കെ.എൽ. ബ്രോ ബിജു ഋത്വിക് എന്ന പേര് കേൾക്കാത്തവരുണ്ടാവില്ല. സോഷ്യൽ മീഡിയയിലെ സ്ഥിര സാന്നിധ്യമായ ഈ കുടുംബം ഇന്ന് ഒരു കോടിയിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് ചാനലിന്റെ ഉടമകളാണ്. കണ്ണൂർക്കാരനും കന്നഡക്കാരിയും അമ്മയും അനുമോളും അങ്കിയുംഎല്ലാരും ചേർന്നൊരു കുഞ്ഞുചാനൽ എന്നാണ് ഈ യൂട്യൂബ് ചാനലിന്റെ ടാഗ് ലൈൻ
മലയാളിയായ ബിജുവും അമ്മയും കന്നഡക്കാരിയായ മരുമകളും ചേർന്നൊരുക്കുന്ന അവരുടെ കൊച്ചുകൊച്ചു കുടുംബ വിശേഷങ്ങൾ മലയാളിയുടെ മനസ്സിലേക്ക് ചേക്കേറിത്തുടങ്ങിയിട്ട് കാലമേറെ ആയിട്ടില്ല. നിഷ്‌കളങ്കമായ അവതരണ ശൈലിയും കൃത്രിമത്വം നിറയ്ക്കാതെയുള്ള ഇവരുടെ സംസാര രീതിയുമാണ് ലക്ഷക്കണക്കായ പ്രേക്ഷകരെ നേടിക്കൊടുത്തത്.
ജീവിതത്തിൽ നിരവധി വേഷങ്ങൾ ആടിയതിനു ശേഷമാണ് ബിജു എന്ന കണ്ണൂരുകാരൻ ഇന്ന് യൂട്യൂബ് കുടുംബത്തിലെ ജനപ്രിയനായത്. വർഷങ്ങൾക്കുമുൻപ് ബസ് ഡ്രൈവറായി ജീവിതം തുടങ്ങിയ ബിജുവിന് അന്ന് സ്മാർട്ട് ഫോണിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. ഇന്നാകട്ടെ, സ്വന്തം മൊബൈലിൽ പകർത്തിയ വീഡിയോകളിലൂടെ കേരളത്തിൽ തന്നെ ആദ്യമായി യൂട്യൂബിൽ പതിനൊന്ന് മില്യണും കടന്ന അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ് ഈ കുടുംബം. ഭാര്യ കവിതയും മകൻ ഋത്വിക്കും അമ്മ കാർത്ത്യായനിയുമടങ്ങുന്ന കെ.എൽ ബ്രോ കുടുംബം ഡയമണ്ട് പ്‌ളേ ബട്ടൺ എന്ന സുവർണ നേട്ടത്തിലെത്തി നിൽക്കുകയാണ്.

കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂരിനടുത്ത പാവന്നൂർ മൊട്ട എന്ന ഗ്രാമത്തിലാണ് ബിജുവും കുടുംബം താമസിക്കുന്നത്. തികച്ചും ഒരു സാധാരണ കുടുംബം. കോടിക്കണക്കായ ആരാധകരുടെ ആർഭാടങ്ങളൊന്നും ഇവിടെയില്ല. കുട്ടിക്കാലം തൊട്ടേ നാട്ടിൻപുറങ്ങളിലെ നാടകങ്ങളിൽ അഭിനയിച്ചിരുന്ന അനുഭവ പരിചയമാണ് ഈ ചെറുപ്പക്കാരനെ ടിക് ടോക് വീഡിയോ നിർമാണത്തിലേയ്ക്ക് വഴി നടത്തിയത്. നാടക രചനയിലുള്ള താൽപര്യം പുതിയ പരീക്ഷണങ്ങൾക്ക് പ്രചോദനമാവുകയായിരുന്നു. കോവിഡ് മഹാമാരി നാട്ടിൽ നാശം വിതയ്ക്കുന്നതിനു മുൻപ് നാട്ടിലെ സുഹൃത്തുക്കളുമൊത്ത് ഒരു ഹ്രസ്വ ചിത്രം നിർമിച്ചിരുന്നു. ആ ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചതാണ് ഈ രംഗത്ത് തുടരാനുള്ള പ്രേരണയായത്. ഇതിനിടയിൽ ബന്ധു സമ്മാനിച്ച ക്യാമറ ഫോണിൽ സുഹൃത്തുക്കളുമൊത്ത് ടിക് ടോക് വീഡിയോകൾ നിർമിച്ചുതുടങ്ങി. പലതും വൈറലായി മാറുകയും ചെയ്തു.
