ബെംഗളൂരു- ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ് വാങ്ങാന്‍ അര്‍ജന്റീനയും ഈജിപ്തും താത്പര്യം അറിയിച്ചു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് കീഴില്‍ വികസിപ്പിച്ച തേജസിന്റെ വില്‍പ്പനയ്ക്കായി അര്‍ജന്റീനയും ഈജിപ്തുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ബെംഗളൂരുവില്‍ നടന്നുകൊണ്ടിരിക്കുന്ന എയ്‌റോ ഇന്ത്യ 2023-ന്റെ ഭാഗമായി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് ചെയര്‍മാന്‍ സിബി അനന്തകൃഷ്ണന്‍ പറഞ്ഞു.
തദ്ദേശീയമായി വികസിപ്പിച്ച 15 യുദ്ധവിമാനങ്ങള്‍ അര്‍ജന്റീനയ്ക്ക് ആവശ്യമാണെന്നും 20 തേജസ് വിമാനങ്ങള്‍ വേണമെന്ന് ഈജിപ്ത് ഇന്ത്യയെ അറിയിച്ചതായും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് ചെയര്‍മാനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പി. ടി. ഐ റിപ്പോര്‍ട്ട് ചെയ്തു.
2024 ഡിസംബറില്‍ തേജസിന്റെ നവീകരിച്ച പതിപ്പ് മാര്‍ക്ക് 2 പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് ചെയര്‍മാന്‍ പറഞ്ഞു.






