രണ്ട് മുസ്ലിംകളെ കൊന്ന് കത്തിച്ച സംഭവം; രാജസ്ഥാന്‍ സര്‍ക്കാരിന് മുന്‍വിധിയെന്ന് വി.എച്ച്.പി

ന്യൂദല്‍ഹി-രാജസ്ഥാന്‍ സ്വദേശികളായ രണ്ട് മുസ്ലിം യുവാക്കളുടെ മൃതദേഹങ്ങള്‍ ഹരിയാനയില്‍ തീവെച്ച് നശിപ്പിച്ച വാഹനത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്.  രാഷ്ട്രീയ മുന്‍വിധി കാരണമാണ് ബജ്‌റംഗ്ദളിന്റെ പേര് കേസിലേക്ക് വലിച്ചിഴച്ചതെന്ന് വി.എച്ച്.പി കുറ്റപ്പെടുത്തുന്നു.
അതേസമയം, പശുസംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ തട്ടിക്കൊണ്ടുപോയ യുവാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തതായി രാജസ്ഥാന്‍ പോലീസ് അറിയിച്ചു. ബുധനാഴ്ച പശു സംരക്ഷകര്‍ തട്ടിക്കൊണ്ടുപോയ ഇവരെ വ്യാഴാഴ്ച രാവിലെ ഭിവാനിയിലെ ലോഹറുവില്‍ കത്തിച്ച കാറിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  
ബജ്‌റംഗ് ദളുകരാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന്  മരിച്ചവരുടെ കുടുംബാംഗങ്ങള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
എഫ്‌ഐആറില്‍ പേരുള്ളവര്‍ ബജ്‌റംഗ് ദളുമായി ബന്ധമുള്ളവരാണെന്നും എന്നാല്‍ അവര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നത് കണ്ടെത്താനായിട്ടില്ലെന്നും രാജസ്ഥാനിലെ ഭരത്പൂര്‍ റേഞ്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഗൗരവ് ശ്രീവാസ്തവ പറഞ്ഞു.
പ്രാഥമിക അന്വേഷണമല്ലാതെ പശുക്കടത്തുകാരന്റെ സഹോദരന്‍ പേരു നല്‍കിയവര്‍ക്കെതിരെ  രാജസ്ഥാന്‍ പോലീസ് കേസെടുത്തിരിക്കയാണെന്ന് വ.ിഎച്ച്.പി ജോയിന്റെ ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ കുറ്റപ്പെടുത്തി.
സംഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെങ്കിലും രാഷ്ട്രീയ മുന്‍വിധികളാല്‍ നയിക്കപ്പെടുന്ന രാജസ്ഥാന്‍ ഭരണകൂടത്തില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതുകൊണ്ടാണ് വിഷയം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസാണ്  രാജസ്ഥാന്‍ ഭരിക്കുന്നത്.  ന്യായമായ അന്വേഷണത്തിലൂടെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ആരെയും കസ്റ്റഡിയിലെടുക്കരുതെന്നും വി.എച്ച്.പി നേതാവ് ആവശ്യപ്പെട്ടു.
ഇത്തരം കേസുകളില്‍ രാജസ്ഥാന്‍ സര്‍ക്കാരിനെ എല്ലായ്‌പ്പോഴും വോട്ട് ബാങ്ക് രാഷ്ട്രീയം സ്വാധീനിച്ചിട്ടുണ്ട്. നേരത്തെയും പല കേസുകളിലും ഇത് തെളിയിക്കപ്പെട്ടതാണ്.. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ബജ്‌റംഗ്ദളിന്റെ പേര് വിഷയത്തിലേക്ക് അനാവശ്യമായി വലിച്ചിഴക്കുകയാണ്. വാഹനത്തിന് തീ പിടിച്ച് അബദ്ധത്തില്‍ സംഭവിച്ചതാണോ ആരെങ്കിലും തീയടിട്ടതാണോ തുടങ്ങിയ കാര്യങ്ങള്‍ ഇതുവരെ അന്വേഷിച്ചിട്ടില്ല. അനാവശ്യമായി ബജ്‌റംഗ്ദളിന്റെ പേര് വലിച്ചിഴച്ച രാജസ്ഥാന്‍ സര്‍ക്കാര്‍ മാപ്പ് പറയണമെന്നും വിഎച്ച്പി നേതാവ് ആവശ്യപ്പെട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News