അഞ്ചു ലക്ഷത്തോളം ഫോളോവേഴ്‌സിനെ ഞങ്ങൾക്ക് ലഭിച്ചിരുന്നു. ടിക് ടോക്കിൽ സജീവമായിരിക്കേയാണ് ഫോൺ തകരാറിലായത്. അതോടെ വീഡിയോ നിർമാണം നിലച്ചു. മാത്രമല്ല, ഇന്ത്യയിൽ ടിക് ടോക് നിരോധനവും പ്രാബല്യത്തിൽ വന്നു, ഒപ്പം കോവിഡ് പ്രതിസന്ധിയും. ബസിൽ പോകാനാകാതെ വീട്ടിൽ അടച്ചിരിപ്പായി. സാമ്പത്തികമായി ഏറെ പ്രയാസപ്പെട്ട നാളുകളായിരുന്നു അത് -ബിജു ഓർക്കുന്നു.
ജീവിത വഴിയിൽ ബിജു ചെയ്യാത്ത തൊഴിലുകളില്ലെന്നു പറയാം. പെയിന്ററായും ക്വാറിത്തൊഴിലാളിയായും ക്ലീനറായും ഡ്രൈവറായുമെല്ലാം നിരവധി വേഷങ്ങൾ. കൂലിപ്പണിക്കാരായ മാതാപിതാക്കളും മൂന്നു സഹോദരിമാരുമടങ്ങുന്ന കുടുംബം. അച്ഛന്റെയും അമ്മാവന്റെയും ആകസ്മിക മരണമാണ് ബിജുവിനെ ബസ് ഡ്രൈവറാക്കിയത്. ഗൾഫിൽ ജോലിക്കായി അവസരം ലഭിച്ചെങ്കിലും അമ്മയെ തനിച്ചാക്കി പോകാൻ മനസ്സു വന്നില്ല. ബസ് ഡ്രൈവറായി ജോലി തുടർന്നു. ജീവിതത്തിൽ ഒരു തുണ വേണമെന്ന ചിന്തയുദിച്ചപ്പോൾ വിവാഹാലോചന തുടങ്ങി. നിരവധി പെൺകുട്ടികളെ കണ്ടുവെങ്കിലും ഒന്നും ശരിയായില്ല. സർക്കാർ ജോലിയില്ലെങ്കിൽ നാട്ടിൽനിന്നും വധുവിനെ ലഭിക്കില്ലെന്ന് ബോധ്യമായപ്പോഴാണ് വിവാഹാലോചന കർണാടകയിലേയ്ക്കു മാറ്റിയത്. ഒടുവിൽ മടിക്കേരിക്കാരിയായ കവിത ബിജുവിന്റെ ജീവിത സഖിയായി. കൂലിപ്പണിക്കാർക്ക് നമ്മുടെ നാട്ടിൽനിന്നും പെണ്ണ് കിട്ടുക എളുപ്പമല്ലെന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ ബിജു പറയുന്നു. അങ്ങനെയാണ് ബ്രോക്കർ മുഖാന്തരം കർണാടകയിലെത്തിയത്. കർണാടകക്കാരിയാണെങ്കിലും കവിതയിപ്പോൾ നല്ലൊരു മലയാളിക്കുട്ടിയായി മാറിയിരിക്കുകയാണ്.
