ടത് വെക്കുന്ന വിദ്യ ആരെങ്കിലും കണ്ടുപിടിച്ചിരുന്നെങ്കിൽ.