ടിക് ടോക് വീഡിയോകൾ കാണാതായതോടെ സുഹൃത്തുക്കൾ അന്വേഷണം ആരംഭിച്ചു. ഫോൺ തകരാറിലായെന്നറിഞ്ഞ പ്രവാസി സുഹൃത്തായ റഷീദാണ് പുതിയൊരു ഫോൺ വാങ്ങാനുള്ള പണം നൽകിയത്. നല്ലൊരു ഫോൺ ലഭിച്ചതോടെ മുടങ്ങിക്കിടന്ന വെബ് സീരീസുകളെല്ലാം പൊടിതട്ടിയെടുത്തു. സ്വന്തം ജീവിതം തന്നെയായിരുന്നു ഇതിവൃത്തം. വിവാഹാലോചന വേളയിലുണ്ടായ അനുഭവങ്ങൾ കോർത്തിണക്കിയൊരുക്കിയ കണ്ണൂർക്കാരനും കന്നടക്കാരിയും എന്ന മിനി വെബ്‌സീരീസിനും നല്ല പിന്തുണയാണ് ലഭിച്ചത്. ഫോൺ കൈയിൽ പിടിച്ചായിരുന്നു ഒാരോ രംഗവും ചിത്രീകരിച്ചത്. സെൽഫി സ്റ്റാന്റൊന്നും ഉണ്ടായിരുന്നില്ല. എഡിറ്റിംഗ് അറിയാത്തതിനാൽ യൂട്യൂബിൽ നോക്കി അതും പഠിച്ചെടുക്കുകയായിരുന്നു. ഈ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് വീഡിയോ എടുക്കുന്നതും എഡിറ്റിംഗ് നടത്തുന്നതെന്നും പലർക്കും അറിയില്ല. സത്യമതാണ്. ഇതുവരെ ഒരു ക്യാമറ വാങ്ങിയിട്ടില്ല.
സുഹൃത്തുക്കളുടെ സഹായം ഏറെയുണ്ടായിരുന്നു. അമ്മയും ഭാര്യയും സഹോദരിയുടെ മകളായ അനുലക്ഷ്മിയുമെല്ലാം അഭിനയിച്ചു തുടങ്ങി. ബിജു ഋത്വിക് എന്നായിരുന്നു ചാനലിന് പേരു നൽകിയത്. ആദ്യ വീഡിയോ ഹിറ്റായി. നിരവധി പേരാണ് പ്രോത്സാഹനവുമായി എത്തിയത്. ആ വീഡിയോ കണ്ടാണ് ഒരു പ്രധാന മലയാള പത്രത്തിൽ മലയാളി യുവാക്കൾ കർണാടകയിൽ പോയി വിവാഹം കഴിക്കുന്നതിനെക്കുറിച്ച് വാർത്ത വന്നത്. വൈവിധ്യമാർന്ന വീഡിയോകൾക്ക് രൂപം നൽകാനുള്ള പ്രചോദനമായിരുന്നു ഇത്. ഇതിനിടയിൽ സുഹൃത്തായ റഷീദിനൊപ്പം ഒരു നീണ്ട യാത്ര പോയി. ഈ യാത്രയിലും നിരവധി വീഡിയോകൾ ഒരുക്കി ചാനലിലൂടെ പുറത്തുവിട്ടു. അന്ന് യാത്ര ചെയ്ത കാറിന്റെ പേരായിരുന്നു കെ.എൽ. ബ്രോ എന്നത്. ജീവിത യാത്രയിൽ തനിക്കേറെ സഹായം നൽകിയ അദ്ദേഹത്തിന്റെ കാറിന്റെ പേരുകൂടി ചാനലിന് നൽകിയാണ് കെ.എൽ. ബ്രോ ബിജു ഋത്വിക് എന്നാക്കിയത്.

കോവിഡ് നിയന്ത്രണത്തിൽ അയവു വന്നു തുടങ്ങിയപ്പോൾ പഴയ ലാവണത്തിലേയ്ക്കു തന്നെ തിരിച്ചെത്തി. ബസിൽ ഡ്രൈവറായി തുടർന്നു. ഇതിനിടയിൽ ബസിൽനിന്നും ചില വീഡിയോകൾ ഒരുക്കി ചാനലിലൂടെ പുറത്തുവിട്ടു. നല്ല പിന്തുണയായിരുന്നു എല്ലാ വീഡിയോകൾക്കും ലഭിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടയിലാണ് ഞങ്ങളുടെ വീഡിയോകൾ ഇത്രയും പ്രചാരം നേടിയതെന്ന് ബിജു പറയുന്നു. ഇന്നിപ്പോൾ യൂട്യൂബ് വരുമാനം കൊണ്ടാണ് കാര്യങ്ങളെല്ലാം നടക്കുന്നത്. ഉണ്ടായിരുന്ന സാമ്പത്തിക ബാധ്യതകളെല്ലാം അടച്ചുതീർത്തു. വിവാഹം കഴിക്കുന്ന സമയത്ത് മൺകട്ട കൊണ്ട് കെട്ടിയ വീടായിരുന്നു ഞങ്ങളുടേത്. ലോൺ എടുത്താണ് വീട് പുതുക്കിപ്പണിതത്. ചാനലിൽനിന്നും ആദ്യം കിട്ടിയ വരുമാനം എണ്ണായിരത്തി അഞ്ഞൂറു രൂപയായിരുന്നു. ലോൺ അടച്ചുതീർക്കാനാണ് ആ പണം ഉപയോഗിച്ചത്. കൂടാതെ അസുഖബാധിതയായ അമ്മയ്ക്ക് നല്ല ചികിത്സ നൽകാനും വാൽവ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള പണം ലഭിച്ചതും യൂട്യൂബിൽനിന്നുള്ള വരുമാനം കൊണ്ടു തന്നെ -അഭിമാനത്തോടെ ബിജു പറയുന്നു.
മകൻ ഋത്വിക് അഭിനയിച്ചു തുടങ്ങിയത് മാസങ്ങൾക്കു മുൻപാണ്. ടോം ആന്റ് ജെറി എന്ന ഹ്രസ്വ വീഡിയോകളിലൂടെയാണ് അവൻ ജനങ്ങൾക്ക് പ്രിയങ്കരനായത്. നൂറ് മില്യൺ കാഴ്ചക്കാരെ വരെ അവന് ലഭിച്ചിട്ടുണ്ട്. എല്ലാ ദിവസവും വീഡിയോ പ്രീമിയർ ചെയ്യാറുമുണ്ട്.
പലരും കുടുംബാംഗങ്ങളെപ്പോലെയാണ് ഞങ്ങളെ കാണുന്നത്. ഈ കുടുംബത്തിൽ ഇപ്പോൾ ഒരു കോടി പതിനേഴ് ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ആദ്യകാലത്ത് കളിയാക്കലുകളും നിരാശപ്പെടുത്തലുകളും ഏറെയുണ്ടായിട്ടുണ്ടെന്നും ഇവർ പറയുന്നു. കാഴ്ചക്കാരും കുറവായിരുന്നു. ആദ്യമെല്ലാം വേദന തോന്നിയെങ്കിലും പിന്നീട് അതെല്ലാം പോസിറ്റിവായി കണ്ടുതുടങ്ങി. കളിയാക്കലുകളെ വെല്ലുവിളികളായി കണ്ടാണ് ഞങ്ങൾ വീണ്ടും വീഡിയോ ഒരുക്കിത്തുടങ്ങിയത്.മറ്റൊരു അവസരത്തിൽ ഇനിയൊന്നും ചെയ്യേണ്ട എന്നു കരുതി എഴുതിവച്ച സ്്ക്രിപ്റ്റുകളെല്ലാമെടുത്ത് പെട്ടിയിൽ പൂട്ടിവെച്ചു. കോവിഡ് കാലമായതിനാൽ മറ്റു തൊഴിലൊന്നും ചെയ്യാനുമുണ്ടായിരുന്നില്ല. നിരാശ മൂത്ത് വീട്ടിലിരിക്കുന്ന സമയത്ത് ഭാര്യ കവിതയാണ് പ്രോത്സാഹനവുമായെത്തിയത്. വെറുതെ ഇരിക്കുകയല്ലേ. നമുക്ക് എഴുതിവെച്ച സ്‌ക്രിപ്‌റ്റെല്ലാം ചിത്രീകരിച്ചു നോക്കിയാലോ. ആ ആശയം നല്ലതാണെന്നു തോന്നിയപ്പോൾ വീണ്ടും വീഡിയോ ഒരുക്കിത്തുടങ്ങി. ഞങ്ങളുടെ ജീവിതത്തിൽ ദൈനംദിനം നടക്കുന്ന കാര്യങ്ങളെല്ലാം സ്‌ക്രിപ്റ്റാക്കിയാണ് ചിത്രീകരിച്ചു തുടങ്ങിയത്.
ആയിരത്തഞ്ഞൂറോളം വീഡിയോകൾ ഇതിനകം ഒരുക്കിക്കഴിഞ്ഞു. ഇവയെല്ലാം ഒരുക്കിയത് കൈയിലുള്ള ആൻഡ്രോയിഡ് ഫോണിലൂടെയാണ്. ചിത്രീകരണം മികച്ചതാക്കാൻ നല്ലൊരു ക്യാമറ സ്വന്തമാക്കണമെന്നുണ്ട്. എന്നാൽ ക്യാമറ ഉപയോഗിക്കുന്നതിന്റെ സാങ്കേതിക വശങ്ങൾ അറിയാത്തതുകൊണ്ടാണ് മടിച്ചുനിൽക്കുന്നത്. എല്ലാം പഠിച്ചെടുക്കണം. ഞങ്ങളുടെ വീഡിയോയിലൂടെ മറ്റുള്ളവർക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ അതാണ് ഞങ്ങൾക്കുള്ള ഏറ്റവും വലിയ പ്രചോദനം -ബിജു പറയുന്നു.ഓരോ ദിവസവും ചിത്രീകരിക്കേണ്ട തിരക്കഥയൊരുക്കുന്നത് ബിജുവാണ്. വീട്ടിൽ അതിഥികളായി എത്തുന്നവർ പോലും കഥാപാത്രങ്ങളാകാറുണ്ട്. മാനസികാധ്വാനം ഏറെയുള്ള തൊഴിലാണിത്. എങ്കിലും ഇഷ്ടപ്പെട്ട തൊഴിലായതിനാൽ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.സിനിമയിൽ അഭിനയിക്കുക എന്നതാണ് ബിജുവിന്റെ ഇനിയുള്ള ലക്ഷ്യം. ഒരു സിനിമയിലേയ്ക്ക് എല്ലാവർക്കും ക്ഷണം ലഭിച്ചിരുന്നെങ്കിലും അമ്മയുടെ ശസ്ത്രക്രിയ കാരണം എത്താനായില്ല. മാത്രമല്ല, സിനിമയ്ക്കുള്ള ഒരു തിരക്കഥയും ബിജു ഒരുക്കിയിട്ടുണ്ട്. എന്നെങ്കിലും അതൊരു സിനിമയാക്കണമെന്ന ലക്ഷ്യവും ആ മനസ്സിലുണ്ട്. ഇതിനിടയിൽ എല്ലാവരുമൊത്ത് ഒരു വിദേശ യാത്രയും ബിജു സ്വപ്‌നം കാണുന്നുണ്ട്. എല്ലാം സാധിക്കുമെന്ന വിശ്വാസമാണ് ഈ കുടുംബത്തിനുള്ളത്. നാട്ടിൻപുറത്തിന്റെ നന്മകളും വീട്ടുവിശേഷങ്ങളും കാഴ്്ചകളുമൊക്കെയായി ബിജുവും കുടുംബവും യാത്ര തുടരുകയാണ്.പ്രേക്ഷകരാണ് ഞങ്ങളുടെ കരുത്ത്. അവരാണ് ഞങ്ങളെ ഇവിടെ വരെ എത്തിച്ചത്. അവരില്ലെങ്കിൽ ഞങ്ങളുമില്ല. സാമ്പത്തിക പ്രതിസന്ധികളില്ലാതെ മുന്നോട്ടു പോകാൻ സഹായിക്കുന്നതും അവരാണ് -ബിജു പറഞ്ഞു നിർത്തുന്നു.






